Connect with us

Editorial

പരിധി നിര്‍ണയമല്ല, 124 എ എടുത്തുകളയലാണ് നീതി

Published

|

Last Updated

സുപ്രീം കോടതി നിരീക്ഷിച്ചതു പോലെ രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കുകയും ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷ പരാമര്‍ശം) എന്നീ വകുപ്പുകള്‍ പുനര്‍നിര്‍വചിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രണ്ട് തെലുങ്ക് ചാനലുകള്‍ക്കെതിരെ ആന്ധ്രപ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിലാണ് ചൊവ്വാഴ്ച സുപ്രീം കോടതിയുടെ ശ്രദ്ധേയമായ ഈ പരാമര്‍ശം. സംസ്ഥാന സര്‍ക്കാറിന്റെ കൊവിഡ് വ്യാപന നിയന്ത്രണ പരിപാടികളുടെ നടത്തിപ്പിനെ വിമര്‍ശിച്ചു കൊണ്ടുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ് വിമത നേതാവ് രഘുരാമ കൃഷ്ണ രാജുവിന്റെ പ്രസ്താവന പ്രക്ഷേപണം ചെയ്തതിനു പിന്നാലെയാണ് ചാനലുകള്‍ക്കെതിരെ കേസെടുത്തത്. കൊവിഡുമായി ബന്ധപ്പെട്ട വിമര്‍ശങ്ങളുടെ പേരില്‍ പൗരന്മാര്‍ക്കെതിരെ സര്‍ക്കാറുകള്‍ കേസെടുക്കരുതെന്ന് സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചാണ് ആന്ധ്രപ്രദേശ് പോലീസിന്റെ നടപടി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ ആണ് രാജ്യദ്രോഹത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പ്രധാന വകുപ്പ്. 1837-39 കാലഘട്ടത്തില്‍ മെക്കാളെ പ്രഭു എഴുതിയുണ്ടാക്കിയ പീനല്‍ കോഡിലെ 113ാം വകുപ്പാണ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ആദിരൂപം. 1860ലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഇത് ഉള്‍പ്പെടുത്തിയത്. ഏതെങ്കിലുമൊരു വ്യക്തി വാക്കാലോ ചിഹ്നങ്ങളാലോ ദൃശ്യങ്ങളാലോ ഇന്ത്യന്‍ നിയമവ്യവസ്ഥക്കെതിരെ വിദ്വേഷമോ അനാദരവോ ഉയര്‍ത്തുകയോ, അസംതൃപ്തി വളര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ അത് രാജ്യദ്രോഹമായി തീരുമെന്നാണ് 124 എയില്‍ പറയുന്നത്. അതേസമയം, സര്‍ക്കാറിന്റെ ഭരണപരമായ നടപടികളെ നിയമാനുസൃതമായി നിരാകരിക്കുകയും അത്തരം നടപടികളില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഈ നിയമം ചാര്‍ത്താനുള്ള കാരണമാകുകയില്ലെന്ന് ഉപവകുപ്പുകള്‍ അനുശാസിക്കുന്നു.
രാജ്യത്തിന്റെ വ്യവസ്ഥാപിത നയങ്ങളോട് വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള വിയോജിപ്പും എതിര്‍പ്പുമല്ലാതെ സര്‍ക്കാര്‍ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായ വിമര്‍ശം രാജ്യദ്രോഹക്കുറ്റത്തില്‍ പെടുകയില്ലെന്ന് സുപ്രീം കോടതി റിട്ട. ജഡ്ജി ദീപക് ഗുപ്ത, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ തുടങ്ങി നിരവധി നിയമജ്ഞര്‍ ചൂണ്ടിക്കാട്ടിയതാണ്. “ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ വശം ജനങ്ങള്‍ക്ക് സര്‍ക്കാറിനെ ഭയക്കേണ്ട കാര്യമില്ലെന്നുള്ളതാണ്. അധികാരത്തില്‍ ഇരിക്കുന്നവരെക്കുറിച്ച് ഭയമില്ലാതെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ജനത്തിനു കഴിയണം. ജനശബ്ദം അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹക്കുറ്റം പ്രയോഗിക്കുന്നത് സ്വാതന്ത്ര്യ സമര സേനാനികള്‍ നമുക്ക് നേടിത്തന്ന അടിസ്ഥാന തത്വത്തിന് എതിരാണെ”ന്നാണ് 2019 സെപ്തംബറില്‍ അഹമ്മദാബാദില്‍ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കവെ ദീപക് ഗുപ്ത പറഞ്ഞത്. ഒരു ജനാധിപത്യ രാജ്യത്ത് സര്‍ക്കാറിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനും അത് വളര്‍ത്തിയെടുത്ത് അടുത്ത തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെ താഴെ ഇറക്കാനും പൗരന് അവകാശമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാറും ചൂണ്ടിക്കാട്ടി. വിയോജിപ്പുകളല്ല, ഹിംസാത്മകമായ വിധ്വംസക പ്രവര്‍ത്തനങ്ങളാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ മര്‍മമെന്ന് 1997ല്‍ ബിലാല്‍ അഹമ്മദ് കാലുവിന്റെ കേസിലും 1995ല്‍ ബില്‍വന്ത് സിംഗ് കേസിലും സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ജനാധിപത്യത്തില്‍ വിയോജിപ്പുകളെ എല്ലായ്പ്പോഴും ബഹുമാനത്തോടെ കാണണമെന്നും രാജ്യദ്രോഹ നിയമപ്രകാരം വിയോജിപ്പുകളെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് കഴിഞ്ഞ ഒക്‌ടോബറില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉമേഷ് ശര്‍മക്കെതിരായ കേസില്‍ ഉത്തരാഖണ്ഡ് കോടതി നിരീക്ഷിച്ചത്.

എന്നാല്‍ രാഷ്ട്രീയ പ്രതിയോഗികളെ നിശ്ശബ്ദമാക്കുന്നതിനും സര്‍ക്കാര്‍ നയങ്ങളോടുള്ള ആരോഗ്യപരമായ വിമര്‍ശങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും 124 എ വകുപ്പ് ദുരുപയോഗം ചെയ്തു വരികയാണ് നിലവില്‍. സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന് രാജ്യത്ത് നിരവധി മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക നായകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളും വിദ്യാര്‍ഥി നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടക്കപ്പെട്ടു. തങ്ങളുടെ ഭരണ നയങ്ങളെ അനുകൂലിക്കുന്നവര്‍ മാത്രമാണ് ദേശസ്‌നേഹികള്‍. വിയോജിക്കുന്നവരെല്ലാം രാജ്യദ്രോഹികളാണെന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെയും പല സംസ്ഥാന സര്‍ക്കാറുകളുടെയും നിലപാട.് യഥാര്‍ഥത്തില്‍ വിമര്‍ശങ്ങളും വിയോജിപ്പുകളുമാണ് ജനാധിപത്യത്തെ ജൈവികവും അര്‍ഥപൂര്‍ണവുമാക്കുന്നത്.

ഇന്ത്യയില്‍ രാജ്യദ്രോഹ നിയമം നടപ്പാക്കിയ ബ്രിട്ടീഷ് ഭരണകൂടം 1977ല്‍ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം തങ്ങളുടെ രാജ്യത്ത് ഈ നിയമം എന്നെന്നേക്കുമായി റദ്ദ് ചെയ്തു. മനുഷ്യര്‍ക്ക് മിണ്ടാനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇത് നീക്കം ചെയ്യുന്നതെന്നാണ് ബ്രിട്ടീഷ് നീതിന്യായ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ക്ലെയര്‍വാര്‍ഡ് അന്ന് പറഞ്ഞത്. ന്യൂസിലാന്‍ഡ് തുടങ്ങി മറ്റു പല രാജ്യങ്ങളും രാജ്യദ്രോഹ നിയമങ്ങള്‍ എടുത്തുകളഞ്ഞിട്ടുണ്ട്. ശിക്ഷാനിയമത്തില്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുന്ന ആസ്‌ത്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ജനാധിപത്യ വ്യവസ്ഥയിലധിഷ്ഠിതമായ ഇന്ത്യയില്‍ ഇപ്പോഴും ഇത് നിലനില്‍ക്കുന്നുവെന്നത് വിരോധാഭാസവും നാണക്കേടുമാണ്. ഇന്ത്യയില്‍ 124 എ വകുപ്പിന്റെ പുനര്‍വ്യാഖ്യാനമല്ല ആവശ്യം, ആ വകുപ്പ് തന്നെ എടുത്തുകളയലാണെന്നാണ് മിക്ക നിയമ വിദഗ്ധരുടെയും പക്ഷം. 124എ വകുപ്പിനോട് ഭരണഘടനാ ശില്‍പ്പികളില്‍ പലര്‍ക്കും യോജിപ്പുണ്ടായിരുന്നില്ല. ഭരണഘടന പറയുന്ന മൗലികാവകാശങ്ങളില്‍പ്പെട്ട അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച സങ്കല്‍പ്പമെന്നാണ് കെ എം മുന്‍ഷി, ടി ടി കൃമാചാരി, സേഠ് ഗോവിന്ദദാസ് എന്നിവര്‍ 1948ല്‍ ഭരണഘടനാ നിര്‍മാണ ചര്‍ച്ചകളില്‍ അഭിപ്രായപ്പെട്ടത്.

---- facebook comment plugin here -----

Latest