Connect with us

Kerala

കൊടകര കുഴല്‍പ്പണം: അന്വേഷണം ഇ ഡി ഏറ്റെടുത്തേക്കും

Published

|

Last Updated

തൃശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇ ഡിയുടെ ഡല്‍ഹി ആസ്ഥാനത്ത് ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായാണ് ിവവരം. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐ ആര്‍ എസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസില്‍ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. കള്ളപ്പണം സംബന്ധിച്ച കേസ് ആയതിനാല്‍ ഇ ഡിയുടെ അന്വേഷണ പരിധിയില്‍ വരും. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ കേസുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിശദീകരണം.

അതിനിടെ കേസിലെ 15-ാം പ്രതിക്കായി പോലീസ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചു. കണ്ണൂര്‍ സ്വദേശി ഷിഗില്‍ ബംഗ്ലുരൂവിലാണ് ഒളിവില്‍ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘം കര്‍ണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. മൂന്ന് യുവാക്കള്‍ക്കൊപ്പം കാറിലാണ് ഷിഗില്‍ ചുറ്റിക്കറങ്ങുന്നതെന്നും ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചാണ് താമസമെന്നും പോലീസ് പറയുന്നു. കവര്‍ച്ചാ പണത്തിലെ പത്ത് ലക്ഷം രൂപയാണ് ഷിഗിലിന്റ പക്കലുള്ളത്.

അതിനിടെ സി കെ ജാനുവിന് പണം നല്‍കിയ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്. പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നല്‍കാനെത്തുന്നതിന് മുമ്പ് പല തവണ പ്രസീതയെ സുരേന്ദ്രന്‍ വിളിക്കുന്നതിന്റെ കോള്‍ റെക്കോര്‍ഡുകളാണ് പ്രസീത പുറത്തുവിട്ടത്. പ്രസീതയുടെ ഫോണില്‍ നിന്ന് ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചു.

ഹൊറൈസണ്‍ ഹോട്ടലിലെ 503 ആം നമ്പര്‍ മുറിയിലേക്ക് എത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണില്‍ നിന്ന് ജാനു പറയുന്നുണ്ട്. ഈ മുറിയില്‍ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രക്കിടെ മാര്‍ച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചക്ക് സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ ആവശ്യപ്പെടുന്ന കോള്‍ റെക്കോര്‍ഡും പുറത്തുവന്നിട്ടുണ്ട്.