Connect with us

Kerala

ജീവിത്തിന്റെ തിരശ്ശീലക്കപ്പുറം ശാന്തന്‍ മറഞ്ഞു

Published

|

Last Updated

കോഴിക്കോട് | നാടകങ്ങളെ നെഞ്ചേറ്റിയ നഗരത്തിന് പ്രിയങ്കരനായ ഒരെഴുത്തുകാരനെക്കൂടി അകാലത്തില്‍ നഷ്ടപ്പെട്ടു. എ ശാന്തകുമാര്‍ എന്ന നാടക പ്രതിഭ ഇനി തിരശ്ശീലയിടാത്ത ഓര്‍മ. രോഗം ഭേദമായി ശാന്തമായിരുന്ന ആ ശരീരത്തിലേക്ക് രക്താര്‍ബുദം വീണ്ടും അരിച്ചെത്തി ആ പ്രതിഭയെ കവര്‍ന്നു കൊണ്ടുപോവുകയായിരുന്നു.

അരങ്ങിന്റെ കരുത്തുറ്റ പാരമ്പര്യമുള്ള കോഴിക്കോടന്‍ നാടക വേദിക്ക് തിളക്കമുള്ള സാന്നിധ്യമായിരുന്നു ശാന്തകുമാര്‍. പി എം താജിനെപ്പോലെ എത്രയോ കരുത്തുറ്റ കഥാപാത്രങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ ഇറക്കിവിട്ടാണ് അദ്ദേഹം അരങ്ങൊഴിയുന്നത്.

കരുവട്ടൂര്‍ എന്ന നാടക ഗ്രാമത്തിന്റെ സംഭാവനയായിരുന്നു ശാന്തകുമാര്‍. അരങ്ങ് ജ്വലിപ്പിച്ച് പൊലിഞ്ഞു പോകുന്ന നാട്ടു നാടകങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു തന്റെ ഗ്രാമമെന്ന് ശാന്തന്‍ പറയുമായിരുന്നു. തെക്ക് പൂനൂര്‍ പുഴയും പടിഞ്ഞാറ് കോഴിക്കോട് നഗരവും വടക്ക് കക്കോടി ഗ്രാമവും കിഴക്ക് വീണ്ടും പൂനൂര്‍ പുഴയും അതിരിടുന്ന കരുവട്ടൂര്‍ എന്ന നാടകഗ്രാമത്തില്‍ നിന്ന് അദ്ദേഹം അതിരുകളില്ലാതെ ആസ്വാദക ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.

എണ്ണമറ്റ കലാസമിതികള്‍ മൊട്ടിട്ട ഗ്രാമത്തില്‍ നാടകങ്ങള്‍ക്ക് പൂക്കാതിരിക്കാനാവുമായിരുന്നില്ല. തിക്കോടിയന്റെയും തോപ്പില്‍ ഭാസിയുടെയും സി എല്‍ ജോസിന്റെയും മരട് രഘുനാഥിന്റെയും ഇ കെ അയമുവിന്റെയും കെ ടിയുടെയും താജിന്റെയും നാടകങ്ങള്‍ വേനല്‍ക്കാല രാത്രികളിലേക്ക് വിരുന്നെത്തിയിരുന്നതിന്റെ സൃഷ്ടിയായിരുന്നു ശാന്തകുമാറും.

[irp]

നവംബര്‍ മാസത്തിന്റെ ഇളം കുളിരിനൊപ്പം രാത്രികളില്‍ നാടകങ്ങള്‍ പൂക്കുമായിരുന്ന നാടിന്റെ ഓര്‍മയിലാണ് അദ്ദേഹം എഴുത്തുകാരനാവുന്നത്. ചൂടും കുളിരും തിരുവാതിരനിലാവും ശിവരാത്രി ചന്തവും നിറഞ്ഞ രാത്രികളില്‍ നാടകങ്ങളില്‍ പിറന്ന ഒരുപാട് പ്രതിഭകളുടെ പിന്‍മുറക്കാരനായിരുന്നു ശാന്തനും.

നാടകത്തില്‍ അധികമാരാലും അറിയപ്പെടാതെ സ്വന്തം നാട്ടുവാസികളെ അഹ്ലാദിപ്പിക്കാന്‍ നാടകകളരിയുമായി നടന്ന അനേകരുണ്ടായിരുന്നു ആ ഗ്രാമത്തില്‍. അവരില്‍ നിന്ന്് ഒരാള്‍ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് അരങ്ങിനെ വ്യാപരിപ്പിച്ചു.
കലാലയ നാടകങ്ങളില്‍ ശാന്തനെ മാറ്റിനിര്‍ത്തുക അസാധ്യമായിരുന്നു. മരം പെയ്യുന്നു, പെരുങ്കൊല്ലന്‍, കര്‍ക്കടകം,രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടന്‍ പൂച്ച തുടങ്ങി ഒരുപാട് നാടകങ്ങള്‍.

അരങ്ങില്‍നിന്ന് ശാന്തകുമാര്‍ വെള്ളിത്തിരയിലേക്കും ചുവടുവച്ചിരുന്നു. ” ഭൂമിയിലെ മനോഹര സ്വകാര്യം”മെന്ന തിരക്കഥയിലൂടെയായിരുന്നു അത്. പ്രണയത്തിന്റെ ആരും പറയാത്ത കഥയായിരുന്നു അത്.

“ഒരു ദേശം നുണ പറയുന്നു” എന്ന ശാന്തന്റെ നാടകത്തെ അടിസ്ഥാനമാക്കിയാണ് ഷൈജു അന്തിക്കാട് ഭൂമിയിലെ മനോഹര സ്വകാര്യം വികസിപ്പിച്ചത്. ശാന്തന്റെ നാടകം സംവിധാനം ചെയ്ത ഷൈജു കഥയും തിരക്കഥയും സംഭാഷണവുമെഴുതിച്ച് ശാന്തനേയും സിനിമയിലേക്കു നടത്തുകയായിരുന്നു.

പതിമൂന്നാം വയസ്സില്‍ നാടകമെഴുതി കലാലോകത്ത് അരങ്ങേറ്റം കുറിച്ചതാണ് ശാന്തകുമാര്‍. നാടക രചനക്ക് കേരള സംഗീതനാടക അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡ് നേടിയ പ്രതിഭാവിലാസത്തിനുടമ. അമ്പതിലേറെ നാടകങ്ങളുടെ രചയിതാവ്. കേരളത്തിനു പുറത്തും വിദേശങ്ങളിലുമെല്ലാം മലയാളികള്‍ സംഗമിക്കുന്ന ഇടങ്ങളിലെല്ലാം എ ശാന്തകുമാറിന്റെ നാടകം അരങ്ങിലെത്തി. അത്രയേറെ മനുഷ്യ കഥാനുഗായികളായിരുന്നു ആ രചനകളെല്ലാം.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്