Connect with us

Editorial

അഫ്ഗാനിസ്ഥാനില്‍ സ്ഥിതി അതീവ സങ്കീര്‍ണം

Published

|

Last Updated

അഫ്ഗാനിസ്ഥാനടക്കം അമേരിക്കന്‍ അധിനിവേശം നടന്ന രാഷ്ട്രങ്ങളെയെല്ലാം പാശ്ചാത്യ വിശകലന വിദഗ്ധര്‍ വിളിക്കാറുള്ളത് പരാജിത രാഷ്ട്രങ്ങളെന്നാണ്. നിയമവാഴ്ച തകരുകയും ലോക സുരക്ഷക്ക് ഭീഷണിയാകുകയും ചെയ്യുന്ന തരത്തില്‍ അരാജകമായതുകൊണ്ടാണ് തങ്ങള്‍ ഇടപെട്ടതെന്നാണ് അധിനിവേശത്തിന് അമേരിക്ക മുന്നോട്ട് വെക്കാറുള്ള ന്യായം. എത്രമാത്രം പരിഹാസ്യമാണ് ഈ വാദമെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍. അഫ്ഗാന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിലേക്ക് കടന്നു കയറാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് അമേരിക്ക പറഞ്ഞ കാരണം അവിടുത്തെ ഭരണ സംവിധാനം താലിബാന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞുവെന്നതായിരുന്നു.

അല്‍ഖാഇദയടക്കമുള്ള ഗ്രൂപ്പുകള്‍ അവിടെ സജീവമാണെന്ന കാരണവും ഉയര്‍ത്തിക്കാട്ടി. ഈ സെപ്തംബര്‍ 11ഓടെ അമേരിക്ക അഫ്ഗാനില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇക്കാലമത്രയും നടത്തിയ മനുഷ്യക്കുരുതിയും രാഷ്ട്രീയ ഇടപെടലും എന്ത് നേടിയെന്ന ചോദ്യമാണ് ചോദിക്കേണ്ടത്. അഫ്ഗാന്‍ സുരക്ഷിത രാഷ്ട്രമായോ? അവിടെയുണ്ടെന്ന് കണ്ടെത്തിയ ഏതെങ്കിലും ഭീകര സംഘടനയെ പിഴുതെറിഞ്ഞോ? ഫലവത്തായ സര്‍ക്കാര്‍ സംവിധാനം കൊണ്ടുവരാന്‍ സാധിച്ചോ? അഫ്ഗാന്‍ ജനതയുടെ ജീവിതത്തില്‍ എന്തെങ്കിലും ഗുണപരമായ മാറ്റമുണ്ടായോ? ഇല്ലെന്ന് മാത്രമാണ് ഉത്തരം. ആരെ പിഴുതെറിയാനാണോ അമേരിക്ക ആളും ആയുധവും ഇറക്കിയത്, അതേ താലിബാന്‍ തന്നെയാണ് അഫ്ഗാന്റെ ഭരണം പിടിച്ചടക്കാന്‍ പോകുന്നത്. അത് അറിഞ്ഞു കൊണ്ടുതന്നെയാണ് യു എസ് അവരുമായി ചര്‍ച്ചക്ക് പോയത്.
2,500 യു എസ് സൈനികരെയും 8,000ത്തോളം വരുന്ന നാറ്റോ സൈനികരെയും പിന്‍വലിക്കുന്നുവെന്ന ലളിത യുക്തി കൊണ്ട് വിലയിരുത്താവുന്ന കാര്യമല്ല ഇത്. “അഫ്ഗാന് മേല്‍ ഇനി ഒരു ഉത്തരവാദിത്വവുമില്ല, അവിടെ നടക്കുന്നതും നടക്കാനിടയുള്ളളതുമായ ജനാധിപത്യ ധ്വംസനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും തടയിടാന്‍ യു എസ് ഇനി ഒന്നും ചെയ്യില്ല. അഫ്ഗാന് ആവശ്യമായ ഭരണ സംവിധാനം അവിടുത്തെ ജനത തന്നെ കണ്ടെത്തണ”മെന്നാണ് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. 2014ല്‍ ബരാക് ഒബാമ പ്രഖ്യാപിച്ച പിന്‍മാറ്റ പദ്ധതിയേക്കാള്‍ മോശമായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ നയം.

ട്രംപിനേക്കാള്‍ കഷ്ടമാണ് ബൈഡന്റേത്.
അഫ്ഗാന്റെ പ്രധാന അയല്‍ക്കാരായ ഇന്ത്യയും ചൈനയും അവിടെ നടക്കുന്ന പ്രശ്‌നങ്ങളോട് നടത്തിയ പ്രതികരണം വരാനിരിക്കുന്ന പ്രതിസന്ധിയിലേക്കുള്ള സൂചനയാണ്. മുഴുവന്‍ നയതന്ത്ര പ്രതിനിധികളെയും ചൈന പിന്‍വലിച്ചിരിക്കുകയാണ്. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്ന യു എസ് നയം അപകടകരമാണെന്ന വിമര്‍ശവും ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നോട്ട് വെക്കുന്നു. ഇന്ത്യക്ക് ഏറെ നിര്‍ണായകമായ ബന്ധമാണ് അഫ്ഗാനുമായുള്ളത്. പാക്കിസ്ഥാനുമായി ശത്രുതാപരമായ ബന്ധത്തിലേക്ക് നീങ്ങുമ്പോഴെല്ലാം അഫ്ഗാനുമായി ഇന്ത്യ ഗാഢമായ ബന്ധം തുടര്‍ന്നു. തുറമുഖങ്ങള്‍ അടക്കം കൂറ്റന്‍ നിര്‍മാണ സംരംഭങ്ങളില്‍ ഇന്ത്യ അവിടെ ഏര്‍പ്പെട്ടിരിക്കുന്നു. കൊവിഡ് വാക്‌സീന്‍ കയറ്റിയയക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യ പരിഗണന അഫ്ഗാനാണ് നല്‍കിയത്. എന്നാല്‍ ഇന്ത്യയും തത്കാലം നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുകയാണ്. കാണ്ഡഹാറിന് ചുറ്റും രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തി. 85 ശതമാനം പ്രദേശങ്ങളും താലിബാന്റെ കൈവശമായെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനോടടക്കമുള്ള അതിര്‍ത്തി ക്രോസിംഗുകളെല്ലാം താലിബാന്‍ കീഴടക്കി. പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ സൈന്യം പിന്‍വാങ്ങുകയാണ്. സര്‍വ മേഖലയിലും രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നു.

ഏഷ്യയിലെ ഇരിപ്പിടമായി അഫ്ഗാനെ മാറ്റിക്കളയാമെന്ന വ്യാമോഹം ഉപേക്ഷിച്ചാണ് അമേരിക്ക പിന്‍വാങ്ങുന്നത്. ശീതസമര കാലത്ത് അഫ്ഗാനില്‍ സോവിയറ്റ് യൂനിയന്‍ നേടിയെടുത്ത സ്വാധീനം തകര്‍ക്കാന്‍ താലിബാനടക്കമുള്ള തദ്ദേശീയ ഗ്രൂപ്പുകള്‍ക്ക് ആയുധവും സമ്പത്തും നല്‍കിയ അമേരിക്ക ഒരു ഘട്ടത്തില്‍ തങ്ങള്‍ വളര്‍ത്തിയവര്‍ക്ക് നേരേ തന്നെ തിരിഞ്ഞു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയുടെ ജാള്യം തീര്‍ക്കാന്‍ അഫ്ഗാനിലേക്ക് എടുത്തുചാടുകയായിരുന്നു അമേരിക്ക. വിജയിക്കുമെന്നുറപ്പുള്ള സൈനിക ദൗത്യമായിരുന്നു അവര്‍ക്കത്.

പശ്തൂണ്‍ ജനവിഭാഗത്തിലാണ് താലിബാന് നല്ല സ്വാധീനം ഉണ്ടായിരുന്നത്. അധിനിവേശവും ആക്രമണവും ഈ സ്വാധീനവും അനുഭാവവും വര്‍ധിപ്പിച്ചിട്ടേയുള്ളൂ. അവര്‍ അല്‍ഖാഇദയുമായുള്ള ബന്ധം തുടരുന്നു. അഫ്ഗാന്റെ സുരക്ഷാ സംവിധാനം തകര്‍ത്തെറിയാന്‍ അവര്‍ക്ക് സാധിക്കുന്നു. ജയിക്കുമെന്നുറപ്പുള്ള യുദ്ധം നഷ്ടങ്ങളുടെ വൃഥാ വ്യായാമമായി മാറുന്നുവെന്ന സത്യം ആദ്യം തിരിച്ചറിഞ്ഞത് അമേരിക്കന്‍ ജനതയാണ്. അഫ്ഗാന്‍ ദൗത്യത്തിന്റെ പേരില്‍ അമേരിക്കന്‍ ഭരണകൂടം ആഭ്യന്തരമായി വിചാരണ ചെയ്യപ്പെട്ടു. രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ അഫ്ഗാനിലെ ആക്രമണ മുന്നണിയില്‍ പണം ഇടിച്ചുതള്ളുന്നതിന്റെ വൈരുധ്യം വലിയ ചര്‍ച്ചയായി. അഫ്ഗാനില്‍ ജനാധിപത്യം പാലിക്കപ്പെടുമെന്നും അവിടുത്തെ ജീവിത നിലവാരം ഉയരുമെന്നും അതുവഴി തീവ്രവാദികളെ ഒറ്റപ്പെടുത്തുന്ന നിലയിലേക്ക് അവിടുത്തെ ജനത വളരുമെന്നുമുള്ള സങ്കല്‍പ്പങ്ങള്‍ അമ്പേ പരാജയപ്പെട്ടു. ലോകത്തെ ഏറ്റവും കൂടുതല്‍ ശിശു മരണ നിരക്കുള്ള രാജ്യമായി അഫ്ഗാന്‍ തുടരുകയാണ്. താലിബാന്‍ ഭരണകാലത്തേക്കാള്‍ പരിതാപകരമാണ് കാര്യങ്ങള്‍. അഴിമതിയില്‍ ഏറ്റവും മുന്നിലാണ് രാജ്യമെന്ന് യു എന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസം മെച്ചപ്പെടുത്തുമെന്നും പുതിയ തലമുറ പാശ്ചാത്യ ഇടപെടലിന്റെ ഗുണം തിരിച്ചറിയുമെന്നും പ്രഖ്യാപിച്ചാണ് ലോകത്താകെയുള്ള അക്കാദമിസ്റ്റുകളുടെ പിന്തുണ അമേരിക്ക നേടിയെടുത്തത്. എന്നാല്‍ ആ വിദ്യാഭ്യാസ പദ്ധതി തകര്‍ന്നിരിക്കുന്നു. താലിബാന്‍ നടത്തുന്ന സമാന്തര സ്‌കൂളുകളിലാണ് കുട്ടികളുള്ളത്.

ചൈനയോ മറ്റേതെങ്കിലും വൈദേശിക ശക്തിയോ നിയന്ത്രിക്കാത്ത സുസ്ഥിര ഭരണ സംവിധാനത്തിന് മാത്രമേ അഫ്ഗാന്‍ ജനതയെ കൊടും ദുരിതത്തില്‍ നിന്ന് രക്ഷിക്കാനാകുകയുള്ളൂ. താലിബാന്‍ ഭരണം ഒരു യാഥാര്‍ഥ്യമാകുമെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. ഈ സാഹചര്യത്തില്‍ ആയുധത്തിന്റെ ഭാഷ വെടിഞ്ഞ് സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും വഴിയിലേക്ക് അവരെ കൊണ്ടുവരാന്‍ സമ്മര്‍ദം ചെലുത്തുകയാണ് അന്താരാഷ്ട്ര കൂട്ടായ്മകളും അയല്‍ രാജ്യങ്ങളും ചെയ്യേണ്ടത്.

Latest