Kerala
വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഹിന്ദു ബേങ്കുകള്‍; സഹകരണ മേഖലയെ കീഴടക്കാന്‍ കേന്ദ്ര മന്ത്രാലയം

കോഴിക്കോട് | വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് സഹകരണ പ്രസ്ഥാനങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കം ശക്തമായി. കേന്ദ്ര സര്‍ക്കാര്‍ അമിത് ഷായുടെ നേതൃത്വത്തില്‍ സഹകരണ മന്ത്രാലയം രൂപവത്ക്കരിച്ചതും കേരളത്തില്‍ വ്യാപകമായി ഹിന്ദു ബേങ്കുകള്‍ ആരംഭിക്കാനുള്ള സംഘ്പരിവാര്‍ നീക്കവും ആസൂത്രിതമാണെന്നാണ് സൂചന. ഹിന്ദുക്കളുടെ പണം ഹിന്ദുക്കള്‍ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി വര്‍ഗീയ ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഹിന്ദു ബേങ്കുകളെ നിയമപരമാക്കാന്‍ പുതിയ കേന്ദ്ര സഹകരണ മന്ത്രാലയം വഴിയൊരുക്കും. ഇത് സമൂഹത്തിന്റെ സാമ്പത്തിക അടിത്തറയില്‍ വിള്ളല്‍ സൃഷ്ടിക്കുമ്പോള്‍ കേരളത്തില്‍ സുശക്തമായ സഹകരണ പ്രസ്ഥാനത്തെ കൈപ്പിടിയിലൊതുക്കുക എന്നതാണ് തന്ത്രം.
കേന്ദ്ര സര്‍ക്കാറിന്റെ 2014ലെ നിധി റൂള്‍ പ്രകാരം ബേങ്ക് ഇതര ധനസ്ഥാപനങ്ങളായാണ് ഹിന്ദു ബേങ്ക് പ്രവര്‍ത്തിക്കുന്നത്. ഹിന്ദുക്കളുടെ പണം കൈകാര്യം ചെയ്യാന്‍ എന്ന പേരില്‍ 870 കമ്പനി കേരളത്തില്‍ മാത്രം ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ പറയുന്നത്. കേന്ദ്ര സഹകരണ നിയമപ്രകാരമുള്ള അന്തര്‍ സംസ്ഥാന സംഘങ്ങളാണ് ഇവയിലൊരു ഭാഗം. ഹിന്ദു നിധി കമ്പനികളെ അന്തര്‍സംസ്ഥാന സഹകരണ സംഘങ്ങളാക്കാനും പുതിയവ ആരംഭിക്കാനും പുതിയ മന്ത്രാലയം ഇടപെടും എന്നാണ് കരുതുന്നത്. ഹിന്ദു ബേങ്കുകള്‍ക്ക് ധനസഹായത്തിനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയില്‍ അന്തര്‍ സംസ്ഥാന സഹകരണ ബേങ്ക് ആരംഭിക്കാനുള്ള സാധ്യതയുമുണ്ടെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തില്‍ സുസ്ഥിരമായ അടിത്തറയോടെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രാഥമിക കാര്‍ഷിക സംഘങ്ങളെയും കാര്‍ഷിക വികസന സംഘങ്ങളെയും കീഴടക്കാനും പുതിയ മന്ത്രാലയത്തിനു കീഴില്‍ നടപടികള്‍ ഉണ്ടായേക്കാം. വായ്പാ സംഘങ്ങള്‍ വരുതിയിലാക്കി മറ്റു സംഘങ്ങളെയും കീഴ്‌പ്പെടുത്തുകയാകും തന്ത്രം.
അന്തര്‍ സംസ്ഥാന സഹകരണ ബേങ്കുകളും അനുബന്ധ സ്ഥാപനങ്ങളും ഉണ്ടാക്കി സംസ്ഥാന സഹകരണ മേഖലയെ നിയന്ത്രിക്കാനും നീക്കമുണ്ടാവും. ബേങ്കിംഗ് നിയന്ത്രണ നിയമ ഭേദഗതിയിലൂടെ അര്‍ബന്‍ ബേങ്കുകളെയും സംസ്ഥാന സഹകരണ ബേങ്കിനെയും റിസര്‍വ് ബേങ്ക് കൈപ്പിടിയിലാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹിന്ദു ബേങ്കുകള്‍ ആരംഭിക്കാനാണ് സംഘ്പരിവാര്‍ പദ്ധതിയിടുന്നത്. ഹിന്ദു ബേങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍ എന്ന പേരില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു പ്രദേശത്തെ ഹിന്ദുമതത്തില്‍പ്പെട്ട കച്ചവടക്കാരെ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ തുടങ്ങാനാണ് നീക്കം. ആദ്യ ഘട്ടത്തിലെ നൂറ് സ്ഥാപനങ്ങള്‍ തുടങ്ങിയിരിക്കുന്നത് ആശ്രമങ്ങളും മഠങ്ങളും ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ്. ഒരു വര്‍ഷത്തിനകം വിശ്വാസികളായ 200 പേരെ ചേര്‍ക്കണം എന്ന് ഇവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹിന്ദു ബേങ്ക് എന്ന ആശയമുയര്‍ത്തി സമൂഹത്തില്‍ ഹിന്ദു മുസ്്ലിം വേര്‍തിരിവുണ്ടാക്കി സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് ബേങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍ സിറാജ് ലൈവിനോടു പറഞ്ഞു. കേന്ദ്രത്തില്‍ സഹകരണ മന്ത്രാലയം ഉണ്ടാക്കുകയും അതിന്റെ ചുമതല അമിത് ഷായെ ഏല്‍പ്പിക്കുകയും ചെയ്തത് വലിയ ലക്ഷ്യത്തോടെയാണ്. രാജ്യത്ത് അന്‍പതു കോടിയോളം വരുന്ന അസംഘടിത കാര്‍ഷിക മേഖലയുടെ ആശ്രയം സഹകരണ മേഖലയാണ്. ജി ഡി പിയുടെ 45 ശതമാനം വരും ഇത്. ഗ്രാമീണ ജനതയുടെ സാമ്പത്തിക വിനിമയത്തെ കൈയിലാക്കാനുള്ള നീക്കമാണ് പ്രധാനം. ഈ നീക്കം എളുപ്പം നടപ്പാക്കാനാണ് ഹിന്ദു ബേങ്ക് എന്ന വിഭാഗീയ ആശയം മുന്നോട്ടു വയ്ക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് ലക്ഷ്യം നേടുകയാണ് തന്ത്രമെന്നും നരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാറിന്റെ നിധി റൂള്‍സ് 2014 പ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണ് നിധി ലിമിറ്റഡ് കമ്പനികള്‍. പബ്ലിക് ലിമിറ്റഡ് ഫിനാന്‍സ് കമ്പനികളായ ഈ സ്ഥാപനങ്ങള്‍ വഴി സാധാരണ ബേങ്കുകളെപ്പോലെ സേവിങ്സ്, ഫിക്സഡ്, റിക്കറിങ് നിക്ഷേപങ്ങള്‍ നടത്തുകയും വായ്പകള്‍ എടുക്കുകയും ചെയ്യാം. അര്‍ധ ബേങ്കിംഗ് സ്ഥാപനമെന്ന നിലയില്‍ റിസര്‍വ് ബേങ്കിന്റെ നിയന്ത്രണങ്ങളും ഇവയ്ക്ക് ബാധകമാണ്. അംഗങ്ങളുടെ നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്ക് വായ്പ കൊടുക്കുകയും ചെയ്യുന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രത്യേകത.
സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് ഇടതു-വലതു മുന്നണികളാണ്. കേരളത്തില്‍ സുശക്തമായ സഹകരണ മേഖലയില്‍ സാന്നിധ്യമില്ലാത്തതാണ് നിധി ലിമിറ്റഡ് കമ്പനികള്‍ വ്യാപകമാക്കാന്‍ സംഘ്പരിവാര്‍ പദ്ധതിയിടാന്‍ കാരണം. ഇത്തരം സ്ഥാപനങ്ങളിലേക്ക് ആള്‍ക്കാരെ ചേര്‍ക്കുന്നതിനായി ഭാരതീയ ഹിന്ദു പ്രജാസംഘം, ഹിന്ദു സംരക്ഷണ പരിവാര്‍ തുടങ്ങിയ പേരുകളും ഉപയോഗിക്കുന്നുണ്ട്. വനിതാ യൂനിറ്റും നിലവില്‍ വരും. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇതിനായി പ്രചാരണം ശക്തിപ്പെടുത്തിയിരുന്നു. സഹകരണ സംഘങ്ങളെക്കാള്‍ സുതാര്യതയും നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശയും ഈ നിധി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ഥിരനിക്ഷേപങ്ങള്‍ക്ക് 12.5 ശതമാനം പലിശ നല്‍കും. സ്വര്‍ണപ്പണയം, വ്യാവസായിക വായ്പ, പ്രതിദിന കളക്ഷന്‍ വായ്പ തുടങ്ങിയ സേവനങ്ങളും ലഭ്യമായിരിക്കുമെന്നും പറയുന്നു.
കമ്പനിയുടെ പേരിനൊപ്പം നിധി ലിമിറ്റഡ് എന്നു വേണമെന്നും നിബന്ധനയുണ്ട്. ചിട്ടി, ഇന്‍ഷ്വറന്‍സ് ഇടപാടുകള്‍, സെക്യൂരിറ്റി വാങ്ങല്‍, ലീസിങ് തുടങ്ങിയ ഇടപാടുകള്‍ക്കൊന്നും അനുമതിയുണ്ടാകില്ല. നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പരസ്യം ചെയ്യരുതെന്നും ഓഹരികള്‍ വില്‍ക്കുമ്പോള്‍ സര്‍വീസ് ചാര്‍ജ് വാങ്ങരുതെന്നും വ്യവസ്ഥയുണ്ട്. അഞ്ച് ലക്ഷം രൂപയാണ് ചുരുങ്ങിയ ഓഹരി മൂലധനം. അറ്റ ആസ്തി കുറഞ്ഞത് 10 ലക്ഷം രൂപയായിരിക്കണം. അറ്റ ആസ്തിയുടെ 20 ഇരട്ടിയില്‍ കൂടുതല്‍ നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുണ്ടാകില്ല. ഇത്തരം പരിമിതികളെയെല്ലാം മറികടന്നുകൊണ്ട് ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തെ ഒന്നാകെ സാമ്പത്തികമായി ആകര്‍ഷിക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കാനുള്ള നീക്കമാണ് കേന്ദ്ര സഹകരണ മന്ത്രാലയം എന്നാണ് ആരോപണം. സംസ്ഥാന വിഷയമായ സഹകരണത്തിന് കേന്ദ്രത്തില്‍ മന്ത്രാലയം രൂപവത്ക്കരിച്ച നീക്കത്തിനെതിരെ വിവിധ കേന്ദ്രങ്ങള്‍ നിയമ നടപടികള്‍ക്കായി നീക്കം ആരംഭിച്ചിട്ടുണ്ട്.
സംഘ്പരിവാര്‍ കേരളത്തില്‍ തുടങ്ങുന്ന ഹിന്ദു ബേങ്ക് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നതാണെന്നു ചൂണ്ടിക്കാട്ടി മുന്‍ ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിക് ബേങ്കിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന പലിശ രഹിത ബേങ്കിംഗിന് പ്രാധാന്യം ലഭിക്കുന്നതും സംഘ്പരിവാര്‍ കേന്ദ്രങ്ങളെ ഇത്തരം വര്‍ഗീയ നീക്കത്തിനു പ്രേരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇസ്ലാമിക് ബേങ്കിംഗ് വഴി സമാഹരിക്കുന്ന പണം മുസ്ലിങ്ങള്‍ക്കു മാത്രമുള്ളതല്ലെന്നും ഏതൊരാളുടെയും പലിശയിലധിഷ്ഠിതമല്ലാത്ത നിക്ഷേപത്തിന് ഇത് ഉപയോഗപ്പെടുത്താമെന്നതുമാണ് അതിന്റെ സവിശേഷത. ഇങ്ങനെ സമാഹരിക്കുന്ന പണം നാടിന്റെ പൊതുവായ വികസനത്തിന് ഉപയോഗപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ് കേരള സര്‍ക്കാര്‍ ഇസ്്ലാമിക് ബേങ്കിംഗ് രീതികളെ അനുകൂലിച്ചതെന്നും അദ്ദേഹം വിശദമാക്കി.
പലിശരഹിതമായി ഇടപാടു നടത്താന്‍ തത്പരരായ ഒട്ടേറെ മുസ്ലിം വിശ്വാസികള്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. വിദേശത്തുള്ള ബഹുരാഷ്ട്ര ബേങ്കുകള്‍ പോലും ഇത്തരം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. ഇന്ത്യയിലും ഇത് ആകാമെന്നു രഘുറാം രാജന്‍ അധ്യക്ഷനായ കമ്മിറ്റി റിസര്‍വ് ബേങ്കിനു ശിപാര്‍ശ നല്‍കിയിരുന്നു. ഇന്ത്യയിലെ ബേങ്കിംഗ് നിയമങ്ങള്‍ മുഴുവന്‍ പലിശയടിസ്ഥാനത്തിലായതു കൊണ്ട് പലിശരഹിത ബാങ്ക് പ്രായോഗികമാവില്ലെന്ന നിലപാടാണ് ബി ജെ പി അധികാരത്തില്‍ വന്നശേഷം സ്വീകരിച്ചത്.