Connect with us

Kerala

ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത്‌ലീഗ്

Published

|

Last Updated

കോഴിക്കോട് |  നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന യൂത്ത്‌ലീഗിന്റെ ആദ്യ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം പാര്‍ട്ടി ഉന്നതാധികാര സമിതിക്കാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. ചില ഉന്നതാധികാര സമിതി അംഗങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാരെപ്പോലെയാണ് പെരുമാറുന്നത്. പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി വേണം. ഇഷ്ടക്കാരെ തിരുകിക്കയറ്റിയും പ്രതിഷേധക്കാരെ അനുനയിപ്പിച്ചുമുള്ള രീതിയാണ് നിലവിലുള്ളത്. അഞ്ചോ, ആറോ നേതാക്കള്‍ മാത്രം ചേര്‍ന്ന് എല്ലാം തീരുമാനവും എടുക്കുന്നു. ഇനിയും ഇത് അംഗീകരിക്കാനാകില്ലെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു.

കുന്ദമംഗലം, പട്ടാമ്പി, തിരുവമ്പാടി, പേരാമ്പ്ര സീറ്റുകളുടെ കാര്യത്തില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും യൂത്ത്‌ലീഗ് കുറ്റപ്പെടുത്തി.

അതിനിടെ തിരഞ്ഞെടുപ്പ് ഫലം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ട്ടിക്കേറ്റ തിരിച്ചടി ചര്‍ച്ച ചെയ്യാത്തതില്‍ ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ച് കഴിഞ്ഞു. ലീഗിന്റെ അഞ്ചോ ആറോ നേതാക്കള്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതി കൂടിയാലോചനകള്‍ ഇല്ലാതെ കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നാണ് ഇവരുടേയും പ്രധാന വിമര്‍ശനം. ലീഗിന്റെ സംഘടനാ സംവിധാനത്തെ ഇത് ബാധിച്ചെന്നും ഇവര്‍ പറയുന്നു.

Latest