Connect with us

Kerala

കേരളം നേരിടുന്ന പ്രതിസന്ധികളും പരിഹാര നടപടികളും എടുത്തു പറഞ്ഞുള്ള ബജറ്റ്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന കാലത്ത് കേരളം നേരിടുന്ന പ്രതിസന്ധികളും സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരിഹാര നടപടികളും വിശദമായി പ്രതിപാദിക്കുന്നതാണ് കെ എന്‍ ബാലഗോപാലിന്റെ ബജറ്റ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് 3.82 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്ന് ബജറ്റില്‍ എടുത്തുപറയുന്നു. പൊതു വരുമാനത്തിലാണെങ്കില്‍ 18.77 ശതമാനത്തിന്റെ ഇടിവും.

ദശാബ്ദങ്ങളായി വര്‍ധന രേഖപ്പെടുത്തിയിരുന്ന വളര്‍ച്ചാ നിരക്കാണ് ഇടിയുന്ന രൂപത്തിലേക്ക് പോയത്. കൊവിഡ് മഹാമാരിയുടെ ഭാഗമായുള്ള ലോക്ക്ഡൗണും മറ്റുമുണ്ടാക്കിയ ആഘാതമാണ് ഇത്തരത്തിലുള്ള ഇടിവിന് ഇടയാക്കിയത്.
നിയമാനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ജി എസ് ടി നഷ്ടപരിഹാരം അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അനിശ്ചിതത്വവും കാലതാമസവും സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രയാസത്തിലേക്ക് തള്ളിവിട്ടു. ഇതിന് പുറമെ, സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട വിഭജിക്കാവുന്ന നികുതി ഇനത്തില്‍ (divisible pool) കുറവ് വരുത്തിയത് സംസ്ഥാന സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് വലിയ അളവില്‍ വായ്പയെടുക്കേണ്ട സ്ഥിതി സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുകയും ഫലമായി റവന്യൂ കമ്മി ഗണ്യമായി ഉയരുകയും ചെയ്തു.

ഓരോ കേന്ദ്ര ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് വരുമ്പോഴും കേന്ദ്ര നികുതി വരുമാനത്തിന്റെ ഡിവിസിബിള്‍ പൂളില്‍ നിന്ന് കേരളത്തിനുള്ള വിഹിതം കുറഞ്ഞുവരികയാണ്. ജനസംഖ്യാ നിയന്ത്രണ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കിയതും വികസന നേട്ടങ്ങള്‍ ആര്‍ജിച്ചതും കേരളത്തിന്റെ വിഹിതം കുറയുന്ന സ്ഥിതിയാണുണ്ടാക്കിയത്. ആശാസ്ത്രീയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതാണ് ഇതിനിടയാക്കിയത്.

രണ്ട് വെല്ലുവിളികളെയാണ് പ്രധാനമായും കേരളം അഭിമുഖീകരിക്കുന്നത്. ദേശീയ ശരാശരിയെക്കാള്‍ കുറഞ്ഞ് നില്‍ക്കുന്ന മൂലധന നിക്ഷേപം ഉയര്‍ത്തി വേഗതയേറിയ സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കണം. ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മയും യോഗ്യതക്കനുസരിച്ചുള്ള തൊഴിലിന്റെ ദൗര്‍ലഭ്യവും പരിഹരിക്കണം. കിഫ്ബിയില്‍ നടത്തുന്ന നിക്ഷേപങ്ങളിലൂടെ ആദ്യത്തെ വെല്ലുവിളി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ടാമത്തെ വിഷയമെടുത്താല്‍, ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തി വിവര സാങ്കേതിക മേഖലയുമായി ബന്ധിപ്പിക്കാനുതകുന്ന തരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കും. ഇതിലൂടെ സ്വയം തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനോ വീടുകളിലിരുന്ന് തന്നെ ജോലി ചെയ്ത് കുടുംബത്തിന്റെ വരുമാനവും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയും വര്‍ധിപ്പിക്കുന്നതിനോ ഉള്ള പദ്ധതികളുണ്ടാവും. ഇത് തന്റെ മുന്‍ഗാമിയായ തോമസ് ഐസക് 2021 ജനുവരിയിലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ധനമന്ത്രി വ്യക്തമാക്കുന്നു.