Connect with us

Kerala

കോഴിക്കോട്ട് ലഹരി മരുന്ന് വില്‍പനയും ഉപയോഗവും വ്യാപകമാകുന്നു; ഒരാള്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട് | വീട്ടില്‍ വച്ച് ലഹരിമരുന്ന് ഉപയോഗവും വില്‍പനയും നടത്തിയ യുവാവ് പിടിയില്‍. കരിക്കാംകുളം പള്ളികുളങ്ങര താഴം മുബഷീര്‍ (34) ആണ് ചേവായൂര്‍ പോലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫ് (സിറ്റി ആന്റി നാര്‍കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ്) സ്‌ക്വാഡും ചേര്‍ന്നുള്ള പരിശോധനയില്‍ പിടിയിലായത്. ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പറമ്പില്‍ ബസാര്‍ കാരാട്ടുതാഴത്തെ വാടക വീട്ടില്‍ വച്ചാണ് ഇയാള്‍ 310 ഓളം സ്പാസ്മോ പ്രോക്സി വോണ്‍ പ്ലസ് (SPASMO PROXYVON PLUS) എന്ന ലഹരി മരുന്ന് ഗുളികകളുമായി പിടിയിലായത്.

കോഴിക്കോട് സിറ്റിയില്‍ നാല് മാസത്തിനിടയില്‍ നിരവധി സിന്തറ്റിക്ക് ഡ്രഗുകളുടെ കേസുകളും നിരവധി കഞ്ചാവ് കേസുകളും ഡാന്‍സാഫിന്റെ സഹായത്താല്‍ പോലീസ് പിടികൂടിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നതിനും അമിതമായ ആദായം കണ്ടെത്തുന്നതിനുമായാണ് ഇത്തരം ആളുകള്‍ ലഹരി മരുന്ന് കച്ചവടത്തിലേക്ക് കടക്കുന്നത്. മയക്കുമരുന്ന് പിടികൂടിയ വീട്ടില്‍ നിരവധി ചെറുപ്പക്കാര്‍ നിത്യവും വരാറുണ്ടെന്നും രാത്രി വളരെ നേരം വൈകിയ ശേഷവും പാട്ടും ബഹളവുമായി ഇവിടെ തങ്ങാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മുബഷീറിന് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നവരെയും ഇയാളില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്നവരെയും കുറിച്ചും വ്യക്തമായ വിവരം ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ചു. ഇത്തരം ആളുകളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ചന്ദ്രമോഹനന്‍ പറഞ്ഞു.

പോണ്ടിച്ചേരി, ബാഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം ലഹരി ഗുളികകള്‍ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് ചെറിയ വിലയ്ക്ക് വലിയ അളവില്‍ ഗുളികകള്‍ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്ന് അമിത വിലക്ക് ആവശ്യക്കാര്‍ക്ക് നല്‍കി വരികയാണ് പതിവ്. 24 ഗുളികകള്‍ അടങ്ങിയ ഒരു ഷീറ്റ് 1,500 രൂപയ്ക്കാണ് വില്പന നടത്തുന്നത്. ഇവര്‍ പ്രധാനമായും യുവാക്കളെയും വിദ്യാര്‍ഥികളെയുമാണ് ലക്ഷ്യംവക്കുന്നത്.
ഇത്തരം ഗുളികകള്‍ സാധാരണ ഗര്‍ഭിണികള്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വളരെ കുറഞ്ഞ അളവില്‍ നല്‍കുന്നതാണ്. എന്നാല്‍ ലഹരിക്കു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ഗുളികകള്‍ വാങ്ങി കൂടുതല്‍ അളവില്‍ ഉപയാഗിക്കുന്നവരില്‍ രാത്രികാലങ്ങളിലുള്ള ഉറക്കക്കുറവ്, പെട്ടെന്നുള്ള ദേഷ്യം, ഭയന്ന് മാറി നില്‍ക്കുന്ന അവസ്ഥ, അധികം ആരോടും സംസാരിക്കാതെ ഒറ്റക്ക് ഒരു മുറിയില്‍ അടച്ചിട്ടിരിക്കുക എന്നിവയൊക്കെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കാണുന്നവരെ രക്ഷിതാക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണെന്ന് പോലീസ് പറയുന്നു.

ഇത്തരം ലഹരി ഗുളികകളുടെ അമിതമായ ഉപയോഗം മൂലം മരണം വരെ സംഭവിക്കുന്നതാണ്. മണിക്കൂറുകളോളം ലഹരി കിട്ടും എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ ഇവ സൂക്ഷിച്ചു വെക്കുവാനും വളരെ എളുപ്പമാണ്. ഇത് ഉപയോഗിച്ചവരില്‍ മണമോ മറ്റ് കാര്യങ്ങളോ ഇല്ലാത്തതിനാല്‍ ആര്‍ക്കും കണ്ടുപിടിക്കാനും കഴിയില്ലെന്നതാണ് പ്രത്യേകത. ഇത് അഞ്ച് ഗ്രാമിലധികം കൈവശം സൂക്ഷിക്കുന്നത് തന്നെ ജാമ്യമില്ലാ കുറ്റമാണ്.

ഇയാള്‍ക്ക് മുന്‍പും കോഴിക്കോട് സിറ്റിയിലെ ടൗണ്‍, കസബ എന്നീ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ നാലോളം കേസുകളുണ്ടായിരുന്നു. ലഹരി മരുന്ന് വില്‍പനയും ഉപയാഗവും തടയുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ ഡി ഐ ജി. എ വി ജോര്‍ജ് ഐ പി എസിന്റെ മേല്‍നോട്ടത്തില്‍ നാര്‍കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് പ്രവര്‍ത്തന സജ്ജമാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ തന്നെ പന്ത്രണ്ടോളം കേസുകളിലായി 50 കിലോ കഞ്ചാവും 60 ഗ്രാം എം ഡി എം എയും 300 ഗ്രാം ഹാഷിഷും ആയിരത്തിലധികം പുകയില ഉത്‌പന്നങ്ങളും 310 മയക്ക് മരുന്ന് ഗുളികകള്‍, ഹാഷിഷ് ഓയില്‍ എന്നിവയും പിടികൂടിയിട്ടുണ്ട്.

Latest