Connect with us

Editorial

കേന്ദ്ര ആരോഗ്യ മന്ത്രി കണ്ണടച്ച് ഇരുട്ടാക്കുന്നു

Published

|

Last Updated

ഓക്‌സിജന്‍ ക്ഷാമം രാജ്യത്തെ നിരവധി കൊവിഡ് രോഗികളുടെ ജീവനെടുത്ത കാര്യം കണ്ണടച്ച് നിഷേധിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജന്‍ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ല. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് ചൊവ്വാഴ്ച രാജ്യസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരം പറയവേ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞത്. ഓക്‌സിജന്റെ ആവശ്യകത കൊവിഡ് രണ്ടാം തരംഗത്തില്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഒന്നാം തരംഗ വേളയില്‍ 3,095 മെട്രിക് ടണ്‍ ആയിരുന്നു മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകതയെങ്കില്‍ രണ്ടാം തരംഗത്തിനിടെ അത് 9,000 മെട്രിക് ടണ്ണായി വര്‍ധിച്ചു. എങ്കിലും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൃത്യമായ അളവില്‍ ഓക്സിജന്‍ വിതരണം ചെയ്ത് ക്ഷാമം പരിഹരിച്ചുവെന്നാണ് മന്ത്രിയുടെ അവകാശവാദം.

കണ്ണടച്ച് ഇരുട്ടാക്കുകയും ഇന്ത്യന്‍ ജനതയെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുകയുമാണ് ഈ പ്രസ്താവനയിലൂടെ കേന്ദ്ര മന്ത്രി. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ആവശ്യത്തിനു ഓക്‌സിജന്‍ ലഭിക്കാതെ നൂറുകണക്കിനു രോഗികളാണ് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ശ്വാസംമുട്ടി മരിച്ചത്. ഓക്സിജന്‍ ലഭിക്കായ്ക മൂലം ഡല്‍ഹിയില്‍ ഉള്‍പ്പെടെ രാജ്യത്തെമ്പാടും നിരവധി മരണങ്ങള്‍ സംഭവിച്ചതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രണ്ടാം തരംഗത്തില്‍ നിര്‍ണായക ഘട്ടത്തില്‍ ആവശ്യമായ ഓക്സിജന്‍ ക്വാട്ട സംസ്ഥാനത്തിന് ലഭിച്ചില്ലെന്ന് രാജസ്ഥാന്‍ ആരോഗ്യ മന്ത്രി ഡോ. രഘു ശര്‍മയും പറയുന്നു. ഓക്സിജന്‍ ആവശ്യപ്പെട്ട് രാജസ്ഥാനില്‍ നിന്ന് മൂന്ന് മന്ത്രിമാരെ ഡല്‍ഹിയിലേക്ക് അയച്ചിരുന്ന കാര്യവും ഡോ. രഘു ശര്‍മ ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ സഹമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം “ദി വയര്‍” മെയ് ആദ്യത്തില്‍ പുറത്തുവിട്ട ഒരു പഠന റിപ്പോര്‍ട്ടില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് 178 പേര്‍ മരണപ്പെട്ടതായി വെളിപ്പെടുത്തുന്നു. ബന്ധുക്കള്‍ ഓക്‌സിജന്‍ ക്ഷാമം മൂലമെന്നാരോപിക്കുന്നതും, അതേസമയം വ്യക്തമായി സ്ഥിരീകരിക്കപ്പെടാത്തതുമായ എഴുപതോളം കേസുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അവ കൂടി ഉള്‍പ്പെടുത്തിയാല്‍ മരണസംഖ്യ വീണ്ടും ഉയരുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഘട്ടത്തില്‍ രാജ്യതലസ്ഥാനത്തുള്‍പ്പെടെ ഓക്‌സിജന്‍ കിടക്കകളും മറ്റും ലഭിക്കാതെ രോഗികള്‍ വഴിയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
ഓക്‌സിജന്‍ ക്ഷാമം ഉന്നയിച്ച് പല സംസ്ഥാനങ്ങളും കോടതികള്‍ കയറുകയും കേന്ദ്രത്തിന്റെ വീഴ്ചയെ കോടതികള്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതാണ്.

ഓക്‌സിജന്‍ ഉറപ്പാക്കേണ്ടവരുടെ വീഴ്ചമൂലം ആശുപത്രികളിലുണ്ടാകുന്ന മരണം നരഹത്യക്ക് തുല്യമാണ്. ഹൃദയം മാറ്റിവെക്കലും മസ്തിഷ്‌ക ശസ്ത്രക്രിയയും നടത്തുന്ന നിലയില്‍ ശാസ്ത്രം പുരോഗമിച്ച കാലത്ത് ഇങ്ങനെ ജനങ്ങളെ മരിക്കാന്‍ വിടാനാകില്ലെന്നാണ് അലഹബാദ് ഹൈക്കോടതി ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് പ്രതികരിച്ചത്. മറ്റു പല ഹൈക്കോടതികളും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഓക്്‌സിജന്‍ വിതരണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയും സംസ്ഥാന ഹൈക്കോടതികളും കേന്ദ്രത്തിന് പലതവണ നിര്‍ദേശം നല്‍കിയതുമാണ്.
ആരോഗ്യ മന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പാര്‍ലിമെന്റില്‍ തെറ്റായ പ്രസ്താവന നടത്തിയതിനെതിരെ കോണ്‍ഗ്രസ്സ് രാജ്യസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച ഡല്‍ഹി ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പ്രതികരണം, ഹരിയാന, കര്‍ണാടക, ആന്ധ്ര സര്‍ക്കാറുകള്‍ കേന്ദ്രത്തിനു നല്‍കിയ അപേക്ഷകള്‍ മുതലായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവകാശലംഘന നോട്ടീസ്. രണ്ടാം തരംഗത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും അത് കണക്കിലെടുക്കാതെ ഇതര രാഷ്ട്രങ്ങള്‍ക്ക് ഓക്‌സിജന്‍ വില്‍പ്പന നടത്തിയതാണ് രാജ്യത്ത് ക്ഷാമം രൂക്ഷമാക്കിയത്. ഈ ഗുരുതരമായ വീഴ്ച മറച്ചു പിടിക്കാനുള്ള വൃഥാശ്രമമാണ് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറിന്റെ രാജ്യസഭാ പ്രസ്താവന. ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അഭിപ്രായപ്പെട്ടതു പോലെ, യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് കേന്ദ്ര സര്‍ക്കാര്‍.

അതിനിടെ രാജ്യത്തെ കൊവിഡ് മരണ നിക്കിനെക്കുറിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്മെന്റ് പുറത്തുവിട്ട കണക്കും കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്നു. ഇന്ത്യയില്‍ കൊവിഡ് മരണ നിരക്ക് സര്‍ക്കാര്‍ പുറത്തു വിട്ടതിന്റെ പത്തിരട്ടിയെങ്കിലും വരുമെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ പഠനത്തിലെ കണ്ടെത്തല്‍. മരണ നിരക്ക് 4.18 ലക്ഷമെന്നാണ് രണ്ട് ദിവസം മുമ്പത്തെ സര്‍ക്കാര്‍ കണക്ക്. ഇത് 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയില്‍ വരുമെന്നുമാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപകമായതോടെ രാജ്യത്തിന്റെ ചികിത്സാ സംവിധാനം നിറഞ്ഞുകവിഞ്ഞുവെന്നും മെയ് മാസത്തില്‍ മാത്രം 1,70,000 പേര്‍ മരിച്ചതായി ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നുണ്ടെന്നും പഠനം പറയുന്നു. കൊവിഡ് വ്യാപനത്തിന് മുമ്പത്തെ മരണ നിരക്കുമായി താരതമ്യം ചെയ്താണ് ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, ഗവേഷകരായ അഭിഷേക് ആനന്ദ്, ജസ്റ്റിന്‍ സാന്‍ഡേഫര്‍ എന്നിവര്‍ ചേര്‍ന്ന പഠനസംഘം മരണ നിരക്ക് കണക്കാക്കിയത്. രാജ്യതലസ്ഥാനത്ത് ദഹിപ്പിക്കാന്‍ സ്ഥലമില്ലാതെ മൃതദേഹങ്ങള്‍ അടുക്കിക്കൂട്ടി കത്തിക്കുന്ന ചിത്രങ്ങള്‍, ഗംഗയില്‍ ഒഴുകിയ അജ്ഞാത ശവങ്ങള്‍, യു പിയിലെ പ്രയാഗ്്രാജില്‍ ഗംഗാ തീരത്ത് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ നൂറുകണക്കിനു മൃതദേഹങ്ങള്‍, ഒരോ പൊതു ശ്മശാനങ്ങളുടെയും മുന്നിലെ ആംബുലന്‍സുകളുടെ നീണ്ട നിര തുടങ്ങി രണ്ടാം തരംഗ കാലത്തെ ഭീതിജനകമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൊവിഡ് മരണത്തിന്റെ കണക്കെടുപ്പില്‍ സാരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണെന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.