National
ദുര്‍ബല വിഭാഗങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ ധനസമാഹരണം; ഡല്‍ഹി സ്വദേശിനിക്ക് ഡയാന അവാര്‍ഡ്

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരിയുടെ ആദ്യ ദിവസങ്ങളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ സമാഹരിച്ച ഡല്‍ഹിയില്‍ നിന്നുള്ള സാമൂഹിക സംരംഭകയും വാര്‍വിക് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ സന മിത്താറിന് ഡയാന അവാര്‍ഡ്. “യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ് ഡി ജി), യുവാക്കളെ ശാക്തീകരിക്കുക”” എന്ന മുദ്രാവാക്യത്തോടെ യുവാക്കളുടെ സാമൂഹിക ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കി വരുന്ന പുരസ്‌കാരമാണിത്.
കൊവിഡ് പടര്‍ന്നു പിടിച്ച ആദ്യ ദിനങ്ങളില്‍ മിത്താര്‍ ഒരു ഡിജിറ്റല്‍ കാമ്പെയ്ന്‍ ഏകോപിപ്പിക്കുകയും ദുര്‍ബല വിഭാഗങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ സമാഹരിക്കുന്നതിന് 150 വളണ്ടിയര്‍മാരുമായി സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. നിരാലംബരായ 40 കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി ഫണ്ട് സ്വരൂപിക്കാന്‍ ഈയൊരു ഇടപെടലിലൂടെ കഴിഞ്ഞു. അങ്ങനെ അവര്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ നിന്ന് പഠനം തുടരാന്‍ സാധിച്ചു.
നിരന്തരമായുള്ള സാമൂഹിക ഇടപെടലിലൂടെ യുവാക്കള്‍ക്ക് മാതൃകയാകുകയാണ് സന മിത്താര്‍. 2021 ഏപ്രിലില്‍ മിത്താര്‍ സ്വന്തമായി ഒരു സോഷ്യല്‍ എന്റര്‍പ്രൈസ് ഗ്ലോബല്‍ വൊളന്റിയേഴ്സ് ആക്ഷന്‍ നെറ്റ്വര്‍ക്ക് (ജി വി എന്‍) ആരംഭിച്ചു. ഇതിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ കൊണ്ടുവന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും മിത്താറും സംഘവും അശരണര്‍ക്ക് ആശ്വാസമാകുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് ഫൗണ്ടേഷന്‍, ഇന്‍സ്റ്റാഗ്രാം, യംഗ് ലീഡേഴ്സ് ഫോര്‍ ആക്ടീവ് സിറ്റിസണ്‍ഷിപ്പ്, ഐക്യരാഷ്ട്രസഭ തുടങ്ങീ വിവിധ സംഘടനകളില്‍ മിത്താര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വെയിത്സ് രാജകുമാരിയായ ഡയാനയുടെ സ്മരണാര്‍ഥമുള്ളതാണ് ഡയാന അവാര്‍ഡ്. അവരുടെ മക്കളായ വില്യം, കേംബ്രിഡ്ജ് ഡ്യൂക്ക്, ഹാരി, ദി സ്യൂസെക്സ് ഡ്യൂക്ക് എന്നിവരുടെ പിന്തുണയോടെയാണ് അവാര്‍ഡ് നല്‍കുന്നത്.