Connect with us

Kerala

രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്; പ്രകടന പത്രിക മാര്‍ഗ രേഖയാവും

Published

|

Last Updated

കോഴിക്കോട് | കൊവിഡ് പ്രതിസന്ധി പിടിമുറുക്കിയ നാളുകളില്‍ കേരളം കാത്തിരിക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വ്യാഴാഴ്ച. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പ്രതിസന്ധിയിലും കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഡോ. തോമസ് ഐസക്കിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്നാണു കരുതുന്നത്. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ ഉയര്‍ത്തിയ ഒരു ഘടകം പ്രകടന പത്രിക സമയബന്ധിതമായി പൂര്‍ത്തീകരിച്ചു എന്നതായിരുന്നു. അതിനാല്‍ തന്നെ ഈ ബജറ്റും പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനുള്ള നടപടികള്‍ക്കു മുന്‍തൂക്കം നല്‍കുന്നതായിരിക്കും.

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, സാമൂഹിക പെന്‍ഷനുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തി 2,500 രൂപയില്‍ എത്തിക്കും തുടങ്ങിയ പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിനുള്ള ആദ്യ ചുവടുകള്‍ പ്രകടന പത്രികയില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, അതിനുള്ള വിഭവം എവിടെ നിന്നും കണ്ടെത്തുമെന്നതാണ് സര്‍ക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളി. കിഫ്ബിയെ കൂടുതല്‍ വിപുലപ്പെടുത്തി കൂടുതല്‍ മേഖലയില്‍ വിനിയോഗിക്കുക എന്നതായിരിക്കും ഇതിനായി കണ്ടെത്തുന്ന ഒരു മാര്‍ഗം. കേന്ദ്ര സര്‍ക്കാറുമായി കലഹിക്കാതെ കൂടുതല്‍ പദ്ധതികളും വിഹിതവും എത്തിക്കുക എന്ന രാഷ്ട്രീയ തന്ത്രത്തില്‍ ഊന്നിക്കൊണ്ടുള്ള നപടികളായിരിക്കും പുതിയ ബജറ്റ് ലക്ഷ്യമിടുക.

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന്, മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ ധനമന്ത്രി സൂചിപ്പിച്ചിരുന്നു. അഭ്യസ്ഥവിദ്യര്‍ക്കു തൊഴിലുറപ്പാക്കുന്ന വികസന സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ളു ശ്രമങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമോ എന്നാണ് പുതുതലമുറ ഉറ്റുനോക്കുന്നത്. കൊവിഡ് ഗള്‍ഫ് മേഖലയില്‍ ഉണ്ടാക്കിയ വലിയ തൊഴില്‍ നഷ്ടത്തിന്റെ ആഘാതം കേരളീയ കുടുംബങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസമെന്നതിനെ സര്‍ക്കാര്‍ എങ്ങിനെ അഭിസംബോധന ചെയ്യുമെന്നു ജനം ഉറ്റുനോക്കുന്നു.

അതിദാരിദ്ര്യ നിര്‍മാര്‍ജനം സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്ന ലക്ഷ്യമാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയ പാര്‍പ്പിട പദ്ധതികളുടെ തുടര്‍ച്ചയും ഇതില്‍ പ്രധാനപ്പെട്ടതാണ്. സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളായ സില്‍വര്‍ ലൈന്‍, കെ ഫോണ്‍ തുടങ്ങിയവയ്ക്കും തുക മാറ്റിവയ്ക്കുമ്പോള്‍ തന്നെ, കൊവിഡ് അതിജീവന പാക്കേജ് എന്തായിരിക്കുമെന്നും കേരളം ഉറ്റു നോക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന ആഗോള- കോര്‍പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളെ എതിര്‍ക്കുമ്പോഴും ബദല്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ തോമസ് ഐസക് കാണിച്ച ശ്രമങ്ങള്‍ക്ക് ബാലഗോപാല്‍ ഏതുവിധത്തിലായിരിക്കും തുടര്‍ച്ചയുണ്ടാക്കുക എന്നതാണു നിര്‍ണായകമായ ചോദ്യം.

ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ നല്ലൊരു തുക മാറ്റിവച്ചേക്കും. വാക്സിന്‍ സൗജന്യമായി നല്‍കുന്നതിനായി 1000 കോടി രൂപ ഉപയോഗിക്കുമെന്ന് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. കടമെടുക്കാനുള്ള പരിധിയും ഉയര്‍ത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കഴിഞ്ഞ മാര്‍ച്ചില്‍ 5,000 കോടി രൂപയാണ് കടമെടുത്തത്. ഈ മാസം 2,000 കോടിയും എടുത്തു കഴിഞ്ഞു. അതേസമയം, 6.6 ശതമാനം വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ശമ്പള പരിഷ്‌കരണ ശിപാര്‍ശ നടപ്പാക്കിയതോടെ ചെലവില്‍ കൂടുതല്‍ വര്‍ധനയുണ്ടായി. സംസ്ഥാന വരുമാനത്തിന്റെ പ്രധാന മാര്‍ഗങ്ങളായ മദ്യവില്‍പനയും ലോട്ടറിയും ലോക്ക്ഡൗണില്‍ നിലച്ചു. ക്ഷേമ പെന്‍ഷനുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും പണം കണ്ടെത്തേണ്ടിയിരിക്കുന്നു.
കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍, പൊതുജനാരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ജനകീയമാക്കുന്നതിന് നടപടികള്‍, ആരോഗ്യപ്രവര്‍ത്തകരുടെ കൂടുതല്‍ വിന്യാസമുണ്ടാകുന്ന തരത്തില്‍ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരണം എന്നിവയും പ്രതീക്ഷിക്കുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്