First Gear
സിട്രണ്‍ സി3 കോംപാക്ട് എസ്യുവി സെപ്തംബറില്‍ രാജ്യത്തെത്തും

ന്യൂഡല്‍ഹി | ഇന്ത്യയും ബ്രസീലും ഉള്‍പ്പെടുന്ന വികസ്വര രാജ്യങ്ങള്‍ക്കായി സിട്രണ്‍ കുറഞ്ഞ ചെലവില്‍ മൂന്ന് പുതിയ കാറുകള്‍ ഇറക്കുന്നു. ആദ്യ പ്രൊഡക്ട് സബ് കോംപാക്ട് എസ് യു വി കോഡ് നാമകരണം ചെയ്തിരിക്കുന്നത് സിസി 21 എന്നാണ്. സിട്രണ്‍ ഇ സിസി21 എന്ന കോഡ് നാമമുള്ള പുതിയ ഇലക്ട്രിക് എസ്യുവി 2022 ലാണ് വിപണിയില്‍ എത്തുക. സിട്രണ്‍ സി3 കോംപാക്ട് എസ്യുവി സ്റ്റെല്ലാന്റിസ് കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് വിലയിരുത്തല്‍. പൂഷോ 208 കാറിന്റെ പ്ലാറ്റ്ഫോമിന്റെ ലളിതമായ പതിപ്പാണിത്. എസ്യുവി, എംപിവി, ഹാച്ച്ബാക്ക്, സെഡാന്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്ത ബോഡി സ്റ്റൈലുകളുമുണ്ട്. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നിവയുള്‍പ്പെടെ ഒന്നിലധികം എന്‍ജിന്‍ ഓപ്ഷനുകളും കാറിന്റെ പ്രത്യേകതയാണ്.
സിട്രണ്‍ സി 3എസ്യുവി വലിയ സി3 എയര്‍ക്രോസ്, സി5 എയര്‍ക്രോസ് എന്നീ സ്റ്റൈലിങിലുള്ളതാണെന്ന് സ്പൈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ചതുരാകൃതിയിലുള്ള ബോഡി, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, റാപ്-റൗണ്ട് ടെയില്‍ ലാമ്പുകള്‍, അണ്ടര്‍ബോഡി ക്ലാഡിംഗ് എന്നിവയാണ് കോംപാക്ട് കാറിന്റെ സവിശേഷത. ഇതിനോടൊപ്പം ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, ബമ്പറിന് താഴെയായി സ്ഥാപിക്കുന്ന പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റ് എന്നിവയുമുണ്ട്.
സിട്രണ്‍ സി3 കോംപാക്ട് എസ്യുവിയില്‍ വലിയ ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് ഉള്‍വശത്തെ പ്രധാന ഹൈലൈറ്റ്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും പരമാവധി 130 ബി എച്ച് പി പവറുമുണ്ട്. എ5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേഡ്, ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയും ഉള്‍പ്പെടുന്നു.
ഫ്ളെക്സ്-ഫ്യൂവല്‍ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമായിരിക്കും സിട്രണ്‍ സിസി21. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, എഥനോള്‍ മിശ്രിതങ്ങള്‍ 27 ശതമാനം മുതല്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുമെന്നതും വാഹനത്തെ വ്യത്യസ്തമാക്കുന്നു.