Kerala
കൊവിഡ് മരണം; സര്‍ക്കാര്‍ ദുരഭിമാനം മാറ്റിവച്ച് യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം | കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ദുരഭിമാനം മാറ്റിവച്ച് യഥാര്‍ഥ കണക്കുകള്‍ പുറത്തു വിടാന്‍ തയാറാവണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് കുറവാണെന്ന് വരുത്തി തീര്‍ത്ത് ക്രെഡിറ്റ് എടുക്കുന്ന പരിപാടി സര്‍ക്കാര്‍ അവസാനിപ്പിക്കണം. കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാറല്ല കുറ്റക്കാര്‍. ഇത് ലോകത്താകെ പടര്‍ന്നുപിടിച്ച മഹാമാരിയാണ്. അതിനാല്‍ മരണത്തിന്റെ യഥാര്‍ഥ കണക്കുകള്‍ മറച്ചുവക്കേണ്ടതില്ല.
കൊവിഡ് മരണങ്ങള്‍ നിശ്ചയിക്കാന്‍ ഐ സി എം ആര്‍ മാനദണ്ഡങ്ങളാണ് അടിസ്ഥാനമായി സ്വീകിരിച്ചിട്ടുള്ളതെന്ന ആരോഗ്യ മന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കൊവിഡ് മൂലമുള്ള നിരവധി മരണങ്ങള്‍ കണക്കില്‍ നിന്നും ഒഴിവാക്കിയത് കേരളം മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നതിന് തെളിവാണ്. ഐ സി യു ബെഡില്‍ കിടന്നു മരിച്ചത് പോലും കൊവിഡ് മരണമായി കണക്കാക്കിയില്ല. കൊവിഡിലെ ആരോഗ്യഡാറ്റ കൃത്രിമമായി ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും സതീശന്‍ ആരോപിച്ചു.
കൊവിഡ് മരണങ്ങളെ പട്ടികപ്പെടുത്താന്‍ കൊണ്ടുവന്ന പുതിയ ജില്ലാതല സമിതിയെ കുറിച്ചുള്ള പരാതികളില്‍ നടപടിയെടുക്കാനും സര്‍ക്കാര്‍ തയാറായില്ല. നിയമപരമായി കിട്ടേണ്ട അനുകൂല്യങ്ങളില്‍ നിന്ന് ആരും പുറത്താക്കപ്പെടാന്‍ അനുവദിക്കില്ല. ഡാറ്റ സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ പ്രതിപക്ഷം ശേഖരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.