Kerala
ആഇശക്കെതിരായ കേസ്: പോലീസിനോട് മറുപടി തേടി ഹൈക്കോടതി

കൊച്ചി | രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സംഭവത്തില്‍ സംവിധായിക ആഇശ സുല്‍ത്താന നല്‍കിയ മുന്‍കര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കവരത്തി പോലീസ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിഷയത്തില്‍ പോലീസിനോട് മറുപടി തേടണമെന്നും ആഇശ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്കൂടി പരിഗണിച്ചാണ് കേസ് മാറ്റിയത്.
എന്തെല്ലാം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം – 124 എ – ചുമത്തിയതെന്ന് അടുത്ത സിറ്റിംഗിന് മുമ്പ് മറുപടി നല്‍കാന്‍ കോടതി ലക്ഷദ്വീപ് പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതിനിടെ കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതീഷ് വിശ്വനാഥന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും, ടി വി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും ആഇശ സുല്‍ത്താന ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.