Connect with us

Editorial

വാക്‌സീനേഷൻ: കേരളം വീഴ്ച വരുത്തിയോ?

Published

|

Last Updated

ആർക്കാണ് പിഴവ് സംഭവിച്ചത്? കേരളത്തിനോ കേന്ദ്രത്തിനോ? കൊവിഡ് വാക്സീനേഷനിൽ കേരളം ദേശീയ ശരാശരിക്ക് പിന്നിലാണെന്നു കേന്ദ്രം കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് വാക്സീനേഷൻ ശരാശരിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് 23ാം സ്ഥാനത്താണെന്നു കാണിക്കുന്ന കണക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവതരിപ്പിച്ചത്. ആദ്യ ഡോസ് വാക്‌സീനേഷന്റെ കാര്യത്തിൽ ദേശീയ ശരാശരി 91 ശതമാനമാണെങ്കിൽ കേരളത്തിൽ ഇത് 74 ശതമാനവും രണ്ടാം ഡോസ് വാക്സീനേഷനിൽ ദേശീയ ശരാശരി 83 ശതമാനമെങ്കിൽ കേരളത്തിൽ ഇത് വെറും 60 ശതമാനവുമാണ് കേന്ദ്രത്തിന്റെ കണക്കിൽ. യുവാക്കളുടെ വാക്‌സീനേഷനിലും കേരളം വളരെ പിന്നിലാണ്. 18നും 45നും മധ്യേ പ്രായമുള്ളവരിലെ വാക്‌സീനേഷന്റെ കാര്യത്തിൽ ദേശീയ ശരാശരി 21 ശതമാനമാണെങ്കിൽ കേരളത്തിൽ 16 ശതമാനം മാത്രമാണ്. കേരളം ലഭ്യമായ വാക്‌സീൻ പോലും ഉപയോഗിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി.

കേന്ദ്രം നൽകിയ 10 ലക്ഷം ഡോസ് കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരള എം പിമാരായ ടി എൻ പ്രതാപനും ഹൈബി ഈഡനുമായുള്ള കൂടിക്കാഴ്ചയിൽ ആരോപിക്കുകയും ചെയ്തു. കേരളത്തിലെ വാക്‌സീൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം പിമാർ മന്ത്രിയെ സമീപിച്ചപ്പോഴായിരുന്നു ഈ പരാമർശം.
അതേസമയം കേന്ദ്രത്തിന്റെ വിമർശം ശുദ്ധ അസംബന്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. രാജ്യത്ത് ജനസംഖ്യാടിസ്ഥാനത്തിൽ ഒന്നാം ഡോസ് 25.52 ശതമാനത്തിനും രണ്ടാം ഡോസ് 6.83 ശതമാനത്തിനുമാണ് നൽകിയത്. കേരളത്തിൽ യഥാക്രമം ഇത് 35.51 ശതമാനവും 14.91 ശതമാനവുമാണ്. കേന്ദ്രത്തിൽ നിന്നു കൃത്യമായി വാക്‌സീൻ ലഭിച്ചാൽ മൂന്ന് മാസത്തിനകം കേരളം സാമൂഹിക പ്രതിരോധം കൈവരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിൽ നിന്നു കൃത്യമായി വാക്‌സീൻ ലഭിക്കാത്തതാണ് പ്രശ്‌നം. കേരളത്തിൽ വാക്‌സീൻ കൃത്യമായും കാര്യക്ഷമമായും ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജും വ്യക്തമാക്കി. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. ഒരു തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളുമധികം ഡോസ് വാക്‌സീനെടുക്കുന്ന സംസ്ഥാനമാണ് കേരളം. ജൂലൈ 16 മുതൽ 22 വരെയുള്ള ഒരാഴ്ചക്കകം 13,47,811 പേർക്ക് വാക്‌സീൻ നൽകിയിട്ടുണ്ട്. ഈ ആഴ്ചയിലാണ് ഏറ്റവും അധികം പേർക്ക് വാക്‌സീൻ നൽകിയത്. അവശേഷിക്കുന്ന നാലര ലക്ഷം ഡോസ് രണ്ട് ദിവസത്തിനകം കൊടുത്തു തീർക്കുകയും ചെയ്യും.

നേരത്തേ കേന്ദ്ര ആരോഗ്യവകുപ്പും പ്രധാനമന്ത്രിയും വാക്‌സീൻ ഉപയോഗത്തിൽ കേരളത്തെ മുക്തകണ്ഠം പ്രശംസിച്ച കാര്യവും ഇതോടു ചേർത്തു വായിക്കേണ്ടതുണ്ട്. ഏപ്രിൽ 13ന് ഡൽഹിയിൽ പത്രസമ്മേളനത്തിലാണ് കൊവിഡ് വാക്‌സീൻ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനമെന്നു കേരളത്തെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പ്രശംസിച്ചത്. മറ്റു പല സംസ്ഥാനങ്ങളും വാക്‌സീൻ എട്ട്- ഒമ്പത് ശതമാനം വരെ പാഴാക്കുമ്പോൾ കേരളം ഒട്ടും പാഴാക്കാതെ ഉപയോഗിക്കുന്നുവെന്നും രാജേഷ് ഭൂഷൺ പറഞ്ഞു. കേരളത്തിന്റെ കാര്യക്ഷമമായ വാക്‌സീൻ ഉപയോഗത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത് മെയ് അഞ്ചിനാണ്. മുഖ്യമന്ത്രി പിണറായിയുടെ ഒരു ട്വീറ്റിനുള്ള മറുപടിയായാണ് ഒരു തുള്ളി പോലും പാഴാക്കാതെയും വളരെ സൂക്ഷ്മതയോടെയും വാക്‌സീൻ ഉപയോഗിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരെയും നഴ്‌സുമാരെയും നരേന്ദ്ര മോദി അഭിനന്ദിച്ചത്.

വാക്‌സീനേഷനു മുന്നൊരുക്കമായി ആരോഗ്യ വിദഗ്ധർക്ക് നൽകിയ പരിശീലനം കേരളം ശരിയായി വിനിയോഗിച്ചതിന്റെ ഫലമായാണ് കാര്യക്ഷമമായി വാക്‌സീൻ കൈകാര്യം ചെയ്യാൻ കേര ളത്തിനു സാധിച്ചത്. അഞ്ച് മില്ലി ലിറ്ററിന്റെ ഒരു വാക്‌സീൻ ബോട്ടിലിൽ അടക്കം ചെയ്തത് പത്ത് പേർക്കുള്ള വാക്‌സീനാണ്. എന്നാൽ, പരിചയസമ്പത്തുള്ള ഒരു നഴ്‌സിന് ഇതിൽ കൂടുതൽ എടുക്കാനാകും. പൊട്ടിച്ച വാക്‌സീൻ നാല് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. പല സംസ്ഥാനങ്ങളിലും വിശിഷ്യാ ഗ്രാമപ്രദേശങ്ങളിൽ വാക്‌സീനേഷൻ സെന്ററിൽ പത്ത് പേർ എത്താതെ ആരംഭിക്കാറുണ്ട്. ഇത് വാക്‌സീൻ പാഴാകാൻ ഇടവരുത്തുന്നു. ആസൂത്രണമില്ലാത്ത ഇത്തരം ഉപയോഗരീതിയും വാക്‌സീൻ സൂക്ഷിക്കുന്നതിൽ കാണിക്കുന്ന അനാസ്ഥയും കാരണം തമിഴ്നാട്, തെലങ്കാന, ഹരിയാന, പഞ്ചാബ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾ വലിയ തോതിൽ വാക്‌സീൻ പാഴാക്കുകയുണ്ടായി. തമിഴ്നാട്ടിൽ 12.10 ശതമാനമാണ് അശ്രദ്ധയിൽ നഷ്ടമായത്. തെലങ്കാനയിൽ 7.55 ശതമാനവും ഹരിയാനയിൽ 7.74 ശതമാനവും പഞ്ചാബിൽ 8.2 ശതമാനവും മണിപ്പൂരിൽ 7.8 ശതമാനവും ഡോസുകൾ നഷ്ടമായി.

എന്നാൽ, പത്ത് പേർ എത്തിയ ശേഷമേ വാക്‌സീൻ ബോട്ടിൽ പൊട്ടിക്കുകയുള്ളൂ എന്ന് കേരളം ആദ്യമേ തീരുമാനിച്ചു. വാക്‌സീനേഷന് രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് ഉണ്ടാക്കി അവരെ ഫോൺ ചെയ്തും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയും കുത്തിവെപ്പിന് എത്തുന്നവരുടെ എണ്ണം ഉറപ്പ് വരുത്തുകയും ചെയ്തു. വാക്‌സീൻ ഉപയോഗം സംബന്ധിച്ച കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങളിൽ ഉപയോഗത്തിനിടെ പാഴായിപ്പോകുന്നത് നികത്താൻ പത്ത് ശതമാനത്തോളം അധികം അനുവദിക്കുന്നുണ്ട്. ഇതുപ്രകാരം 100 വാക്‌സീൻ ഡോസ് ആവശ്യമുണ്ടെങ്കിൽ 110 ഡോസിനാണ് ഓർഡർ നൽകേണ്ടത്. വാക്‌സീൻ ഒട്ടും പാഴാക്കാതെ ഉപയോഗപ്പെടുത്തുന്നതു കൊണ്ട് 100 പേർക്ക് ലഭിച്ചത് 110 പേർക്ക് നൽകാൻ കേരളത്തിനായി. ഈ നടപടികളാണ് മികച്ച രീതിയിൽ വാക്‌സീൻ ഉപയോഗിക്കുന്നതിന് സംസ്ഥാനത്തെ സഹായിച്ചത്.

ലഭ്യമാകുന്ന വാക്‌സീൻ കൂടുതൽ ആളുകളിലെത്തിച്ച് മഹാമാരിയെ പരമാവധി പ്രതിരോധിക്കുക എന്ന ചിന്തയിലാണ് സംസ്ഥാന ആരോഗ്യവകുപ്പ് വിതരണം ഇത്രയും കുറ്റമറ്റതും കാര്യക്ഷമവുമാക്കിയത്. എന്നിട്ടും വാക്‌സീൻ വിതരണത്തിൽ കേരളം വീഴ്ച കാണിച്ചുവെന്ന കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തലിൽ പന്തികേടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വിശകലനം ആവശ്യമാണ്.

Latest