Covid19
ഡെല്‍റ്റ പ്ലസ് വകഭേദത്തെ കുറിച്ച് അറിയാം

കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതി ഒഴിയും മുമ്പ് കൊറോണവൈറസിന്റെ ജനിതക മാറ്റം വന്ന മറ്റൊരു വകഭേദം കൂടി രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു. ഡെല്‍റ്റ പ്ലസ് എന്ന വകേഭദം കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെ കുറിച്ച് വിശദമായി അറിയാം:
ബി.1.617.2 എന്ന ഡെല്‍റ്റ വകഭേദത്തിന്റെ വ്യതിയാനം സംഭവിച്ച രൂപമാണ് ഡെല്‍റ്റ പ്ലസ്. ദശലക്ഷക്കണക്കിന് പേര്‍ രോഗികളാകുകയും ആയിരങ്ങള്‍ മരിക്കുകയും ചെയ്ത രാജ്യത്തെ രണ്ടാം തരംഗം രൂക്ഷമാക്കിയത് ഡെല്‍റ്റ വകഭേദമായിരുന്നു.
അതിവേഗം പകരുമെന്നതാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത. ശ്വാസകോശങ്ങളിലെ റിസപ്റ്ററുകളില്‍ ഇത് ശക്തിയായി പിടിച്ചിരിക്കും. മോണോക്ലോണല്‍ ആന്റിബോഡി പ്രതികരണം വളരെയധികം താഴ്ത്തുകയും ചെയ്യും.
പുതിയ വകഭേദം എത്രമാത്രം അപകടകാരിയാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. പുതിയ വകഭേദത്തിലൂടെ മൂന്നാം തരംഗം പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ വേഗത്തില്‍ വരുമെന്നാണ് മഹാരാഷ്ട്രയിലെ വിദഗ്ധര്‍ പറയുന്നത്. മഹാരാഷ്ട്രയിലാണ് പുതിയ വകഭേദം രൂപം കൊണ്ടത്. ഇവിടെയാണ് അധിക ഡെല്‍റ്റ പ്ലസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തത്.
യു എസ്, യു കെ, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജപ്പാന്‍, പോളണ്ട്, റഷ്യ, ചൈന എന്നിവിടങ്ങളിലും ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ വകഭേദത്തിന് വാക്‌സിനേഷന്‍ ഫലപ്രദമാണോയെന്നതും ഇപ്പോള്‍ പറയാറായിട്ടില്ല. ഡെല്‍റ്റ വകഭേദത്തെ കൊവിഷീല്‍ഡും കൊവാക്‌സിനും ചെറുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.