Covid19
കൊവിഡ് ബാധിച്ച് മരിച്ചവരില്‍ മസ്തിഷ്‌ക എരിച്ചിലും

വാഷിംഗ്ടണ്‍ | കൊവിഡ് ബാധിച്ച് മരിച്ചവരുടെ മസ്തിഷ്‌കങ്ങളില്‍ എരിച്ചിലിന്റെയും നാഡീവ്യൂഹ തകരാറിന്റെയും സൂചനകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അള്‍ഷിമേഴ്‌സും പാര്‍കിന്‍സണ്‍സും വന്ന് മരിക്കുന്നവരുടെ അവസ്ഥക്ക് സമാനമായ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിന്‍, ജര്‍മനിയിലെ സാര്‍ലാന്‍ഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്.
കൊവിഡ് തീവ്രമായവരിലാണ് ഈ തകരാറുകള്‍ കണ്ടെത്തിയത്. മെഡിക്കല്‍ ലോകം ലോംഗ് കൊവിഡ് എന്ന് വിളിക്കുന്ന ദീര്‍ഘകാല തകരാര്‍ സ്ഥിരമാകാനും ഇത് ഇടയാക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന മൂന്നിലൊന്ന് കൊവിഡ് രോഗികളും ചിന്തയിലെ അവ്യക്തത, മറവി, ഏകാഗ്രത പ്രശ്‌നം, ഡിപ്രഷന്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്.
രോഗം ബാധിച്ച് മരിച്ച എട്ട് പേരുടെ മസ്തിഷ്‌കമാണ് പഠനവിധേയമാക്കിയത്. എന്നാല്‍, മസ്തിഷ്‌ക കോശത്തില്‍ കൊറോണവൈറസിന്റെ സാന്നിധ്യമൊന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടില്ല. മറ്റ് രോഗങ്ങളാല്‍ മരിച്ച 14 പേരുടെ മസ്തിഷ്‌കവും പഠനവിധേയമാക്കിയിരുന്നു.