Kerala
ലക്ഷദ്വീപിലെ ബി ജെ പിയെ അവഗണിച്ചും കോര്‍പറേറ്റ് ലക്ഷ്യം നേടും; രാജിവച്ചവര്‍ ഭീരുക്കളെന്ന് അബ്ദുല്ലക്കുട്ടി

കോഴിക്കോട് | ലക്ഷദ്വീപില്‍ പാര്‍ട്ടി വിട്ട ബി ജെ പിക്കാര്‍ ഭീരുക്കളാണെന്ന് ബി ജെ പി ദേശീയ വൈസ് പ്രസിഡന്റും ലക്ഷദ്വീപിന്റെ ചുമതലയുള്ള പ്രഭാരിയുമായ എ പി അബ്ദുല്ലക്കുട്ടി. കടയില്‍ നിന്നു സാധനം കിട്ടില്ലെന്നു ഭയന്നും ഊരുവിലക്കു പേടിച്ചുമാണ് അത്തരക്കാര്‍ ബി ജെ പി വിട്ടതെന്നും അദ്ദേഹം സിറാജ് ലൈവിനോട് പറഞ്ഞു. അഡ്മിനിസ്ട്രേറ്ററെ ബയോ വെപ്പണ്‍ എന്നു വിശേഷിപ്പിച്ചത് രാജ്യദ്രോഹക്കുറ്റമാണെന്നതില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നു. പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലെന്ന കോടതി വിധിയെക്കുറിച്ചു ചോദിച്ചപ്പോള്‍ രോഷാകുലനായി അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു.
100 ശതമാനം മുസ്ലിംകള്‍ അധിവസിക്കുന്ന ലക്ഷദ്വീപില്‍ കോര്‍പേറ്റ് ലക്ഷ്യം നടപ്പാക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്കൊപ്പം ശക്തമായി മുന്നോട്ടു പോകുമെന്ന സൂചനയാണ് അബ്ദുല്ലക്കുട്ടി നല്‍കുന്നത്. ലക്ഷദ്വീപിലെ ജനങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും അവകാശങ്ങളും ചവിട്ടിമെതിച്ച് അവിടം ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ബി ജെ പി പ്രഫുല്‍ പട്ടേലിനെ ചുമതലപ്പെടുത്തിയതും അബ്ദുല്ലക്കുട്ടിയെ ഇവിടെ ബി ജെ പി പ്രഭാരിയാക്കിയതും ആസൂത്രിത നീക്കമാണെ സൂചനയാണ് ഇതോടെ പുറത്തുവരുന്നത്.
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചതിനു പ്രദേശവാസിയും ചലച്ചിത്ര സംവിധായകയുമായ ഐഷാ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടത് അനിവാര്യമാണെന്നാണ് അബ്ദുല്ലക്കുട്ടിയുടെ പക്ഷം. ഐഷ സുല്‍ത്താനക്കെതിരെ പരാതി നല്‍കുന്നതില്‍ തനിക്കുള്ള പങ്ക് ആവര്‍ത്തിക്കുകയാണ് അദ്ദേഹം.
ലക്ഷദ്വീപില്‍ ദുര്‍ബലമായ പാര്‍ട്ടിയെ മുഖവിലക്കെടുക്കാതെതന്നെ ലക്ഷ്യവുമായി മുന്നോട്ടു പോകുമെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ലക്ഷദ്വീപിലെ പാര്‍ട്ടി അണികളില്‍ നിന്ന് ഉയര്‍ന്ന രൂക്ഷ വിമര്‍ശനത്തെ അബ്ദുല്ലക്കുട്ടി തള്ളിക്കളഞ്ഞു. പാര്‍ട്ടിയെ നശിപ്പിക്കാനാണോ അബ്ദുല്ലക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്ന് പ്രാദേശിക ബി ജെ പി നേതാക്കള്‍ പറയുന്ന ഓഡിയോ പുറത്തു വന്നെങ്കിലും ലക്ഷദ്വീപിനെ ടൂറിസ്റ്റ്കേന്ദ്രമാക്കാനുള്ള ബി ജെ പി തീരുമാനം നടപ്പാക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം.
അഡ്മിനിസ്‌ട്രേറ്റര്‍ എന്തെങ്കിലും ദോഷം ചെയ്യുന്ന കാര്യം നടപ്പാക്കുമ്പോള്‍ ആദ്യം അന്വേഷിക്കേണ്ടത് പാര്‍ട്ടിയാണ്. കുറേ പേര്‍ക്ക് പണവും ശമ്പളവും കിട്ടുന്നുണ്ട്. അവര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കും. നിരവധി തവണ പ്രഭാരിയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആയിരം തവണ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെ നശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ല – ബി ജെ പി ദ്വീപ് ജനറല്‍ സെക്രട്ടറി ജാഫര്‍ ഷാ പറയുന്നതും പുറത്തുവന്നിട്ടുണ്ട്.
പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിക്കാന്‍ പാര്‍ട്ടി പറഞ്ഞെങ്കിലും ഐഷ സുല്‍ത്താനയ്‌ക്കെതിരേ പരാതി കൊടുക്കാന്‍ പറഞ്ഞിട്ടില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുന്നതാണ് നല്ലതെന്നും ജാഫര്‍ ഷാ പറയുന്നുണ്ട്. പരാതി പിന്‍വലിക്കില്ലെന്ന നിലപാട് അബ്ദുല്ലക്കുട്ടി ആവര്‍ത്തിക്കുകയാണ്.
അബ്ദുല്ലക്കുട്ടിക്ക് ലക്ഷദ്വീപിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും അറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയേണ്ടെന്നും തുറന്നടിച്ച ദ്വീപിലെ ബി ജെ പി പ്രവത്തകരെ പൂര്‍ണമായി തഴഞ്ഞുകൊണ്ടുതന്നെ ബി ജെ പി ലക്ഷ്യമിട്ട ലക്ഷദ്വീപിലെ കോര്‍പറേറ്റ് അനുകൂല വികസനം നടപ്പാക്കി മുന്നോട്ടു പോകുമെന്നാണ് അബ്ദുല്ലക്കുട്ടി നല്‍കുന്ന വ്യക്തമായ സൂചന.