Gulf
ഐ.സി.എഫ് നാളെ ഓക്സിജൻ ഡേ ആയി ആചരിക്കും

ദമാം| കേരള സർക്കാരിന്റെ അഭ്യർഥന പ്രകാരം ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സ്ഥാപിച്ച് നൽകുന്ന ഓക്സിജൻ പ്ലാന്റിന്റെ പിന്തുണയ്ക്കായി ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ഓക്സിജൻ ഡേ ആയി ആചരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓക്സിജൻ ഡേയിൽ സംഘടനയുടെ അടിസ്ഥാന ഘടകം മുതൽ ഗൾഫ് കൗൺസിൽ വരെയുള്ള മുഴുവൻ അംഗങ്ങളും പദ്ധതിയുടെ ഭാഗമാവുകയും ഭാഗധേയം അറിയിക്കുകയും ചെയ്യുമെന്ന് അവർ അറിയിച്ചു.
കോവിഡ് രണ്ടാം തരംഗത്തിന്റെ കെടുതികളിൽ കേരളത്തിലും ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനുള്ള കരുതലിന്റെ ഭാഗമായി ഒന്നേകാൽ കോടി മുതൽ മുടക്കിൽ ദിനേന 1000 ലിറ്റർ ഉല്പാദന ശേഷിയുള്ള മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സംസ്ഥാന സർക്കാർ നിർദേശിക്കുന്ന ഏറ്റവും ഉചിതമായ സ്ഥലത്താണ് നിർമിച്ച് നൽകുക. നോർക്ക റൂട്ട്സിന് കീഴിൽ ആവിഷ്കരിച്ച കെയർ കേരള പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് സമർപ്പണം.
പദ്ധതി ഏറ്റെടുത്ത് നിർവഹിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് കൃത്രിമമായി ശ്വാസം നൽകാനുള്ള സൗകര്യങ്ങളുടെ അഭാവം ഭീതിതമായ അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ 40 വർഷമായി ഗൾഫിലെ സാമൂഹിക -വിദ്യാഭ്യാസ- സാംസ്‌കാരിക- ക്ഷേമ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐസിഎഫ് നാട്ടിലെ പദ്ധതികളിൽ ഇതാദ്യമായല്ല പങ്കാളികളാകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വാക്‌സിൻ ചലഞ്ചിൽ 5000 വാക്സിൻ ഐസിഎഫ് ഏറ്റെടുത്തിരുന്നു. മനുഷ്യ നന്മയും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും കഷ്‌ടപ്പെടുന്നവർക്ക് ആശ്വാസമേകുന്നതിനും സംഘടന എന്നും മുന്നിൽ നിന്നിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിലും പലനിലയിലും താങ്ങാകാൻ കഴിഞ്ഞു. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിന് സമീപം രോഗികൾക്കും കൂടെനിൽക്കുന്നവർക്കും സഹായകമാകും വിധം പണികഴിപ്പിച്ച സാന്ത്വന കേന്ദ്രം ഐസിഎഫിന്റെ സംഭാവനയാണെന്നും ഭാരവാഹികൾ പറഞ്ഞു.
മെഡിക്കൽ ഓക്സിജൻ പ്ലാന്റിന്റെ പ്രഖ്യാപനം നേരത്തേ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഓൺലൈൻ വഴി നിർവഹിച്ചിരുന്നു. വാർത്താ സമ്മേളനത്തിൽ ഐ.സി.എഫ് സഊദി നാഷണൽ ഭാരവാഹികളായ നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സുബൈർ സഖാഫി, സലീം പാലച്ചിറ എന്നിവർ പങ്കെടുത്തു.