Connect with us

Kerala

മുഖ്യമന്ത്രിയുടേത് തെരുവ് ഭാഷയെന്ന് കെ സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം |  വ്യാപാരികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റേത് തെരുവ് ഭാഷയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരെയാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

പോലീസ് കടയടപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വ്യാപാരികള്‍ക്കൊപ്പം നില്‍ക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മയപ്പെടുത്തുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. കച്ചവടക്കാരോട് യുദ്ധമല്ല, ചര്‍ച്ചയാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് ധാര്‍ഷ്ട്യം കാണിക്കാതെ ഒരു മയത്തില്‍ മുഖ്യമന്ത്രിക്ക് പെരുമാറിക്കൂടെയെന്ന് സുധാകരന്‍ ചോദിച്ചു. വ്യാപാരികളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കേള്‍ക്കുകയും പരിഹാരം നല്‍കുകയും വേണം. ഈ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിനോടല്ലാതെ പിന്നാരോടാണ് അവര്‍ പറയുക. കച്ചവട സ്ഥാപനങ്ങള്‍ നിലനില്‍പ്പിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് പോലീസ് അനുവദിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള ക്രിയാത്മകമായ ചര്‍ച്ചയാണ് വേണ്ടത്. അതാണ് ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടം ചെയ്യേണ്ടതെന്ന് ഓര്‍മപ്പെടുത്തുന്നു.

മരംകട്ട് മുറിച്ച് കൊള്ള നടത്തിയവരോടല്ല, സ്വര്‍ണകള്ളക്കടത്ത് നടത്തിയവരോടല്ല, സ്വര്‍ണം പിടച്ച് പറിച്ചതിന്റെ ഒരു വിഹിതം പാര്‍ട്ടിക്കാണെന്ന് പറഞ്ഞ കൊള്ളക്കാരോടല്ല മുഖ്യമന്ത്രി മനസ്സിലാക്കി കളിച്ചാല്‍ മതിയെന്ന് പറഞ്ഞത്. ഈ നാട്ടിലെ ജനങ്ങളുടെ സ്പന്ദിക്കുന്ന വികാരത്തിന്റെ ഭാഗമായി മാറിയ കച്ചവട സമൂഹത്തോടാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ നടത്തുന്ന സമരത്തില്‍ രാഷ്ട്രീയം കാണുന്നില്ല. അതിലേക്ക് നയിച്ച സാഹചര്യത്തില്‍ നിന്നും സര്‍ക്കാറിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest