Kerala
നിര്‍മാണ സാമഗ്രികളുടെ വില വര്‍ധന; സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേക്ക്

കോഴിക്കോട് | നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേക്ക് നീങ്ങുന്നു. വിലക്കയറ്റം കാരണം നിര്‍മാണ മേഖലയില്‍ തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ ജൂണ്‍ 17ന് സംസ്ഥാനത്തെ എല്ലാ പൊതുമരാമത്ത് വകുപ്പ് ഓഫീസുകള്‍ക്ക് മുന്നിലും നില്‍പ്പ് സമരം നടത്തുമെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മത് കോയ, ജനറല്‍ സെക്രട്ടറി പി വി കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. കൊവിഡ് മാനണ്ഡങ്ങള്‍ പാലിച്ചായിരിക്കും നില്‍പ്പു സമരം.
സിമന്റ്, കമ്പി, ടാര്‍, പി വി സി പൈപ്പ്, ഇലക്ട്രിക് മെറ്റീരിയല്‍സ്, ക്വാറി, ക്രഷര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ അനിയന്ത്രിതമായ വില വര്‍ധന നിയന്ത്രിക്കുക, പുതുക്കിയ ഡി എസ് ആര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തുക, നിലവില്‍ കരാര്‍ ഏറ്റെടുത്തതും വില വര്‍ധന കാരണം പ്രതിസന്ധിയിലായതുമായ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഫോര്‍മുല തയാറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍ക്കാര്‍ കരാറുകാര്‍ സമര രംഗത്തേക്കിറങ്ങുന്നത്.