Connect with us

Education

വിദ്യാഭ്യാസ മേഖലയിൽ മർകസ് നടപ്പിലാക്കിയത് നൂതനരീതികൾ: മന്ത്രി അഹ്മദ് ദേവർകോവിൽ

Published

|

Last Updated

കോഴിക്കോട് | വിദ്യാഭ്യാസ മേഖലയിൽ നൂതനമുന്നേറ്റം നടത്തി മാതൃക കാണിച്ച മഹത്തായ വിദ്യാഭ്യാസ സംരംഭമാണ് മർകസു സഖാഫത്തി സുന്നിയ്യയെന്നു മന്ത്രി അഹ്മദ് ദേവർകോവിൽ പറഞ്ഞു. മർകസ് വിദ്യാരംഭം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ പഠനം വലിയ സാധ്യത തുറക്കുമ്പോഴും വിദ്യാർഥികളുടെ മൊബൈൽ ഉപയോഗം സൂക്ഷ്മമായി രക്ഷിതാക്കൾ ശ്രദ്ധിക്കണം. അറിവുകളുടെ വലിയ ലോകം ഓൺലൈനിൽ ഉണ്ട് എന്നപോലെ തന്നെ, അപകടത്തിലേക്ക് വീഴ്ത്താൻ സാധ്യത തുറക്കുന്ന നിരവധി മാർഗങ്ങളും ഉണ്ട്. വിജ്ഞാനപ്രദമായ കാര്യങ്ങൾക്ക് വേണ്ടി മാത്രം വിദ്യാർഥികൾക്ക് മൊബൈൽ  നൽകാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. വിദ്യാലയങ്ങളിൽ പോകാൻ കഴിയാത്ത ഈ നാളുകളിൽ വീട്ടിലിരുന്നു എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പഠനത്തിൽ പൂർണ ശ്രദ്ധ പുലർത്താൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. അധ്യാപകരുമായുള്ള സമ്പർക്കങ്ങൾക്കും അറിവന്വേഷണങ്ങൾക്കും ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തണം. വീടുകളിൽ പഠനമുറികൾ തന്നെ വിദ്യാർഥികൾക്കായി സജ്ജീകരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മർകസിന്റെ എയ്ഡഡ്, അൺ എയ്ഡഡ്, പബ്ലിക് സ്‌കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർഥികൾ പരിപാടിയിൽ സംബന്ധിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി . സി മുഹമ്മദ് ഫൈസി സന്ദേശപ്രഭാഷണം നടത്തി. ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ഉമർ ഫാറൂഖ് ആമുഖപ്രഭാഷണം നടത്തി. സി പി ഉബൈദുല്ല സഖാഫി സ്വാഗതവും ഉനൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Latest