Connect with us

Fact Check

#FACTCHECK: വരന്‍ വാക്‌സിനെടുത്തയാളാകണമെന്ന വിവാഹ പരസ്യം യാഥാര്‍ഥ്യമോ?

Published

|

Last Updated

പത്രത്തില്‍ നല്‍കിയ വിവാഹ പരസ്യത്തില്‍ വരന്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തയാളാകണമെന്ന വ്യവസ്ഥ സാമൂഹിക മാധ്യമത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ സജീവമായ തിരുവനന്തപുരം എം പി ശശി തരൂര്‍ തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പത്രപ്പരസ്യത്തെ സംബന്ധിച്ച് ചിത്രസഹിതം പോസ്റ്റുകള്‍ ചെയ്തിരുന്നു. വാര്‍ത്താപോര്‍ട്ടലുകള്‍ ഇത് വാര്‍ത്തയുമാക്കി. ഈ പത്രപ്പരസ്യം യാഥാര്‍ഥ്യമാണോയെന്ന് ഇപ്പോള്‍ സംശയമുയരുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: ജൂണ്‍ നാല് വെള്ളിയാഴ്ച എന്ന തീയിതിയിലുള്ള ഇംഗ്ലീഷ് പത്രക്കട്ടിംഗാണ് പ്രചരിക്കുന്നത്. മാട്രിമോണിയല്‍ എന്ന ശീര്‍ഷകത്തിന് താഴെ 24 വയസ്സുള്ള റോമന്‍ കത്തോലിക് പെണ്‍കുട്ടി വരനെ തേടുന്നുവെന്ന പരസ്യമാണുള്ളത്. താന്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തതാണെന്നും വരനും കൊവിഷീല്‍ഡ് വാക്‌സിനെടുത്തയാളായിരിക്കണമെന്നുമാണ് പരസ്യത്തിലുള്ളത്.

യാഥാര്‍ഥ്യം: Fodey.com എന്ന ന്യൂസ്‌പേപ്പര്‍ ക്ലിപ്പിംഗ് ജനറേറ്റര്‍ ഉപയോഗിച്ചാണ് ഈ പത്രക്കട്ടിംഗ് തയ്യാറാക്കിയത്. പത്രത്തിന്റെ പേരും തീയതിയും ശീര്‍ഷകവും വരേണ്ട ഉള്ളടക്കവും അടിച്ചുകൊടുത്താല്‍ യഥാര്‍ഥ പത്രക്കട്ടിംഗെന്ന് തോന്നിപ്പിക്കുന്ന ചിത്രം ലഭിക്കും. ടെംപ്ലേറ്റിലെ ആദ്യ രണ്ട് കോളങ്ങള്‍ മാത്രമേ മാറ്റാന്‍ കഴിയൂ. മൂന്നാം കോളത്തിലെ എഴുത്തുകള്‍ മാറ്റാന്‍ സാധിക്കില്ല.

പ്രചരിക്കുന്ന ചിത്രത്തിലെ മൂന്നാം കോളത്തില്‍ ആദ്യ കോളത്തിലെ മൂന്ന് വരികള്‍ അങ്ങനെ തന്നെ കിടക്കുന്നുണ്ട്. ഗോവ ടിം എന്നാണ് ക്ലിപ്പിലെ പത്രത്തിന്റെ പേര്. യഥാര്‍ഥത്തില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ പത്രത്തിന്റെ പേര് ഗോവ ടൈംസ് എന്നാണ്. മാത്രമല്ല, ക്ലിപ്പിംഗിലെ ലോഗോയുടെ ഫോണ്ടും യഥാര്‍ഥ പത്രത്തിലെ ഫോണ്ടും തമ്മില്‍ വ്യത്യാസമുണ്ട്.

Latest