Connect with us

Gulf

ഭക്തിയുടെ നിറവിൽ നാളെ അറഫാ സംഗമം

Published

|

Last Updated

മക്ക | ഭക്തിയുടെ നിറവിൽ നാളെ പുണ്യ ഭൂമി അറഫ സംഗമത്തിന് സാക്ഷിയാകും. രാത്രി മുഴുവൻ പ്രാർഥനയിൽ മുഴുകി മിനായിൽ രാപ്പാർത്ത ഹാജിമാർ തിങ്കളാഴ്ച  അറഫ മൈതാനിയില്‍ സമ്മേളിക്കും. വര്‍ഗ- വര്‍ണ- ദേശ- ഭാഷാ വ്യത്യാസങ്ങളില്ലാതെ ലോക മുസ്ലിംകള്‍ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങ് കൂടിയാണ് പ്രസിദ്ധമായ അറഫാ സംഗമം.

അണമുറിയാതെ  ഒഴുകിയെത്തുന്ന തീർഥാടക പ്രവാഹം ഇത്തവണയില്ല. ആഗോള തലത്തിൽ പടർന്ന് പിടിച്ച കൊവിഡ്  മഹാമാരിയെ തുടർന്ന് സഊദിയിൽ കഴിയുന്ന  സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകര്‍ മാത്രമാണ് ഈ വർഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്. ആത്മനിർവൃതിയിൽ ഹാജിമാർ സംഗമിക്കുന്നതോടെ അറഫ ശുഭ സാന്ദ്രമാകും. മശാഇർ ട്രെയിനിലൂടെയുള്ള യാത്രാ സൗകര്യം ഈ വർഷവും ഉണ്ടായിരിക്കില്ല. ശാരീരിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഹാജിമാരുടെ യാത്ര ഈ വർഷം അറഫയിലേക്ക് ബസുകളിൽ മാത്രമായിരിക്കും. ളുഹ്‌റ് നമസ്‍കാരത്തിന്  മുന്‍പായി ഹാജിമാര്‍ അറഫ മൈതാനിയിലെത്തിച്ചേരും.

അറഫയിലെ മസ്ജിദ് നമിറയില്‍ നടക്കുന്ന  ഖുതുബക്കും നിസ്കാരത്തിനും  സഊദി ഉന്നത പണ്ഡിത സഭാംഗവും റോയൽ കോർട്ട് ഉപദേശകരിൽ പ്രധാനിയുമായ ശൈഖ് അബ്ദുല്ല അൽ മനീഅ നേതൃത്വം നൽകും. 1.24 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പള്ളിയില്‍ മൂന്നര ലക്ഷം ഹാജിമാര്‍ക്ക് ഒരേ സമയം നിസ്‌കരിക്കാനുള്ള സൗകര്യമാണ് മസ്ജിദുന്നമിറയിലുള്ളത്. 340 മീറ്റര്‍ നീളവും 240 മീറ്റര്‍ വീതിയുമുള്ള നമിറ പള്ളിയുടെ മുന്‍ഭാഗം മുസ്ദലിഫയിലും പിറകുഭാഗം അറഫയിലുമാണ് സ്ഥിതി ചെയ്യുന്നത്.  അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) തങ്ങൾ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് കൊണ്ടാണ്  എല്ലാ വർഷവും മസ്ജിദുന്നമിറയിൽ ഖുതുബ നിര്‍വഹിക്കുന്നത്.

മക്കയുടെ കിഴക്കുഭാഗത്ത് 20 കിലോമീറ്റര്‍ അകലെയാണ് പര്‍വതങ്ങളാല്‍ ചുറ്റപെട്ട വിശാലമായ താഴ്‌വര അറഫ താഴ്വര. ജംറകളുടെ നാടായ മിനായിൽ നിന്നും 16 കിലോമീറ്റർ അകലെയായാണ് അറഫ സ്ഥിതി ചെയ്യുന്നത്.

സിറാജ് പ്രതിനിധി, ദമാം

Latest