Editorial
സാമൂഹിക അസമത്വത്തിന് കാരണം ജനസംഖ്യാ വര്‍ധനവോ?

ജനസംഖ്യാ വര്‍ധനവാണ് സാമൂഹിക അസമത്വം സൃഷ്ടിക്കുന്നതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുധനാഴ്ച ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ചായിരുന്നു യോഗിയുടെ ഈ അഭിപ്രായപ്രകടനം. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുകയാണ് സാമൂഹിക വികസനത്തിന്റെ ആദ്യ ഘട്ടമായി വേണ്ടതെന്നും ജനസംഖ്യാ വര്‍ധന സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് വ്യക്തിപരമായും സാമൂഹികമായും ബോധവത്കരണം നടത്തണമെന്നും വാര്‍ത്താ കുറിപ്പില്‍ യോഗി സമൂഹത്തോടാവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി “ജനസംഖ്യാ ബില്‍ 2021″ന്റെ ആദ്യ കരട് പ്രസിദ്ധീകരിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് യോഗി ഇത്തരമൊരു പത്രക്കുറിപ്പ് ഇറക്കിയത്. രണ്ടിലധികം കുട്ടികളുള്ള ദമ്പതിമാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടാകില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ശനിയാഴ്ച സംസ്ഥാന നിയമകമ്മീഷന്‍ പുറത്തിറക്കിയ കരട് ബില്‍.
അതേസമയം, ജനസംഖ്യാ വര്‍ധനവല്ല, ജാതി വ്യവസ്ഥയാണ് ഇന്ത്യയിലെ സാമൂഹിക അസമത്വത്തിനു കാരണമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമാണെന്നതാണ് ഇന്ത്യന്‍ സാമൂഹിക ഘടനയുടെ പ്രത്യേകത. ജാതി എന്ന സങ്കല്‍പ്പം മനുഷ്യര്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതലേ ലോകത്തെ എല്ലാ ജനപഥങ്ങളിലും ഉണ്ടെങ്കിലും ഇന്ത്യയില്‍ ബ്രാഹ്മണ്യം സൃഷ്ടിച്ച ജാതി വ്യവസ്ഥ ഇതില്‍ നിന്ന് വിഭിന്നമാണ്. സാമൂഹികമായ ഉച്ചനീചത്വമാണ് അതിന്റെ മുഖമുദ്ര. വിവിധ സമൂഹങ്ങളെ പിരമിഡ് ആകൃതിയില്‍ തട്ടുകളായി തിരിച്ച് ഏറ്റവും മുകളില്‍ വരുന്ന ബ്രാഹ്മണ വിഭാഗം താഴെ വരുന്ന വിഭാഗങ്ങളെ ചവിട്ടിത്താഴ്ത്തുന്ന വിധത്തിലാണ് ഇത് സൃഷ്ടിച്ചെടുത്തത്. കുടുംബം, സംസ്‌കാരം, മതം, രാഷ്ട്രം, സമ്പത്ത് തുടങ്ങിയ ഹൈന്ദവ വിഭാഗത്തിലെ എല്ലാ സാമൂഹിക സ്ഥാപനങ്ങളെയും ജാതി വ്യവസ്ഥ സ്വാധീനിക്കുന്നു. കീഴ് ജാതിക്കാരെ അത് നിഷ്‌കരുണം അടിച്ചമര്‍ത്തുന്നു.
ജാതി വ്യവസ്ഥക്ക് ഹൈന്ദവ സമൂഹത്തിനിടയില്‍ അംഗീകാരം നേടാനായി ഒരു മതകീയ പരിവേഷവും ദൈവിക സങ്കല്‍പ്പവും നല്‍കുകയും ഇതിനായി വേദ ഗ്രന്ഥങ്ങളില്‍ വരെ മാറ്റം വരുത്തുകയും ചെയ്തു. “ഈ ലോകം മുഴുവന്‍ ദൈവത്തിന് അധീനമാണ്. ദൈവമാകട്ടെ മന്ത്രത്തിന് അധീനവും. ആ മന്ത്രമാകട്ടെ ബ്രാഹ്മണന് അധീനമാണ്. ആ ബ്രാഹ്മണനാണ് എന്റെ ദൈവം” തുടങ്ങിയ പരാമര്‍ശങ്ങള്‍ വേദഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചതങ്ങനെയാണെന്ന് ഹൈന്ദവ പരിഷ്‌കരണ വാദികള്‍ തുറന്നു കാട്ടുന്നു. മേല്‍ജാതികളുടെ മേധാവിത്വം അവരുടെ ജന്മാവകാശവും മുജ്ജന്മ സുകൃതങ്ങളുടെ ഫലവുമാണ്. അത് മാറ്റാന്‍ ശ്രമിക്കുന്നത് പ്രകൃതി നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന വിശ്വാസം ഇതിലൂടെ അടിച്ചേല്‍പ്പിക്കുകയും ചെയ്തു.
കീഴ് ജാതിക്കാര്‍ തങ്ങള്‍ നേരിടുന്ന അധമത്വത്തെ മുജ്ജന്മത്തിലെ പാപത്തിന്റെ ഫലമായി കരുതി സമാധാനിക്കുകയും ആ തലവിധി മാറ്റാനാകില്ലെന്നും അതിനു വേണ്ടിയുള്ള ശ്രമങ്ങളെല്ലാം പാഴ് വേലയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. “ജാത്യാലുള്ളത് തൂത്താല്‍ പോകില്ല” എന്ന പ്രയോഗം ഈ അടിച്ചേല്‍പ്പിച്ച വിശ്വാസത്തില്‍ നിന്നുടലെടുത്തതാണ്.
ഹൈന്ദവ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക്, കുടിവെള്ളത്തിനുള്ള പൊതു കിണറുകളും ആരാധനക്കുള്ള ക്ഷേത്രങ്ങളും വിദ്യാഭ്യാസത്തിനുള്ള സ്‌കൂളുകളും യാത്രക്കുള്ള പൊതുനിരത്തുകളും നാണം മറക്കുന്നതിനുള്ള വസ്ത്രങ്ങളും വിലക്കിയതും അവരുടെ ദര്‍ശനവും സ്പര്‍ശനവും ശബ്ദവും മാത്രമല്ല നിഴല്‍ പോലും സമൂഹത്തില്‍ അശുദ്ധമാക്കിയതും ജാതി വ്യവസ്ഥയാണ്. ഇതൊന്നും ജനസംഖ്യാ വര്‍ധന കൊണ്ട് വന്നുചേര്‍ന്നതല്ല. രാജ്യത്ത് ജനസംഖ്യ കുറവായിരുന്ന കാലത്തും ഉണ്ടായിരുന്നു ജാതീയതയുടെ ഭാഗമായുള്ള ഇത്തരം അസ്പൃശ്യതയും വിവേചനവും. “വര്‍ണജാതി വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജനാധിപത്യം സാധ്യമാകില്ലെ”ന്ന് ഡോ. അംബേദ്കര്‍ പറയാനിടയായതും ജാതീയ വ്യവസ്ഥയാണ് രാജ്യത്തെ സാമൂഹിക അസമത്വത്തിന്റെ ഏറ്റവും വലിയ ശത്രുവെന്ന് മനസ്സിലാക്കിയതു കൊണ്ടാണ.് ജാതി വ്യവസ്ഥയും അതിന്റെ ശ്രേണീഘടനയും സാമൂഹിക ജീവിതത്തിലും രാഷ്ട്രീയ അധികാരത്തിലും സാമ്പത്തിക ഘടനയിലും പ്രതിഫലിക്കുന്നുവെന്ന സോഷ്യലിസ്റ്റ് നേതാവ് ഡോ. രാംമനോഹര്‍ ലോഹ്യയുടെ പ്രസ്താവന വിരല്‍ചൂണ്ടുന്നതും ഈ യാഥാര്‍ഥ്യത്തിലേക്കാണ്.
രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ സാമൂഹിക അസമത്വം അനുഭവിക്കുന്നത് ദളിതുകളാണ്.
വിദ്യാഭ്യാസം, സാമ്പത്തികം, തൊഴില്‍, ഭരണ മേഖല തുടങ്ങിയ തലങ്ങളിലെല്ലാം ഇവര്‍ ഏറെ പിന്നിലാണ്. എന്തിനേറെ സുരക്ഷിത ബോധത്തോടെ ജീവിക്കാനുള്ള സാഹചര്യം പോലും രാജ്യത്ത് അവര്‍ക്കില്ല. യോഗി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലാണ് ദളിതര്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതും അരക്ഷിതാവസ്ഥ നേരിടുന്നതും. സംസ്ഥാനത്ത് ആക്രമണത്തിനും പീഡനത്തിനും ഇരയാകുന്ന സ്ത്രീകളില്‍ 90 ശതമാനവും ദളിതരാണെന്ന് ഔദ്യോഗിക സ്ഥിതിവിവരണക്കണക്കുകള്‍ വ്യക്തമാക്കുന്നു. മിക്ക സംഭവങ്ങളിലും അക്രമകാരികള്‍ മേല്‍ജാതിക്കാരും. മേല്‍ജാതിക്കാരുടെ പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഏത് നിമിഷവും ഇരയാകാമെന്ന ഭീതിദമായ അന്തരീക്ഷത്തിലാണ് സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങള്‍, വിശിഷ്യാ ദളിത് സ്ത്രീകള്‍ ജീവിക്കുന്നത്. യോഗി ആദിത്യനാഥ് ആദ്യമായി പരിഹാരം കാണേണ്ടത് സംസ്ഥാനത്തെ ദളിത് വിഭാഗം അനുഭവിക്കുന്ന ഈ അരക്ഷിതാവസ്ഥക്കാണ്. അതിനു കാരണമായ ജാതീയ വ്യവസ്ഥ തൂത്തെറിയുന്നതിനാണ്.
ചുരുങ്ങിയ പക്ഷം ജാതി വിവേചനത്തെക്കുറിച്ച് പരാതിപ്പെടുന്നവരോട് മനുഷ്യത്വപരമായി ഇടപെടാനും ആട്ടിപ്പായിക്കാതിരിക്കാനുമുള്ള സന്മനസ്സെങ്കിലും കാണിക്കണം. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ആദിവാസി എം പി അശോക് കുമാര്‍ ദോഹ്രെയാണ് യോഗി ആദിത്യനാഥ് ജാതി വിവേചനം കാണിക്കുന്നതായി പ്രധാനമന്ത്രിക്ക് കത്തയച്ചത.് ജാതി വിവേചനത്തെ കുറിച്ച് പരാതിപ്പെടാന്‍ ചെന്നപ്പോള്‍ യോഗി അധിക്ഷേപിച്ച് ആട്ടിയിറക്കിയതായി മറ്റൊരു ബി ജെ പി ദളിത് എം പി ഛോട്ടെ ലാല്‍ ഖര്‍വാറും പ്രധാനമന്ത്രിക്ക് കത്തയക്കുകയുണ്ടായി. ജനസംഖ്യ നിയന്ത്രിച്ചതു കൊണ്ട് ഇല്ലാതാകുമോ ഇത്തരം വിവേചനങ്ങളും അസമത്വവും?