Editorial
മരംകൊള്ള സംസ്ഥാനത്ത് വ്യാപകം

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് മുട്ടില്‍ മരംമുറിക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. വനംകൊള്ളയുടെ കാര്യത്തില്‍ തീര്‍ത്തും അനുയോജ്യമാണ് ഈ പ്രയോഗം. പുറമെ കേള്‍ക്കുന്നതിലും അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നതിലും അപ്പുറമാണ് സംസ്ഥാനത്തെ വനംകൊള്ളയുടെ വ്യാപ്തി. മുട്ടില്‍ എസ്റ്റേറ്റില്‍ മാത്രം ഒതുങ്ങുന്നില്ല വനം മാഫിയകളുടെ കൈയേറ്റം. സംസ്ഥാനത്തിന്റെ പല ഭാഗത്തും അരങ്ങേറുന്നുണ്ട് ചെറുതും വലുതുമായ വനംകൊള്ളകള്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം വരെ കേരളത്തിന്റെ മുക്കാല്‍ ഭാഗവും വനപ്രദേശങ്ങളായിരുന്നുവത്രെ. സര്‍ക്കാര്‍ കണക്കുകളനുസരിച്ച് 23-24 ശതമാനം മാത്രമാണ് ഇപ്പോഴത്തെ വനവിസ്തൃതി. വനം മാഫിയകളാണ് വനപ്രദേശങ്ങളെ മൊട്ടഭൂമിയാക്കിക്കൊണ്ടിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ വനങ്ങളില്‍ സര്‍ക്കാര്‍ വക തടികളും വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയും കൊള്ളയടിക്കുന്ന വിവരം പുറത്തുവന്നത് കഴിഞ്ഞ വര്‍ഷം മെയിലാണ്. കോന്നി ഡിവിഷനില്‍ നടുവത്തുമൂഴി റേഞ്ചിലെ കരിപ്പാട് തോട്, പാടം ഫോറസ്റ്റ് സ്റ്റേഷനുകളുടെ അധികാര പരിധിയിലുള്ള സര്‍ക്കാര്‍ വക തോട്ടങ്ങളില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചു കടത്തിയതും വന്യമൃഗങ്ങളെ വേട്ടയാടിയതും. പുനലൂര്‍ ഫ്ലയിംഗ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കൊള്ള സ്ഥിരീകരിക്കുകയും ചെയ്തു. തൃശൂര്‍ ജില്ലയിലെ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിലെ മാന്ദമംഗലത്തും മച്ചാട്, വടക്കാഞ്ചേരി റേഞ്ചുകളിലുമായി വ്യാപകമായ രീതിയില്‍ ഈട്ടി, തേക്ക് മരങ്ങള്‍ മുറിച്ചു മാറ്റുകയുണ്ടായി. മാന്ദമംഗലത്ത് 30 കോടി രൂപ വരുന്ന തേക്കും ഈട്ടിയുമാണ് അനധികൃതമായി മുറിച്ചു കടത്തി സ്വകാര്യ മില്ലുകള്‍ക്കു നല്‍കിയത്. 2017 ജൂലൈയിലായിരുന്നു സംഭവം. മച്ചാട്, പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളില്‍ 40ഓളം പാസ്സുകളിലായി 300ലേറെ ക്യൂബിക് മീറ്റര്‍ മരങ്ങളാണ് മുറിച്ചു കടത്തിയത്.
ഇടുക്കിയിലും വ്യാപകമാണ് വനം മാഫിയകള്‍. 2017 ഏപ്രിലിലാണ് തൊടുപുഴ ഫോറസ്റ്റ് റേഞ്ചിന്റെ കീഴില്‍പ്പെട്ട മണിയാറംകുടി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെ എഫ് ഡി സി) കൈവശമുള്ള വനത്തില്‍ വന്‍തോതില്‍ വനംകൊള്ളയും ഭൂമികൈയേറ്റവും നടന്ന വിവരം പുറത്തു വന്നത്. പടുകൂറ്റന്‍ മരങ്ങളുടെ തൊലി ചെത്തിമാറ്റി മരം ഉണക്കിയതിനു ശേഷം മുറിച്ചു കടത്തുകയായിരുന്നു ഇവിടെ കൊള്ളക്കാര്‍. മരങ്ങള്‍ മുറിച്ചുമാറ്റിയ സ്ഥലം തരിശാകുന്നതോടെ അവിടെ കൃഷി തുടങ്ങി ഭൂമി കൈയേറ്റവും നടത്തി. ഇടുക്കി ചിന്നക്കനാല്‍ മുത്തുമ്മ കോളനിയില്‍ അനുമതിയുണ്ടെന്ന വ്യാജേന 144 മരങ്ങള്‍ മുറിച്ചുകടത്തി. പരാതി ഉയര്‍ന്നതോടെ ഏതാനും പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മുറിച്ചെടുത്ത തടികളില്‍ സിംഹഭാഗവും കണ്ടെത്താനായില്ല. ഇടുക്കി ഉടുമ്പഞ്ചോലയില്‍ റോഡ് വികസനത്തിന്റെ പേരില്‍ അമ്പതോളം വന്‍മരങ്ങള്‍ മുറിച്ചു മാറ്റിയ കേസില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും നിയമനടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വനംകൊള്ളകള്‍ ഏറെയും നടക്കുന്നത്. 2020 ഒക്ടോബര്‍ 24ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ വിവാദമായ മുട്ടില്‍ എസ്റ്റേറ്റിലെ മരംകൊള്ളക്കു വഴിവെച്ചത്. ഭൂമി പതിച്ചു നല്‍കുന്ന സമയത്ത് വൃക്ഷവില അടച്ച്, ചന്ദനം ഒഴികെയുള്ള മരങ്ങള്‍ കര്‍ഷകനു മുറിച്ചെടുക്കാമെന്നും കര്‍ഷകനെ തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമായിരുന്നു ഉത്തരവ്. (വിവാദമായതിനെ തുടര്‍ന്ന് 2021 ഫെബ്രുവരി രണ്ടിന് ഉത്തരവ് റദ്ദാക്കിയിട്ടുണ്ട്). ഇതിന്റെ മറവില്‍ വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി ആന്റോ അഗസ്റ്റിന്‍, സഹോദരന്‍ റോജി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പലരുടെയും പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിച്ചെടുത്തുവെന്നാണ് കേസ്. വയനാട്ടില്‍ മാത്രം 37 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങള്‍ ഇപ്രകാരം വൃക്ഷവില അടച്ച് മുറിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇത്തരമൊരു ഉത്തരവ് ഇറക്കിയത്? മുട്ടിലിലെ മരംമുറിയുമായി ചേര്‍ത്തു വായിക്കുമ്പോള്‍ പല സംശയങ്ങള്‍ക്കും ഇടം നല്‍കുന്നു ഈ ഉത്തരവ്. കോടതി തന്നെ ഇതില്‍ സന്ദേഹം പ്രകടിപ്പിക്കുകയും മരംമുറിക്ക് അനുമതി നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണ്ടതല്ലേ എന്ന് ചോദിക്കുകയും ചെയ്തു. വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി കോടതിയില്‍ സര്‍ക്കാര്‍ വക്കീല്‍ സംശയവും പ്രകടിപ്പിച്ചു.
ഉദ്യോഗസ്ഥര്‍ക്കു പണം നല്‍കി സ്വാധീനിച്ചാണ് മരം മുറിച്ചതെന്ന് സൗത്ത് വയനാട് ഡി എഫ് ഒ രഞ്ജിത് കുമാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പ്രതി റോജി അഗസ്റ്റിന്‍ വെളിപ്പെടുത്തിയതുമാണ്. മറ്റു മരംമുറി സംഭവങ്ങളുടെ പിന്നാമ്പുറം പരതിയാലും മിക്കതിലും ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്താനാകും. പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് വേതനം പറ്റി പൊതുസ്വത്ത് കൊള്ളയടിക്കാന്‍ മാഫിയകള്‍ക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരാണ് നാടിന്റെ ഏറ്റവും വലിയ ശാപം. മുട്ടില്‍ മരംമുറി കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അനധികൃത മരംമുറികളെക്കുറിച്ച് അന്വേഷണം നടത്താനുള്ള വനംവകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ജില്ലാ ഫോറസ്റ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് അന്വേഷണ സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചത്. അന്വേഷണ സംഘങ്ങള്‍ 2020 മാര്‍ച്ച് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മരം മുറിക്കലിനെക്കുറിച്ച്, അതിന്റെ രേഖകള്‍, ഭൂമി സംബന്ധമായ വിവരങ്ങള്‍, മരം മുറിച്ച് കൊണ്ടുപോകാന്‍ ഉപയോഗിച്ച ഗതാഗത സൗകര്യം തുടങ്ങി എല്ലാ തലങ്ങളും സമഗ്രമായി അന്വേഷിച്ച് 12 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അതിനിടെ മുട്ടില്‍ വനംകൊള്ള കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി സ്റ്റേ നല്‍കാന്‍ വിസമ്മതിക്കുകയും അന്വേഷണം തുടരാന്‍ അനുമതി നല്‍കുകയുമായിരുന്നു.