Connect with us

Gulf

ഈ വര്‍ഷവും ഹജ്ജിന് അവസരം സഊദിയിലുള്ളവര്‍ക്ക് മാത്രം

Published

|

Last Updated

റിയാദ് | ഹജ്ജ് തീര്‍ഥാടനത്തിന് ഈ വര്‍ഷവും സഊദി അറേബ്യയിലുള്ളവര്‍ക്ക് മാത്രം അനുമതി. കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ നിയന്ത്രണം ഈ വര്‍ഷവും ഏര്‍പ്പെടുത്തുന്നതെന്ന് സഊദി ഹജ്ജ്, ഉംറ കാര്യമന്ത്രാലയം വ്യക്തമാക്കി.സഊദിയയിലുള്ള വിദേശികളടക്കം 60000 പേര്‍ക്കാണ് തീര്‍ഥാടനത്തിന് അവസരം ലഭിക്കുക.

കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച 18 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള സഊദിയില്‍ കഴിയുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമാണ് ഈ വര്‍ഷം ഹജ്ജിന് അനുമതിയുളളത്. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷം ഇവരുടെ തവക്കല്‍നാ ആപ്ലിക്കേഷനില്‍ കൊവിഡ് ഇമ്മ്യൂണ്‍ രേഖപ്പെടുത്തിയിരിക്കണം. അതെസമയം വിട്ടുമാറാത്ത അസുഖങ്ങള്‍ ഉള്ളവര്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. ഹജ്ജ് കര്‍മ്മം ഉദ്ദേശിക്കുന്നവര്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അല്ലാഹുവിന്റെ അഥിതികളായെത്തുന്ന തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷക്ക പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.എല്ലാവിധ കൊവിഡ് പ്രോട്ടോകോളും പാലിച്ചാകും ഹജ്ജ് തീര്‍ഥാടനമെന്നും സഊദി അറിയിച്ചു.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയത്. കൊവിഡ് റിപോര്‍ട്ട് ചെയ്ത 2020ല്‍ ആഭ്യന്തര തീത്ഥാടകരായ 160 രാജ്യങ്ങളില്‍നിന്നുള്ള ആയിരം പേര്‍ക്കാണ് ഹജ്ജിന് അനുമതി നല്‍കിയിരുന്നത്. പ്രതിവര്‍ഷം 30 ലക്ഷത്തിലധികം പേരാണ് അഷ്ടദിക്കുകളില്‍ നിന്നും ഹജ്ജിനെത്തിയിരുന്നത്.

ഹജ്ജിന് മുന്നോടിയായി അറഫ, മിന, മുസ്ദലിഫ, മസ്ജിദുല്‍ ഹറം, ജംറകള്‍ ഹാജിമാര്‍ താമസിക്കുന്ന മിനായിലെ ടെന്റുകള്‍ എന്നിവിടങ്ങളില്‍ അണുമുക്തമാക്കുന്ന ജോലികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.