Connect with us

National

എല്‍ ജെ പി അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗ് പാസ്വാനെ പുറത്താക്കി; നടപടി വിമത നീക്കങ്ങള്‍ക്കൊടുവില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ലോക് ജന്‍ശക്തി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗ് പാസ്വാന്‍ പുറത്ത്. ഇളയച്ഛന്‍ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തില്‍ നടന്ന വിമത നീക്കങ്ങളാണ് ചിരാഗിന്റെ സ്ഥാനം തെറിപ്പിച്ചത്. ഒരു വ്യക്തി, ഒരു പദവിയെന്ന പാര്‍ട്ടി തത്വമനുസരിച്ചാണ് നടപടിയെന്നാണ് വിമതര്‍ പറയുന്നത്. വിമത എം പിമാരുടെ അടിയന്തര യോഗത്തിലാണ് ചിരാഗിനെതിരെ നടപടി സ്വീകരിച്ചത്. എല്‍ ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവും പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാനുമായിരുന്നു ചിരാഗ് പാസ്വാന്‍. കഴിഞ്ഞ ദിവസം ചിരാഗ് ഒഴികെയുള്ള പാര്‍ട്ടിയുടെ എം പിമാര്‍ ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗിനെ പുറത്താക്കിയത്.

സൂരജ് ഭാനെ പാര്‍ട്ടിയുടെ താത്ക്കാലിക വര്‍ക്കിംഗ് പ്രസിഡന്റായി വിമതര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത് തന്നെ നടക്കുമെന്ന് കരുതുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ സൂരജ് ഭാന്‍ പദവിയില്‍ തുടരും. പാര്‍ട്ടിയിലെ അഞ്ച് എം പിമാര്‍ ഞായറാഴ്ച ലോക്‌സഭാ സ്പീക്കറെക്കണ്ട് ചിരാഗിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് നീക്കിയതായും പകരം പരസിനെ നിയമിച്ചതായും അറിയിച്ചിരുന്നു. അലി കൈസറാണ് ഉപ നേതാവ്.

തന്റെ പിതാവും പാര്‍ട്ടി സ്ഥാപകനുമായ രാംവിലാസ് പാസ്വാനില്‍ നിന്ന് കൈമാറിക്കിട്ടിയ എല്‍ ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി, ബോര്‍ഡ് മേധാവി പദവികളില്‍ നിന്നും ചിരാഗിനെ ഒഴിവാക്കാനും വിമതര്‍ നീക്കം നടത്തുന്നുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ബി ജെ പിയുടെയും പിന്തുണയോടെയാണ് രാംവിലാസ് പാസ്വാന്റെ ഇളയ സഹോദരനായ പരസ് വിമത അട്ടിമറിക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം പരസിനെ സന്ദര്‍ശിക്കാന്‍ ചിരാഗ് എത്തിയെങ്കിലും ഒന്നേ മുക്കാല്‍ മണിക്കൂറോളം കാത്തുനിന്ന ശേഷം തിരിച്ചുപോകേണ്ടി വന്നു.

കേന്ദ്രമന്ത്രിസഭാ പുനസ്സംഘടനയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് എല്‍.ജെ.പി.യിലെ കലഹം മറനീക്കിയത്. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യത്തെ പുനസ്സംഘടനയില്‍ ജെ ഡി യു, എല്‍ ജെ പി എന്നീ ഘടക കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സൂചനയുണ്ട്. നിലവില്‍ ചിരാഗ് ഉള്‍പ്പെടെ ആറ് ലോക്‌സഭാംഗങ്ങളാണ് എല്‍ ജെ പി ക്കുള്ളത്. എന്നാല്‍, ചിരാഗിന്റെ നേതൃത്വത്തില്‍ എല്‍ ജെ പി യെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ജെ ഡി യു സമ്മതിക്കില്ല. 2020 ഒക്ടോബര്‍ മുതല്‍ ചിരാഗും നിതീഷും തമ്മില്‍ ആരംഭിച്ച അഭിപ്രായ ഭിന്നത അടുത്തിടെ മൂര്‍ച്ഛിച്ചിരുന്നു. ജനുവരിയില്‍ ദേശീയ തലത്തില്‍ ചേര്‍ന്ന എന്‍ ഡി എ യുടെ വെര്‍ച്വല്‍ യോഗത്തിലേക്ക് ചിരാഗിനെ ബി ജെ പി ക്ഷണിച്ചിരുന്നെങ്കിലും നിതീഷിന്റെ എതിര്‍ത്തതോടെ ഒഴിവാക്കിയിരുന്നു.

Latest