National
'കള്ളന്റെ താടി'; റഫാല്‍ കരാറില്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി | റഫാല്‍ കരാറില്‍ അഴിമതി നടന്നുവോ എന്നത് സംബന്ധിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. “ചോര്‍ കി ദാധീ” (കള്ളന്റെ താടി) എന്ന അടിക്കുറിപ്പോടെ ഒരു താടിക്കാരന്റെ പകുതി മുഖവും താടിയുടെ അറ്റത്ത് ഒരു ജെറ്റ് വിമാനം തൂങ്ങിക്കിടക്കുന്നതുമായ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് മോദിയെ രാഹുല്‍ വിമര്‍ശിച്ചത്. രാഹുലിന്റെ പോസ്റ്റിനെതിരെ ബി ജെ പി ഐ ടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി.
റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ആരോപണം അന്വേഷിക്കുന്നത്. പ്രത്യേക ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 നാണ് അന്വേഷണം തുടങ്ങിയത്. പബ്ലിക് പ്രോസിക്യൂഷന്‍ സര്‍വീസ് മുന്‍ മേധാവി എലിയാന ഹൗലറ്റിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
യു പി എ സര്‍ക്കാറിന്റെ കാലത്ത് വിമാനത്തിന് 526 കോടിയായിരുന്നു വില. എന്നാല്‍ 2016ല്‍ വിമാനത്തിന്റെ വില 1,670 കോടിയായി. സാങ്കേതിക വിദ്യയടക്കം കൈമാറുന്നതിനാലാണ് വില ഉയര്‍ത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്തും സാങ്കേതിക വിദ്യ കൈമാറുന്നത് കരാറിലുണ്ടായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 59,000 കോടി രൂപക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടത്. കരാറില്‍ വന്‍ അഴിമതി നടന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലിമെന്ററി സമിതിയെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് ഇന്നലെ ആവശ്യപ്പെടുകയും ചെയ്തു.