Connect with us

Kerala

കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമി ഇടപാടിലെ അഴിമതി ആരോപണം; അന്വേഷണം കമ്മീഷനെ നിയോഗിച്ച് സി പി എം

Published

|

Last Updated

പാലക്കാട് | പാലക്കാട് സി പി എം നിയന്ത്രണത്തിലുള്ള സഹകരണ ബേങ്കുകളുടെ കണ്‍സോര്‍ഷ്യം തുടങ്ങാനിരിക്കുന്ന കണ്ണമ്പ്ര റൈസ് പാര്‍ക്കിന്റെ ഭൂമി ഇടപാടിലെ അഴിമതി ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സി പി എം. പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് ആരോപണം അന്വേഷിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സുരേഷ് ബാബു, പി എന്‍ മോഹനന്‍ എന്നിവരുള്‍പ്പെട്ട കമ്മീഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.

27.66 ഏക്കര്‍ ഭൂമിയാണ് റൈസ് പാര്‍ക്കിനായി വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം ആറര കോടിയോളം രൂപയാണ് നല്‍കിയത്. എന്നാല്‍ ഏക്കറിന് 16 ലക്ഷം രൂപ മാത്രം മതിപ്പ് വിലയാണ് ഇവിടെ സ്ഥലത്തിനുള്ളതെന്നും ഏഴ് ലക്ഷം രൂപ ഏക്കറിന് അധികം നല്‍കി ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്നുമാണ് പരാതിയുയര്‍ന്നത്.
ഇതിലൂടെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കനത്ത നഷ്ടം സംഭവിച്ചതായി പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ജില്ലാ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായും സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആയിരുന്നു ആവശ്യം.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പരാതി നല്‍കിയത്. ഇതുവരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രാദേശിക നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതയുള്ള എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. എന്നാല്‍, പരാതി അടിസ്ഥാന രഹിതമാണെന്നും സഹകരണ വകുപ്പിന്റെ പൂര്‍ണ അറിവോടെയാണ് ഭൂമി ഇടപാട് നടന്നതെന്നുമാണ് കണ്ണമ്പ്ര സഹകരണ ബേങ്കിന്റെയും പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെയും വിശദീകരണം.

Latest