Kerala
മലപ്പുറം പ്രസ് ക്ലബിന്റെ കെ എം ബഷീര്‍ മാധ്യമ പുരസ്‌കാരം ജിമ്മി ഫിലിപ്പിനും സുനില്‍ ബേബിക്കും

മലപ്പുറം | മലപ്പുറം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ കെ എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരം 2020
അച്ചടി മാധ്യമ വിഭാഗം: ജിമ്മി ഫിലിപ്പ് (ദീപിക). ദൃശ്യ മാധ്യമ വിഭാഗം: സുനില്‍ ബേബി (മീഡിയ വണ്‍)
സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരിക്കെ ഐ എ എസ് ഉദ്യോഗസ്ഥന്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കെ എം ബഷീറിന്റെ സ്മരണാര്‍ഥം മലപ്പുറം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ 2020ലെ പുരസ്‌കാരത്തിന് ദീപികയിലെ ജിമ്മി ഫിലിപ്പും (അച്ചടി മാധ്യമ വിഭാഗം) മീഡിയ വണ്‍ മുന്‍ സീനിയര്‍ പ്രൊഡ്യൂസര്‍ സുനില്‍ ബേബിയും (ദൃശ്യ മാധ്യമ വിഭാഗം) അര്‍ഹരായി. തിരൂര്‍ അര്‍ബന്‍ കോപ്പറേറ്റീവ് ബേങ്കിന്റെ സഹകരണത്തോടെയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
2019 നവംബര്‍ 14 മുതല്‍ 19 വരെ ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച “കുട്ടനാട് വീണ്ടെടുക്കാം വീഴ്ചയില്ലാതെ” പരമ്പരക്കും 2019 ഒക്ടോബറില്‍ മീഡിയ വണ്‍ സംപ്രേഷണം ചെയ്ത “തീക്കനല്‍ക്കര” ന്യൂസ് സ്റ്റോറിക്കുമാണ് പുരസ്‌കാരം. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍, കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എബ്രഹാം മാത്യു എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
25,000 രൂപ വീതവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്, സെക്രട്ടറി കെ പി എം റിയാസ്, തിരൂര്‍ അര്‍ബന്‍ കോപ്പറേറ്റീവ് ബേങ്ക് ചെയര്‍മാന്‍ ഇ ജയന്‍, വൈസ് ചെയര്‍മാന്‍ ദിനേശ് പൂക്കയില്‍, ഡയറക്ടര്‍ ബഷീര്‍ കൊളക്കാട് സംബന്ധിച്ചു.