Connect with us

Editorial

സ്വര്‍ണക്കടത്ത് കേസിന് ഒരാണ്ട് തികയുമ്പോള്‍

Published

|

Last Updated

സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസ് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി വന്നതും രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പിടിച്ചുവെച്ചതുമായ പാഴ്‌സല്‍ കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനാണ് പരിശോധിച്ചതും അനധികൃത സ്വര്‍ണക്കടത്ത് സ്ഥിരീകരിച്ചതും. 15 കിലോ സ്വര്‍ണമാണ് കസ്റ്റംസിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. യു എ ഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലില്‍ സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചു വെച്ചിരുന്നത്. ദുബൈയില്‍ നിന്നാണ് പല ബോക്‌സുകളിലായി സ്വര്‍ണം എത്തിയത്. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേരളത്തില്‍ പതിവു സംഭവമാണെങ്കിലും ഡിപ്ലോമാറ്റിക് ബാഗിലാണ് സ്വര്‍ണം കടത്തിയതെന്നതിനാല്‍ ഇതിനു കൂടുതല്‍ പ്രാധാന്യം കൈവന്നു. രാജ്യത്ത് ആദ്യമായിരുന്നു നയതന്ത്ര ബാഗ് വഴിയുള്ള കള്ളക്കടത്ത്.
കോണ്‍സുലേറ്റിലെ മുന്‍ പി ആര്‍ ഒ ആയ സരിത്ത് ആണ് കേസില്‍ ആദ്യം അറസ്റ്റിലാകുന്നത്. അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോള്‍, കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയും ഐ ടി വകുപ്പുമായി ബന്ധപ്പെട്ട കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപറേഷന്‍സ് മാനേജറുമായ സ്വപ്ന സുരേഷാണ് സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയെന്ന വിവരം പുറത്തുവന്നു. ഇതിനു പിന്നാലെ ഐ ടി സെക്രട്ടറി എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കഥകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ കേസിന് രാഷ്ട്രീയമാനം വന്നു. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സന്ദര്‍ഭത്തില്‍ വീണുകിട്ടിയ ഈ ആയുധം യു ഡി എഫും ബി ജെ പിയും നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വര്‍ണക്കടത്തെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടന്നു. സ്വര്‍ണം പിടിച്ചപ്പോള്‍ വിട്ടയക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിവന്നതായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചത് ഇതിന്റെ ഭാഗമായിരുന്നു. ബി ജെ പിയുടെ തൊഴിലാളി സംഘടനയായ ബി എം എസിന്റെ നേതാവാണ് വിളിച്ചതെന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അങ്ങനെയൊരു വിളി ഉണ്ടായിട്ടില്ലെന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഏറെ താമസിയാതെ പ്രസ്തുത ഉദ്യോഗസ്ഥനെ കസ്റ്റംസ് സ്ഥലം മാറ്റി.

കസ്റ്റംസിനു പുറമെ കേന്ദ്ര ഏജന്‍സികളായ എന്‍ ഐ എയും ഇ ഡിയും പിന്നീട് അന്വേഷണത്തില്‍ പങ്കാളികളായി. രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് എന്‍ ഐ എ അന്വേഷിക്കാന്‍ തിരുമാനിച്ചതെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പലതവണ ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കാന്‍ സെക്രട്ടേറിയറ്റില്‍ വരെ പരിശോധന നടത്തുകയും ചെയ്തു എന്‍ ഐ എ. അതിനിടെ മുഖ്യ സൂത്രധാരനെന്ന് ആരോപിച്ച് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുകയും മുഖ്യമന്ത്രിക്ക് പങ്കുള്ളതായി സ്വപ്‌ന സുരേഷ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി വാദിക്കുകയും ചെയ്തു. സര്‍ക്കാറിന്റെ അഭിമാന പദ്ധതികളായ ലൈഫ് മിഷനിലും കെഫോണിലുമെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ച് അന്വേഷണം നടത്തി. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നു മൊഴി നല്‍കാന്‍ ഇ ഡി സ്വപ്‌ന സുരേഷിന് മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്ന വിവരം പുറത്തുവന്നു. സ്വപ്‌നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയന്‍ എന്ന പോലീസ് ഉദ്യോഗസ്ഥയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കസ്റ്റംസ്, എന്‍ ഐ എ, ഇ ഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ തലങ്ങും വിലങ്ങും അന്വേഷിച്ച നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസ് ഒരു വര്‍ഷം പിന്നിട്ടിരിക്കെ, ഇപ്പോള്‍ അന്വേഷണം എവിടെയെത്തി നില്‍ക്കുന്നുവെന്ന ചോദ്യത്തിന് ഏജന്‍സികള്‍ക്കൊന്നും വ്യക്തമായ മറുപടിയില്ല. 53 പേരെ പ്രതികളാക്കി കാരണം കാണിക്കല്‍ നോട്ടീസ് അയച്ച കസ്റ്റംസിന് വിദേശത്തുണ്ടെന്നു പറയപ്പെടുന്ന പ്രതികളിലേക്കോ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരിലേക്കോ എത്താന്‍ സാധിച്ചിട്ടില്ല ഇതുവരെ. കേസില്‍ “ഉന്നത സ്വാധീനമുള്ള മലയാളി” ഇടപെട്ടതായി യു എ ഇ കോണ്‍സുലേറ്റിലെ അറ്റാഷെ റശീദ് ഖമീസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിനോട് ഫോണില്‍ പറഞ്ഞതായി അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. അതാരെന്ന് കണ്ടെത്താനും കഴിഞ്ഞില്ല. കേസ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടന്നെങ്കിലും അന്നത്തെ സ്പീക്കറെയും മന്ത്രി ജലീലിനെയും ഏതാനും നാള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനായി എന്നതിലപ്പുറം ആ ശ്രമം വിജയിച്ചില്ല. കോടതികളില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പലകുറി കടുത്ത പരാമര്‍ശവുമുണ്ടായി.

ആരോപിതര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയതിന് തെളിവെവിടെ എന്ന ചോദ്യം കോടതി ആവര്‍ത്തിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് മറുപടിയുണ്ടായില്ല. തെളിവ് എവിടെ എന്ന ചോദ്യം ഇ ഡി കോടതിയില്‍ ഒന്നിലേറെ തവണ നേരിട്ടു. കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലുമാണ്.
ഒന്നാം പിണറായി സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് കിട്ടിയ അന്താരാഷ്ട്ര പ്രശസ്തിയുടെ നിറവില്‍ നില്‍ക്കെയാണ് നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നു വരുന്നത്. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തു വരവെ ഭരണ മുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിനുള്ള ശ്രമമായിരുന്നു അന്വേഷണത്തിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയതെന്നാണ് ഈ കേസിന്റെ ഗതിവിഗതികളെ വിലയിരുത്തുന്ന നിരീക്ഷകരുടെ നിഗമനം. രണ്ട് തിരഞ്ഞെടുപ്പിലും ഇടതു മുന്നണി മേല്‍ക്കൈ നേടിയതോടെയാണ് കേസന്വേഷണം മന്ദഗതിയിലായതെന്ന കാര്യം ശ്രദ്ധേയമാണ്. ഈ കേസില്‍ പിടിച്ച് സംസ്ഥാന സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ച പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വലതുപക്ഷ മാധ്യമങ്ങളും ഇപ്പോള്‍ മൗനത്തിലാണ്. കേസുകളെ എങ്ങനെ രാഷ്ട്രീയവത്കരിക്കാമെന്നതിന് നല്ലൊരു ഉദാഹരണമായി ഇത് ചരിത്രത്തില്‍ അവശേഷിക്കാനാണ് സാധ്യത.

Latest