Connect with us

Gulf

വിശ്രുത പണ്ഡിതന്‍ ശൈഖ് ഇബ്‌റാഹീം ഖലീഫ അന്തരിച്ചു

Published

|

Last Updated

ദമ്മാം | അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനും പ്രവാചക സ്‌നേഹിയുമായ സയ്യിദ് ഇബ്‌റാഹിം അല്‍ ഖലീഫ അല്‍ ഹസനി അന്തരിച്ചു. 66 വയസ്സായിരുന്നു. സഊദി അറേബ്യയിലെ അല്‍ ഹസയില്‍ പ്രമുഖ പണ്ഡിതര്‍ക്ക് സ്ഥിരമായി ദര്‍സ് നടത്തിയിരുന്ന ശൈഖ് ഇബ്‌റാഹീം സഊദിയിലെ പ്രമുഖ ഹദീസ് ശാസ്ത്ര വിദഗ്ദനും ശാഫിഈ കര്‍മ്മശാസ്ത്ര പണ്ഡിതനുമായിരുന്നു. ഈജിപ്ത്, മദീന, തുര്‍ക്കി തുടങ്ങിയ സ്ഥലങ്ങളില്‍ അദേഹത്തിന്റെ ദര്‍സ് നടക്കാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിരവധി ശിഷ്യന്‍മാരുണ്ട്.

ഹിജ്‌റ 1376 ല്‍ സഊദിയിലെ ഹുഫൂഫില്‍ ജനിച്ച അദ്ദേഹം സ്വദേശത്ത് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഈജിപ്ത്, ഇറാഖ്, മൊറോക്കോ, സിറിയ അടക്കമുള്ള 15 രാഷ്ട്രങ്ങളില്‍ പോയി ഉപരിപഠനം നടത്തി. അല്‍ ഹസയിലെ മസ്ജിദ് ദിബ് സില്‍ സ്ഥിരമായി അദേഹത്തിന്റെ ദര്‍സില്‍ സംബന്ധിക്കാനും ആത്മീയ ഉപദേശങള്‍ തേടാനും രോഗശമനത്തിന് പ്രതിവിധി തേടാനും നിരവധി പേര്‍ എത്താറുണ്ട്.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദലി മാലികി മക്ക, സയ്യിദ് ഹബീബ് ഉമര്‍ ഹഫീള് അടക്കമുള്ള അന്താരാഷ്ട്ര പണ്ഡിതന്മാരുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന ശൈഖ് ഇബ്‌റാഹീം മര്‍കസ് സമ്മേളനത്തിന് പ്രതിനിധികളെ പറഞ്ഞയക്കാറുണ്ട്.

ആഴചകളായി തുര്‍ക്കിയില്‍ ദര്‍സുമായി കഴിഞ്ഞു കൂടുന്നതിനിടയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍, ഈജിപ്ത് മുന്‍ ഗ്രാന്‍ഡ് മുഫ്തി ഡോ. അലി ജുമുഅ, യു.എ.ഇ ത്വാബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് ഹബീബലി ജിഫ്രി, സയ്യിദ് അബ്ദുല്ല ഫദ്അക്ക് ജിദ്ദ തുടങ്ങിയവര്‍ അനുശോനം രേഖപ്പെടുത്തി.

ജനാസ സഊദിയിലേക്ക് കൊണ്ട് വരാന്‍ കഴിയാത്തതിനാല്‍ ശനിയാഴ്ച്ച തുര്‍ക്കിയില്‍ വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി. നിരവധി അന്താരാഷ്ട്ര പണ്ഡിതന്‍മാര്‍ അന്തിമ ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. മക്കയിലെ ശാഫിഈ മുഫ്തീ ശൈഖ് ഉമര്‍ ജീലാനീ മയ്യിത്ത് നിസ്‌കാരത്തിനും ബഹറൈന്‍ സുന്നീ നേതാവ് ശൈഖ് നാജീ അല്‍ അറബീ അവസാന പ്രാര്‍തനക്കും നേതൃത്വം നല്‍കി.

Latest