Kerala
വാക്‌സിന്‍ ലഭ്യമായാല്‍ സംസ്ഥാനത്തിന് മൂന്നോ നാലോ മാസത്തിനകം സാമൂഹിക പ്രതിരോധം ആര്‍ജിക്കാനാകും: മുഖ്യമന്ത്രി

തിരുവനന്തപുരം | ആവശ്യപ്പെട്ട അളവില്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമായാല്‍ മൂന്നോ നാലോ മാസങ്ങള്‍ക്കകം സാമൂഹിക പ്രതിരോധം ആര്‍ജിക്കാന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്ത് ഇതുവരെ മൊത്തം ജനസംഖ്യയുടെ 40 ശതമാനം ആളുകള്‍ക്ക് ആദ്യത്തെ ഡോസും 12 ശതമാനം ആളുകള്‍ക്ക് രണ്ടു ഡോസുകളും നല്‍കാന്‍ സാധിച്ചു. 1,07,05,024 പേര്‍ക്കാണ് ആദ്യ ഡോസ് ലഭിച്ചത്. 31,57,435 പേര്‍ക്ക് രണ്ടു ഡോസുകളും നല്‍കി.
1,38,62,459 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ 5,36,218 പേര്‍ക്ക് ആദ്യ ഡോസും 4,26,853 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുന്‍നിര പ്രവര്‍ത്തകരില്‍ 5,51,272 പേര്‍ക്ക് ആദ്യ ഡോസും 4,29,737 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.
45 വയസിനു മുകളിലുള്ള 78,12,226 പേര്‍ക്ക് ആദ്യ ഡോസും 22,76,856 പേര്‍ക്ക് രണ്ടു ഡോസുകളും നല്‍കി. 18 മുതല്‍ 44 വയസു വരെയുള്ള 18,05,308 പേര്‍ക്ക് ആദ്യ ഡോസും 23,989 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.
25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ വഴി ആയിരിക്കും വിതരണം ചെയ്യുക എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുഖേന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്കു വാക്‌സിന്‍ വിതരണം ചെയ്യപ്പെടുന്നില്ല. നിലവില്‍ അവര്‍ മറ്റു ഏജന്‍സികള്‍ വഴിയാണ് വാക്‌സിന്‍ വാങ്ങി വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.