Connect with us

Gulf

അബുദാബിയിലെ മാളുകളില്‍ സൗജന്യ പി സി ആര്‍ പരിശോധന ഒരുക്കും

Published

|

Last Updated

അബുദാബി | ലുലു ഗ്രൂപ്പിന്റെ കീഴില്‍ അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന മാളുകളില്‍ സൗജന്യ കോവിഡ് 19 പി സി ആര്‍ പരിശോധന നടപ്പിലാക്കുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. അബുദാബി എമിറേറ്റില്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് അല്‍ ഹുസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കിയതോടെ ഉപപഭോക്താക്കളുടെ ദൈനംദീന ചെലവുകള്‍ ലഘൂകരിക്കുന്നതിനാണ് മാളുകളില്‍ സൗജന്യ ആര്‍ ടി പി സി ആര്‍ പരിശോധന നടപ്പാക്കുന്നത്.

പൂര്‍ണ്ണമായും വാക്‌സിനേഷന്‍ ലഭിച്ച താമസക്കാര്‍ക്ക് ഗ്രീന്‍ പാസിന്റെ സാധുത 30 ദിവസമാണ്, അതിനാല്‍ പ്രതിവാര പരിശോധന നടത്താനാണ് പദ്ധതി. ഇത് പതിവ് പരിശോധനയ്ക്ക് പണം നല്‍കേണ്ടിവരുന്നതിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. മാത്രമല്ല പിസിആര്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ ഞങ്ങളുടെ ഉപയോക്താക്കള്‍ വേറൊരു സ്ഥലത്തേക്ക് പോകേണ്ടതില്ല.

ആരോഗ്യ സേവന ദാതാക്കളുമായി കമ്പനി ചര്‍ച്ച നടത്തിവരികയാണ് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സൗജന്യ സേവനം ആരംഭിക്കാന്‍ കഴിയുമെന്നും നന്ദകുമാര്‍ പറഞ്ഞു.

അല്‍ ഐന്‍, അബുദാബി മേഖലകളില്‍ 12 ഓളം മാളുകളില്‍ സൗജന്യ കോവിഡ് പരിശോധന നടപ്പാക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. സെന്‍ട്രല്‍ അബുദാബിയിലെ അല്‍ വഹ്ദ മാള്‍, മുഷ്‌രിഫ് മാള്‍, ഖാലിദിയ മാള്‍, പ്രാന്തപ്രദേശത്തുള്ള അല്‍ റഹ മാള്‍, മസ്യാദ് മാള്‍, ഫോര്‍സാന്‍ സെന്‍ട്രല്‍ മാള്‍ ഇന്നിവിടങ്ങളില്‍ സൗജന്യ പരിശോധന നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല, പക്ഷേ ആഴ്ചയില്‍ ഒരു ദിവസം തിരഞ്ഞെടുത്ത മാളുകളില്‍ ദിവസം മുഴുവന്‍ പരിശോധന നടത്താനാണ് പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.

കര്‍ശനമായ കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു മുന്‍ കൂട്ടി ബുക്കിംഗ് അവതരിപ്പിച്ച് സാമൂഹിക അകലം പാലിച്ചു പരിശോധന ഒരുക്കും. ലുലു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും മറ്റ് ലുലു പ്ലാറ്റ്‌ഫോമുകളിലും പരിശോധനക്ക് ബുക്ക് ചെയ്യാന്‍ അവസരമൊരുക്കും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest