Connect with us

Kerala

കുറ്റ്യാടിയിലെ അച്ചടക്ക ലംഘനം; സി പി എം ലോക്കല്‍ കമ്മിറ്റി പിരിച്ചു വിട്ടു

Published

|

Last Updated

കോഴിക്കോട് | നിയമ സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാടിയില്‍ ഉണ്ടായ പാര്‍ട്ടി അച്ചടക്ക ലംഘനത്തിനെതിരെ കര്‍ശന നടപടിയുമായി സി പി എം. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയത്. ഈ പ്രതിഷേധ പ്രകടനത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്‍മാസ്റ്റര്‍ക്കെതിരെയും മുദ്രാവാക്യം വിളി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടി നടപടി കൈക്കൊള്ളുന്നത്.

കുറ്റ്യാടി എം എല്‍ എ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്കെതിരെ ജില്ലാ കമ്മിറ്റി നേരത്തെ നടപടിയെടുത്തിരുന്നു. പ്രക്ഷോഭവുമായി രംഗത്തിറങ്ങിയവരെ പിന്തിരിപ്പിക്കുന്നതിന് പകരം പിന്തുണയ്ക്കുന്ന തരത്തില്‍ വിഭാഗീയതയാണ് അരങ്ങേറിയതെന്നും സി.പി.എം വിലയിരുത്തുന്നു.
കുറ്റ്യാടി ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ പി ചന്ദ്രി, മോഹന്‍ദാസ് എന്നിവരെ തരംതാഴ്ത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

കുറ്റ്യാടിയില്‍ കൂടുതല്‍ നടപടികളെടുക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഏരിയാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. വളയം, കുറ്റ്യാടി എന്നിങ്ങനെ മണ്ഡലത്തില്‍ രണ്ട് ലോക്കല്‍ കമ്മിറ്റികളാണ് ഉള്ളത്. പാര്‍ട്ടി അച്ചടക്കത്തിനു വിരുദ്ധമായ ഒരു പ്രവര്‍ത്തനവും അംഗീകരിക്കില്ലെന്നാണ് പാര്‍ട്ടി നടപടിയിലൂടെ പ്രഖ്യാപിക്കുന്നത്.

കുറ്റ്യാടിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുര്‍ന്ന് കേരളാ കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം സി പി എമ്മിനു വിട്ടുകൊടുക്കാന്‍ തയ്യാറായി. ഇവിടെ മത്സരിച്ച സി പി എം സ്ഥാനാഥി കെ പി കുഞ്ഞമ്മകുട്ടി മാസ്റ്റര്‍ വിജയിക്കുകയും ചെയ്തു. മുസ്്ലിം ലീഗിന്റെ പാറക്കല്‍ അബ്ദുല്ലയില്‍ നിന്നു സീറ്റ് പിടിച്ചെടുത്തെങ്കിലും തിരഞ്ഞെടുപ്പിനു മുമ്പുണ്ടായ പ്രകടനങ്ങള്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ ഗുരുതരമായ ലംഘനമായി വിലയിരുത്തപ്പെട്ടിരുന്നു.

കുറ്റ്യാടി കൂടാതെ പൊന്നാനിയിലും പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിക്കെതിരെ വന്‍ പ്രതിഷേധ പ്രകടനം നടന്നു. സി ഐ ടി യു നേതാവ് പി നന്ദകുമാറിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്നും ടി എം സിദ്ധിഖിനെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. നേതാക്കളെ പാര്‍ട്ടി തിരുത്തും പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനറും ഇവര്‍ ഉയര്‍ത്തിയിരുന്നു.

ബൂര്‍ഷ്വാ പാര്‍ട്ടികളുടെ പാര്‍ലിമെന്ററി വ്യാമോഹവും അതിന്റേതായ ഇത്തരം പ്രകടനങ്ങളും തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രഖ്യാപനമാണ് നടപടികളിലൂടെ സി പി എം നടത്തുന്നത്. പാര്‍ട്ടി അണികളെ നിയന്ത്രിക്കാന്‍ ഓരോ പ്രദേശത്തും പാര്‍ട്ടി നേതാക്കള്‍ക്കു ബാധ്യതയുണ്ട്. അതില്‍ നേതാക്കള്‍ പരാജയപ്പെടുമ്പോഴാണ് അണികള്‍ തെരുവിലിറങ്ങുന്നത് എന്നു പാര്‍ട്ടി കാണുന്നു.

Latest