Connect with us

Kerala

പാമ്പുകളുടെ രാജാവ് മലയിറങ്ങുമ്പോള്‍

Published

|

Last Updated

കോഴിക്കോട് | കേരളത്തില്‍ ആദ്യമായി ഒരാള്‍ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടക്കൊക്കെ പ്രത്യക്ഷപ്പെടുന്ന രാജവെമ്പാലയെക്കുറിച്ചുള്ള ഭീതി വീണ്ടും ചര്‍ച്ചയാവുന്നു. പൊതുവെ ഉള്‍വനങ്ങളിലാണ് രാജവെമ്പാലയുടെ ആവാസ വ്യവസ്ഥയെങ്കിലും അടുത്ത കാലത്തായി വന്‍തോതില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇതിനെ കണ്ടുവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച അന്തരീക്ഷോഷ്മാവിലെ വ്യത്യാസം, ഭക്ഷണ ലഭ്യതയില്‍ ഉണ്ടാവുന്ന കുറവ് എന്നിവയാണ് ഉള്‍വനങ്ങള്‍ വിട്ട് താഴ്‌വാരത്തേക്ക് ഇറങ്ങാന്‍ ഇവയെ പ്രേരിപ്പിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. തണുപ്പുള്ള പ്രദേശങ്ങള്‍ ഇഷ്ടപ്പെടുന്ന ഇവ ജലസാന്നിധ്യമുള്ളയിടങ്ങളിലാണ് അടുത്തകാലത്തായി പ്രത്യക്ഷപ്പെടുന്നത്.

തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ കാട്ടാക്കട അമ്പൂരി സ്വദേശി ഹര്‍ഷാദ് (45) തീറ്റ കൊടുക്കുന്നതിനിടെയാണ് രാജവെമ്പാലയുടെ കടിയേറ്റു മരിച്ചത്. രാജ്യത്തു തന്നെ രാജവെമ്പാലയുടെ കടിയേറ്റ് വിരലിലെണ്ണാവുന്ന മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജവെമ്പാല കടിച്ച് കേരളത്തില്‍ ഇതുവരെ ആരെങ്കിലും മരിച്ചതായി വനംവകുപ്പിന്റെ ഔദ്യോഗിക രേഖകളില്‍ ഇല്ലെങ്കിലും തട്ടേക്കാട്ട് വന്യജീവി സങ്കേതത്തില്‍ ഈറ്റവെട്ടാന്‍ പോയ ആദിവാസി ഗൃഹനാഥന്‍ രാജവെമ്പാല കടിച്ച് മരിച്ചിരുന്നുവെന്ന കഥ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഈറ്റ വെട്ടുന്നതിനിടെ പെട്ടെന്ന് മുന്നില്‍പെട്ട രാജവെമ്പാല പത്തിവിടര്‍ത്തിയപ്പോള്‍, ഒരു ഈറ്റകഷ്ണം എടുത്ത് അതിനെ കുത്തിയ ആദിവാസിയെയാണ് പാമ്പ് കടിച്ചതെന്നാണു വിവരം. നിലവിളിച്ച് ഓടിയ ഇയാള്‍ ഏതാനും ചുവടുകള്‍ പിന്നിടുമ്പോഴേക്കും വീണു മരിച്ചെന്നാണു പറയുന്നത്.
തൃശൂര്‍ ചിമ്മിണി വനാതിര്‍ത്തിയില്‍ തളച്ചിരുന്ന ആന ചെരിഞ്ഞത് രാജവെമ്പാലയുടെ വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

രാജവെമ്പാലയുടെ കടിയേറ്റാല്‍ 15 മിനുട്ടിനുള്ളില്‍ മരണം സംഭവിക്കാം. ഒരു കടിയില്‍ 20 പേരെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. വിഷത്തിന്റെ വീര്യത്തില്‍ മുന്നിലല്ലെങ്കിലും ഒരു കടിയിലൂടെ കൂടുതല്‍ അളവ് വിഷം ശരീരത്തിലെത്തിക്കാന്‍ രാജവെമ്പാലയ്ക്കു കഴിയും. ഇന്ത്യയില്‍ രാജവെമ്പാല വിഷത്തിനെതിരായ മറുമരുന്ന് എ എസ് വി (ആന്റി സ്നേക് വെനം) എല്ലായിടത്തും ലഭ്യമല്ല. തായ്‌ലന്‍ഡില്‍ ഇത് ലഭ്യമാണ്.

കരയിലെ ഭീകരന്‍
രാജവെമ്പാലയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരയില്‍ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല. പൂര്‍ണ വളര്‍ച്ചയെത്തിയ രാജവെമ്പാലയ്ക്ക് 19 അടി (എകദേശം 5.79. മീറ്റര്‍) വരെ നീളമുണ്ടായേക്കും. സാധാരണയായി പ്രായപൂര്‍ത്തിയായ രാജവെമ്പാലയ്ക്ക് ശരാശരി 10-13 അടിയാണ് നീളം. കേരളത്തില്‍ 16 അടിയോളം വലിപ്പമുള്ളവയെ ലഭിച്ചിട്ടുണ്ട്.
രാജവെമ്പാലയുടെ ന്യൂറോടോക്സിന്‍ ഗണത്തില്‍ പെടുന്ന വിഷത്തിനു ഒരു കടിയില്‍ ശരാശരി മനുഷ്യനെ 15 മിനുട്ടുകള്‍ക്കുള്ളില്‍ കൊല്ലുവാനുള്ള കഴിവുണ്ടെങ്കിലും ഇത്തരം മരണങ്ങള്‍ ഇന്ത്യയില്‍ കുറവായതിനാല്‍ രാജവെമ്പാല രാജ്യത്ത് ബിഗ് ഫോര്‍ പാമ്പുകളില്‍ ഉള്‍പ്പെടുന്നില്ല.

വിഷപ്പാമ്പുകള്‍ ഉള്‍പ്പെടെ മറ്റു നാഗങ്ങളെ ആഹാരമാക്കുന്ന രാജവെമ്പാലക്ക് പത്തി വിടര്‍ത്തുവാന്‍ കഴിയുമെന്നതൊഴിച്ചാല്‍ മൂര്‍ഖനുമായി യാതൊരു സാമ്യവുമില്ല. നീളത്തിന്റെ മൂന്നിലൊരു ഭാഗം തറയില്‍ നിന്നുയര്‍ത്തിപ്പിടിച്ച് പത്തിവിടര്‍ത്തുവാന്‍ ഇതിനു സാധിക്കും. മനുഷ്യനെ ചകിതനാക്കുംവിധം നേര്‍ക്കുനേര്‍ നോക്കുവാന്‍ ഈ സര്‍പ്പത്തിന് കഴിയുന്നതിനാല്‍ നിരവധി കെട്ടുകഥകളും ഇതി ചുറ്റിപ്പറ്റി പ്രചരിക്കുന്നു. “രാജവെമ്പാല” എന്ന പേരിനു പ്രചാരം കിട്ടുന്നതിനു മുമ്പ് വഴല എന്നും കരുവഴല എന്നുമെല്ലാം വിളിച്ചിരുന്നു എന്നാണു പറയപ്പെടുന്നത്.

മഴക്കാടുകളിലെ രാജാവ്
ഇന്ത്യന്‍ ഉപഭൂഖണ്ഡം, ദക്ഷിണ ചൈന, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ദക്ഷിണ പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മഴക്കാടുകളിലാണ് രാജവെമ്പാലയെ കണ്ടുവരുന്നത്. ഇന്ത്യയില്‍ പര്‍വതപ്രദേശങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്നും 6,500 അടിവരെ ഉയരത്തില്‍ ഇതിന്റെ സാന്നിധ്യം കണ്ടുവരുന്നുണ്ട്. വയനാട്ടിലെ കാടുകളില്‍ രാജവെമ്പാല ധാരാളമായുണ്ട്. ബ്രഹ്മഗിരി വനങ്ങളിലും ഇവ വസിക്കുന്നു. മഹാരാഷ്ട്ര മുതല്‍ കേരളം വരെയുള്ള പശ്ചിമഘട്ടത്തില്‍ ഇവയെ കാണപ്പെടാറുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയിലും തായ്‌ലന്‍ഡ്, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളിലെ ഈര്‍പ്പമുള്ള കാടുകളിലും കണ്ടുവരുന്നു.

മണ്ണില്‍ മുട്ടയിട്ട ശേഷം കരിയില കൊണ്ടു മൂടി അതിനു മുകളില്‍ അടയിരിയ്ക്കുകയാണ് രാജവെമ്പാല ചെയ്യുന്നത്. വിരിയുന്നതിനു തൊട്ടു മുമ്പ് തള്ളപ്പാമ്പ് സ്ഥലം വിടും. അടയിരിക്കുന്ന പെണ്‍ രാജവെമ്പാല വളരെ അപകടകാരിയാണ്. കര്‍ണാടകയിലും കേരളത്തിലെ കൊട്ടിയൂരും ഇവയുടെ മുട്ട വിരിയിച്ചെടുത്തിട്ടുണ്ട്. സാധാരണയായി 60 മുതല്‍ 80 ദിവസം വരെ വേണം മുട്ടകള്‍ വിരിയാന്‍. തായ്‌ലന്‍ഡിലെ കോ സാങ് ഗ്രാമത്തിലെ വീടുകളില്‍ രാജവെമ്പാലകളെ വളര്‍ത്തുന്നുണ്ട്. കൊച്ചു കുട്ടികള്‍ പോലും അവിടെ ഇതിനെ കൈകാര്യം ചെയ്യുന്നു. ടൂറിസ്റ്റുകള്‍ക്ക് മുമ്പില്‍ ഇവയെ പ്രദര്‍ശിപ്പിച്ചു ഗ്രാമീണര്‍ പണമുണ്ടാക്കുന്നു.

ഭീകര കാഴ്ച
അഗ്രം പിളര്‍ന്ന നാക്കുകൊണ്ടു മണം പിടിച്ച് എകദേശം 300 അടി ദൂരെയുള്ള ഇരയെപ്പോലും ശ്രദ്ധിക്കാനാകും.
കൃത്യതയുള്ള കാഴ്ചശക്തിയും പ്രകമ്പനങ്ങള്‍ പൊടുന്നനെ തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിശക്തിയും രാജവെമ്പാലയെ നല്ലൊരു വേട്ടക്കാരനാക്കുന്നു. ഇരയെ വിഷം പ്രയോഗിച്ചു കീഴ്‌പ്പെടുത്തിയ ശേഷം വിഴുങ്ങുകയാണു പതിവ്്. രാജവെമ്പാലയുടെ മുഖ്യ ആഹാരം മറ്റു പാമ്പുകള്‍ തന്നെയാണ്. വയര്‍ നിറയെ ഒരിക്കല്‍ ആഹരിച്ചുകഴിഞ്ഞാല്‍ മാസങ്ങളോളം ഇവയ്ക്ക് ഇരതേടാതെ ജീവിക്കുവാനാകും. പകല്‍ സമയങ്ങളില്‍ ഇരതേടുന്ന രാജവെമ്പാലയെ ദുര്‍ലഭമായെങ്കിലും രാത്രികാലങ്ങളിലും കാണാറുണ്ട്.

രാജവെമ്പാല കടിക്കുമ്പോള്‍ അരയിഞ്ചു നീളമുള്ള അവയുടെ പല്ലുകള്‍കൊണ്ട് വിഷം ഇരയുടെ ദേഹത്തേയ്ക്ക് കുത്തിവയ്ക്കുകയാണു ചെയ്യുന്നത്. ഇരയുടെ ദേഹത്തേയ്ക്ക് ഒറ്റത്തവണ ഏറ്റവും അധികം വിഷം കുത്തിവയ്ക്കുന്നതു രാജവെമ്പാലയാണ്. ഏഴ് മില്ലി ലിറ്റര്‍ വരെ വിഷം ഇരയുടെ അകത്തു ചെല്ലും. വളരെ വിഷമുള്ള മറ്റേതൊരു പാമ്പിനേക്കാളും വേഗത്തിലും രാജവെമ്പാലക്ക് ആളുകളെ കൊല്ലാന്‍ കഴിവുണ്ട്. 15 മിനിട്ടുനുള്ളില്‍ അല്ലെങ്കില്‍ അതില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മരണം സംഭവിക്കും.

നാഡീവ്യൂഹം തകരും
രാജവെമ്പാലയുടെ വിഷം ഇരയുടെ നാഡീവ്യൂഹത്തെയാണു ബാധിക്കുന്നത്. വിഷബാധ ഇരകളില്‍ കലശലായ വേദനയും കാഴ്ച മങ്ങലും തലചുറ്റലും ശരീരസ്തംഭനവും വരുത്തും. വിഷബാധയേറ്റു മിനിട്ടുകള്‍ക്കുള്ളില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും വിഷബാധയേറ്റ ജീവി അബോധാവസ്ഥയിലാവുകയും ചെയ്യും. തുടര്‍ന്നുവരുന്ന ശ്വാസതടസ്സം വിഷബാധയേറ്റവരില്‍ മരണത്തിന് ഇടവരുത്തുന്നു. രാജവെമ്പാലയുടെ വിഷത്തിന് ബിഗ് ഫോര്‍ പാമ്പുകളുടെ വിഷത്തേക്കാള്‍ തീവ്രത കുറവാണ്. എന്നാല്‍ രാജവെമ്പാല കൂടുതല്‍ അളവില്‍ വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തിവക്കുന്നതിനാല്‍ അപകടസാധ്യത വളരെയേറെ കൂടുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സൃഷ്ടിക്കുന്ന പാമ്പുകള്‍ മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, ചുരുട്ട മണ്ഡലി എന്നിവയാണ്. ഇതില്‍ ഏറ്റവും വീര്യം കൂടിയ വിഷമുള്ളത് വെള്ളിക്കെട്ടനാണ്. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എ എസ് വി (ആന്റി സ്‌നേക്ക് വെനം) ആണ് നമ്മുടെ നാട്ടിലുള്ളത്. ഈ നാലു പാമ്പുകള്‍ കഴിഞ്ഞാല്‍ പിന്നെ കരയില്‍ കാണുന്നതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത് മുഴമൂക്കന്‍ കുഴിമണ്ഡലിയാണ്. കടല്‍ പാമ്പുകള്‍ എല്ലാം വിഷം ഉള്ളതാണ്. അവ കടിച്ചും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest