Kerala
കെ സുരേന്ദ്രനെ സംരക്ഷിക്കാന്‍ ഉറച്ച നിലപാടുമായി ആര്‍ എസ് എസ്

കോഴിക്കോട് | തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും കുഴല്‍പ്പണ, തിരഞ്ഞെടുപ്പ് കോഴ ഇപാട് വിവാദങ്ങളിലും പെട്ടുഴലുന്ന കേരളത്തിലെ ബി ജെ പി നേതൃത്വത്തിന്റെ സംരക്ഷണം ഉറപ്പാക്കി ആര്‍ എസ് എസ്. കെ സുരേന്ദ്രന്‍, വി മുരളീധരന്‍ പക്ഷത്തെ നേതൃത്വത്തില്‍ നിന്നു മാറ്റേണ്ടെന്ന നിലപാടില്‍ ആര്‍ എസ് എസ് ഉറച്ചു നില്‍ക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ആര്‍ എസ് എസിന് പൂര്‍ണമായി കീഴ്‌പ്പെട്ടു പ്രവര്‍ത്തിക്കുന്ന നേതൃത്വമാണ് കേരളത്തിലേത് എന്നതിനാലാണ് ആര്‍ എസ് എസ് കേരള ഘടകം ഇപ്പോഴത്തെ നേതൃത്വത്തിന്റെ സംരക്ഷണത്തിനായി രംഗത്തെത്തുന്നത്.
സാധാരണയായി ആര്‍ എസ് എസിന്റെ സംഘടനാ രീതി അനുസരിച്ച് ബി ജെ പി അടക്കമുള്ള പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടാറില്ല. ഓരോ സംഘ്പരിവാര്‍ സംഘടനയിലേക്കും ആര്‍ എസ് എസ് നിയോഗിക്കുന്ന പ്രചാരക്മാര്‍ ആയിരിക്കും സംഘടനാ സെക്രട്ടറിമാരാവുക. സംഘടനയും ആര്‍ എസ് എസും തമ്മിലുള്ള ആശയ വിനിമയവും ബന്ധവും സുഗമമാക്കുന്നതിനാണ് ഈ സംഘടനാ സെക്രട്ടറിമാരെ നിയമിക്കുന്നത്. എന്നാല്‍ സ്വന്തം ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സംഘടനയെ അനുവദിക്കുകയും ചെയ്യും.
ബി ജെ പിയുടെ പ്രവര്‍ത്തന പദ്ധതി ഏകാത്മക മാനവ ദര്‍ശനം എന്നതാണ്. ഇത് ആര്‍ എസ് എസിന്റെ ഹിന്ദുരാഷ്ട്ര വാദത്തില്‍ നിന്നു വ്യത്യസ്തമാണ്. ഹിന്ദു രാഷ്ട്രവാദത്തില്‍ മറ്റു മതങ്ങള്‍ ശത്രുക്കളാവുമ്പോള്‍ ഏകാത്മക മാനവ ദര്‍ശനത്തില്‍ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളാനുള്ള ശ്രമം ഉണ്ടാവും.
കെ സുരേന്ദ്രന്‍-വി മുരളീധരന്‍ പക്ഷം നേതൃത്വത്തില്‍ എത്തിയതോടെ പൂര്‍ണമായി ആര്‍ എസ് എസിനും സംസ്ഥാന ബി ജെ പി കീഴടങ്ങി എന്നാണ് പറയുന്നത്. ഇതോടെ ഏകാത്മക മാനവ ദര്‍ശനമെന്ന പരിപാടി കൈവിടുകയും പൂര്‍ണമായി ആര്‍ എസ് നയം സ്വീകരിക്കുകയും ചെയ്തു. ആര്‍ എസ് എസില്‍ പിടിപാടില്ലാത്ത കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.
ബി ജെ പിയുടെ നയം ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടു പോകണമെന്നും ആര്‍ എസ് എസിനു കീഴടങ്ങരുതെന്നും ആവശ്യപ്പെടുന്ന പ്രധാന നേതാവാണ് സി കെ പത്മനാഭന്‍. ഇദ്ദേഹം ഇടക്കിടെ സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്.
കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിട്ടപ്പോള്‍ കെ സുരേന്ദ്രനും വി മുരളീധരനും പറഞ്ഞത് ബി ജെ പിക്കെതിരെ ന്യൂനപക്ഷ മത ധ്രുവീകരണം ഉണ്ടായി എന്നാണ്. ഇത് ആര്‍ എസ് അജന്‍ഡ മുന്‍നിര്‍ത്തിയുള്ള വിശകലനമായിരുന്നു. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു വിജയം ഉറപ്പാക്കാന്‍ ആര്‍ എസ് എസ് ആണ് കേരളത്തിലേക്കു കള്ളപ്പണം കൊണ്ടുവന്നത്. കള്ളപ്പണ ഇടപാടിലെ മുഖ്യ കണ്ണി ധര്‍മരാജന്‍ ഇതര സംസ്ഥാനങ്ങളിലെ ആര്‍ എസ് എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ്.
കേരളത്തിലെ പാര്‍ട്ടിയില്‍ ആര്‍ എസ് എസിന്റെ അമിതാധികാര പ്രയോഗത്തില്‍ എതിര്‍പ്പുള്ള വലിയൊരു വിഭാഗം പാര്‍ട്ടിയിലുണ്ട്. ഇവരില്‍ ചിലര്‍ പ്രവര്‍ത്തനത്തില്‍ നിന്നു പിന്‍വാങ്ങാനോ ബി ജെ പി വിടാനോ സാധ്യതയുണ്ട്. കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ നേതാക്കളെ വിമര്‍ശിച്ചതിന്റെ പേരില്‍ ബി ജെ പി പുറത്താക്കിയ ഒ ബി സി മോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേരുകയാണ്. ഇത്തരത്തില്‍ വിവിധ ഘടകങ്ങളിലുള്ളവര്‍ പാര്‍ട്ടി വിടും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല എന്നാണ് വിലയിരുത്തല്‍.
കേരളത്തില്‍ നിന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് ഒപ്പു ശേഖരണവും നിവേദനവും കേന്ദ്ര നേതൃത്വത്തില്‍ എത്തിയിട്ടുണ്ട്. പ്രധാന മന്ത്രി നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ നേതൃമാറ്റം വേണമെന്ന റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെയൊന്നും പേരില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു സുരേന്ദ്രനെ മാറ്റില്ലെന്നാണ് വിവരം. ആത്യന്തികമായി കേരളത്തിലെ ആര്‍ എസ് എസ് നല്‍കുന്ന റിപ്പോര്‍ട്ടായിരിക്കും നരേന്ദ്ര മോദിയും മറ്റും നേതാക്കളും പരിഗണിക്കുക.
മുരളീധരന്‍ കേരളത്തിലുള്ളപ്പോള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ എളമക്കരയിലെ ആര്‍ എസ് എസ് കാര്യാലയത്തിലാണ് താമസിക്കുന്നത്. നേരത്തെ പി എസ് ശ്രീധരന്‍ പിള്ളയെ പോലുള്ളവരെ മുന്‍നിര്‍ത്തി കേരളത്തില്‍ ബി ജെ പി ആര്‍ജിച്ച ജനകീയ സ്വഭാവത്തെ സംഘടിതമായി അട്ടിമറിച്ച് പാര്‍ട്ടിയെ സമ്പൂര്‍ണമായി ആര്‍ എസ് എസ് നിയന്ത്രണത്തിലാക്കുന്നതില്‍ വി മുരളീധരന്‍-സുരേന്ദ്രന്‍ പക്ഷം സുപ്രധാന പങ്കുവഹിച്ചു. അതിനാല്‍ അവരെ കൈവിട്ടുകൊണ്ടുള്ള ഒരു നീക്കത്തിനും ആര്‍ എസ് എസ് നേതൃത്വം തയാറാവില്ല എന്നാണ് വിവരം.