Connect with us

Health

പ്രസവിക്കാം; വേദനയില്ലാതെ

Published

|

Last Updated

HEഅമ്മയാകുക എതൊരു സ്ത്രീയുടെയും ജന്മസാഫല്യമാണ്. പണ്ട് എത്ര വേദന സഹിച്ചും പ്രസവിക്കാന്‍ സ്ത്രീകള്‍ തയാറായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. പ്രസവ വേദന തീര്‍ത്തും ഒഴിവാക്കി സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തു കിട്ടുകയെന്ന മനോഭാവമാണ് ഭൂരിപക്ഷം സ്ത്രീകള്‍ക്കുമുള്ളത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറ്റവും അഭികാമ്യമായത് സുഖപ്രസവം തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

സുഖപ്രസവം ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യമാകുന്ന ഒന്നല്ല. ഗര്‍ഭിണിയെ ഗര്‍ഭാരംഭം മുതല്‍ മാനസികമായും ശാരീരികമായും അതിനുവേണ്ടി തയാറെടുപ്പിക്കണം. ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് വരുമ്പോള്‍ ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവയെ കുറിച്ച് പറഞ്ഞുകൊടുക്കണം. ഗര്‍ഭിണി അത് കൃത്യമായി പാലിക്കുകയും വേണം. എട്ടാം മാസം ആകുമ്പോള്‍ ഗര്‍ഭിണിയ്ക്ക് പ്രസവത്തിനെക്കുറിച്ചുള്ള കൗണ്‍സിലിങ് നല്‍കണം. ഇത് അവരുടെ ഉത്കണ്ഠ, മാനസിക സംഘര്‍ഷം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും. കൂടാതെ ഏതു രീതിയിലുള്ള പ്രസവമാണ് വേണ്ടത് എന്നതിനെക്കുറിച്ച് തുറന്ന സംസാരവും ആവശ്യമാണ്. പ്രസവ വേദനയെ ഭയന്നാണ് സിസേറിയന്‍ ആവശ്യപ്പെടുന്നതെങ്കില്‍ വേദനരഹിത സുഖപ്രസവം എന്ന ഓപ്ഷന്‍ നല്‍കാവുന്നതാണ്.

ഗര്‍ഭിണി പ്രസവ വേദനയുമായി ലേബര്‍ റൂമില്‍ വരുമ്പോള്‍ വേദനരഹിത സുഖപ്രസവമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അനസ്‌തേഷ്യസ്റ്റിന്റെ സഹായത്തോടെ എപ്പിഡ്യൂറല്‍ ചെയ്യാം. നട്ടെല്ലിലൂടെ എപ്പിഡ്യൂറല്‍ എന്ന കത്തീട്രല്‍ കടത്തിവിട്ട് അനസ്തേഷ്യ മരുന്നു നല്‍കിയാണ് ഇത് ചെയ്യുന്നത്. ഗര്‍ഭിണിയെ ചെരിച്ചു കിടത്തിയാണ് ട്യൂബ് ഇടുന്നത്. പ്രസവവേദന നട്ടെല്ലിലെ ഞരമ്പിലൂടെയാണ് തലച്ചോറിലേക്ക് എത്തിച്ചേരുന്നത്. ആ ഭാഗം ബ്ലോക്ക് ചെയ്യുന്നതിലൂടെ വേദന അനുഭവിക്കേണ്ടി വരില്ല. എന്നാല്‍ പ്രസവം മുറപ്രകാരം നടക്കുകയും ചെയ്യും.

വേദന ഇല്ലാതിരിക്കുമ്പോള്‍ അമ്മയ്ക്ക് ക്ഷീണവും മാനസിക പിരിമുറുക്കവും ഉണ്ടാകുകയുമില്ല. അതേസമയം, അമ്മയുടെ ഗര്‍ഭാശയ സങ്കോചവും കുട്ടിയുടെ ഹൃദയമിടിപ്പും സിടിജി മെഷീന്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയും ചെയ്യും. പ്രസവ സമയമാകുമ്പോള്‍ എപ്പിഡ്യൂറല്‍ എടുത്തുമാറ്റിയും അമ്മയ്ക്ക് പ്രസവിക്കാം. പക്ഷേ, ഒട്ടും വേദന സഹിക്കാന്‍ തയാറാകാത്തവര്‍ക്ക് എപ്പിഡ്യൂറല്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പ്രസവിക്കാവുന്നതാണ്. പ്രസവ ശേഷം ഉടന്‍തന്നെ എപ്പിഡ്യൂറല്‍ ഒഴിവാക്കാം. പിന്നീട് കുഞ്ഞിനെ മുലയൂട്ടാനും മൂത്രമൊഴിക്കുന്നതിനുമൊന്നും യാതൊരു പ്രയാസവും ഉണ്ടാകുകയില്ല. അനസ്തേഷ്യ നല്‍കുന്നതുകൊണ്ട് പിന്നീട് പുറം വേദന ഉണ്ടാകുമെന്ന ധാരണയും വേണ്ട. സാധാരണ സുഖപ്രസവം പോലെ മൂന്നാം ദിവസം ആശുപത്രിയില്‍ നിന്ന് പോകാനും കഴിയും. പ്രസവവേദന ഭയന്ന് സിസേറിയന്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ എന്തുകൊണ്ടും അഭികാമ്യമാണ് നൂതന സംവിധാനമുപയോഗിച്ചുള്ള ഈ പ്രസവരീതി.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സുജ ആന്‍ രഞ്ജി
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്

തയാറാക്കിയത്:
റഫീഷ പി

Latest