Connect with us

National

ബാബരി മസ്ജിദ് തകർത്തതിന് പ്രായശ്ചിത്തമായി ഇസ്‍ലാം സ്വീകരിച്ച് 91 പള്ളികൾ പണിത മുഹമ്മദ് ആമിർ മരിച്ച നിലയിൽ

Published

|

Last Updated

മരിച്ച മുഹമ്മദ് ആമിർ. ഇൻസെറ്റിൽ പഴയ ചിത്രം

തെലങ്കാന | ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും ഇതിന്റെ പ്രായശ്ചിത്തമായി പിന്നീട് ഇസ് ലാം സ്വീകരിക്കുകയും ചെയ്ത മുഹമ്മദ് ആമിര്‍ എന്ന ബല്‍ബിര്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ഹാഫിസ് ബാബാ നഗറിലുള്ള വാടകവീട്ടിലാണ് ആമിറിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക ഉര്‍ദു പത്രമായ ദി സിയാസത്ത് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹയുള്ളതായി സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, മരണത്തില്‍ ദുരൂഹയുള്ളതയായി കുടുംബാംഗങ്ങളില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം കേസ് റജിസ്റ്റര്‍ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കഞ്ചന്‍ബാഗ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജെ. വെന്‍കട്ട് റെഡ്ഡി പറഞ്ഞു.

കര്‍സേവക് പ്രവര്‍ത്തകനും സംഘപരിവാര്‍ നേതാവുമായിരുന്ന ബൽബീർ സിംഗ് ബാബരി മസ്ജിദ് തകര്‍ത്ത സംഘത്തിലെ പ്രധാനിയായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തശേഷം കടുത്ത മനപ്രയാസത്തിലായ അദ്ദേഹം കുറ്റബോധത്തെ തുടര്‍ന്നാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. പിന്നീട് മുഹമ്മദ് ആമിർ എന്ന് പേര് സ്വീകരിക്കുകയായിരുന്നു.

ഒരു മസ്ജിദ് തകര്‍ത്തതിന് പകരം നൂറ് പള്ളികള്‍ പണിയുമെന്ന ദൃഢപ്രതിജ്ഞയോടെയാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്. ഇതിനകം 91 പള്ളികള്‍ ആമിറിന്റെ നേതൃത്വത്തില്‍ പണിതു കഴിഞ്ഞു. മുഹമ്മദ് ആമിര്‍ വാടകയ്ക്ക് താമസിച്ചിരുന്നത് കഞ്ചന്‍ബാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹാഫിസ് ബാബ നഗര്‍ സി ബ്ലോക്കിലാണ്. അവിടെയാണ് അദ്ദേഹം അന്‍പത്തി ഒന്‍പതാമത്തെ മസ്ജിദ് പണിതിരിക്കുന്നത്. മസ്ജിദെ റഹിമിയ എന്നാണ് പള്ളിക്ക് പേരിട്ടിരിക്കുന്നത്. 2019 ഡിസംബര്‍ 6 നാണ് മുഹമ്മദ് ആമിര്‍ ഈ പള്ളിക്ക് തറക്കല്ലിട്ടത്. മസ്ജിദിന്റെ പണി പൂര്‍ത്തിയായിട്ടില്ല. തല്‍ക്കാലം നിസ്‌കരിക്കാന്‍ ആ പ്രദേശത്തുകാര്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുകയാണ്.

ബാബറി മസ്ജിദ് തകര്‍ത്തശേഷം വീട്ടില്‍ തിരിച്ചെത്തിയ ആമിറിനെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇയാളുടെ കളിയും ചേഷ്ടകളും ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് അതിനുശേഷം അസുഖം ബാധിക്കുകയും മാനോനിലതെറ്റുകയും ചെയ്തു. പിന്നീട് വീട്ടുകാര്‍ ഒരു മതപണ്ഡിതന്റെ അടുത്ത് ചികിത്സയ്ക്ക് കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലുള്ള മൗലനാ കലീം സിദ്ധീഖിയെ ആമിര്‍ സന്ദര്‍ശിച്ചു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ കാരണമാണ് ഇത്തരത്തില്‍ മാനസിക അസ്വാസ്ഥ്യം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കലീം സിദ്ദീഖി ആമിറിന് ഇസ്‌ലാമിന്റെ മൂല്യവും ഖുര്‍ആനിലെ ആയത്തുകളും വ്യക്തമാക്കി പറഞ്ഞുകൊടുത്തു. ഇതോടെ താന്‍ ഇത്രനാളും ഇസ്ലാമിനെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ഇസ്ലാം സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു. 1993 ജൂണ്‍ ഒന്നിന് കലീം സിദ്ധീഖിയുടെ സാന്നിധ്യത്തിലാണ് ബല്‍ബീര്‍ ഇസ് ലാം സ്വീകരിച്ച് ആമിര്‍ എന്ന് പേര് മാറ്റിയത്.