Connect with us

Editorial

വീണ്ടും കൈകോര്‍ത്ത് മതേതര കേരളം

Published

|

Last Updated

വര്‍ഗീയ ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ മതേതര കേരളത്തിന്റെ ഐക്യം ഒരിക്കല്‍കൂടി പ്രകടമാക്കിയിരിക്കുന്നു നിയമസഭ ഇന്നലെ. ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ കാര്‍മികത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നടപടികള്‍ക്കും സാംസ്‌കാരിക അധിനിവേശത്തിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ ഇന്നലെ ഏകകണ്ഠമായാണ് അംഗീകരിച്ചത്. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജന്‍ഡകളും കോര്‍പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്ന പ്രമേയം, ദ്വീപ് നിവാസികളുടെ സ്വൈര ജീവിതത്തിനും പ്രദേശത്തെ സമാധാനാന്തരീക്ഷത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്നു. തെങ്ങുകളില്‍ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച സാംസ്‌കാരിക അധിനിവേശം ദ്വീപ് ജനതയുടെ ആവാസ വ്യവസ്ഥകളെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞെന്നും പ്രമേയം ചൂണ്ടിക്കാട്ടി. നേരത്തേ പൗരത്വ ബില്ലിനെതിരായ പ്രമേയത്തിലും കൈകോര്‍ത്തിരുന്നു നിയമസഭാ സാമാജികര്‍.

കേന്ദ്രഭരണ പ്രദേശത്ത് നടപ്പാക്കിയ പരിഷ്‌കാരത്തില്‍ പ്രമേയം പാസ്സാക്കാന്‍ കേരളത്തിന് എന്തധികാരമാണുള്ളതെന്നാണ് ഇതുസംബന്ധിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദിക്കുന്നത്. ചരിത്രപരമായ അജ്ഞതയാണ് ഇതിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നത്. മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു 1956 നവംബര്‍ ഒന്ന് വരെ ലക്ഷദ്വീപ.് കേരളത്തിന്റെ ജീവിതക്രമവും സാംസ്‌കാരിക രീതിയുമായി ഏറെക്കുറെ സാമീപ്യമുണ്ട് ദ്വീപ് നിവാസികളുടെ ജീവിത രീതിക്ക്. മലയാളമാണ് അവരുടെ മുഖ്യഭാഷ. ഹൈക്കോടതി ഉള്‍പ്പെടെ പല ഔദ്യോഗിക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് കൊച്ചിയിലാണ്. ചരക്കുകളുടെ പോക്കുവരവ് കൊച്ചി, ബേപ്പൂര്‍ തുറമുഖങ്ങളെ അടിസ്ഥാനപ്പെടുത്തിയുമാണ്. ലക്ഷദ്വീപ് ജനതയുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. അവരെ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ അവസ്ഥയിലേക്കെത്തിക്കുന്ന പരിഷ്‌കരണങ്ങളാണ് ഒന്നിനു പിറകെ ഒന്നായി പ്രഫുല്‍ പട്ടേല്‍ നടപ്പാക്കി വരുന്നത്. ഇതിനെതിരെ ദ്വീപിലും കേരളത്തിലും വന്‍പ്രതിഷേധം ആളിക്കത്തുകയാണ്. പ്രഫുല്‍ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ജനപ്രതിനിധികളും സാമൂഹിക, സാംസ്‌കാരിക നായകന്മാരും കേന്ദ്രത്തിന് സന്ദേശമയച്ചുകൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അതൊന്നും കാണാത്ത ഭാവം നടിക്കുന്നു. ഈ സാഹചര്യത്തില്‍ കേരള നിയമസഭ തങ്ങളുടെ ധാര്‍മിക രാഷ്ട്രീയ ഉത്തരവാദിത്വം നിര്‍വഹിക്കുകയായിരുന്നു പ്രമേയം അംഗീകരിച്ചതിലൂടെ.
ഈ പ്രതിഷേധങ്ങള്‍ക്കിടയിലും പ്രഫുല്‍ പട്ടേല്‍ പുതിയ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ദ്വീപില്‍. ദ്വീപിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തല്‍, നാളികേരം സൂക്ഷിക്കുന്ന ഷെഡുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ്, ട്രീസ് ആക്ട് നടപ്പാക്കാനെന്ന പേരില്‍ ലക്ഷക്കണക്കിനു തെങ്ങുകള്‍ മുറിച്ചു മാറ്റാനുള്ള നീക്കം തുടങ്ങിയവാണ് പുതിയ ജനദ്രോഹ നടപടികള്‍. അഡ്മിനിസ്ട്രേറ്റര്‍ ഏര്‍പ്പെടുത്തിയ പുതിയ യാത്രാനിയന്ത്രണമനുസരിച്ച് എ ഡി എമ്മിന്റെ മുന്‍കൂര്‍ അനുമതിയുള്ളവര്‍ക്ക് മാത്രമേ ഇനി ദ്വീപിലേക്ക് പ്രവേശിക്കാനാകുകയുള്ളൂ. കൊവിഡ് വൈറസിന്റെ വ്യാപനമാണ് സന്ദര്‍ശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു നല്‍കുന്ന ഔദ്യോഗിക വിശദീകരണമെങ്കിലും സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കാന്‍ അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഈ നടപടിയെന്നത് ശ്രദ്ധേയമാണ്. ദ്വീപിലെ ഭരണകൂട ഭീകരത ജനപ്രതിനിധികള്‍ അറിയാതിരിക്കാനായി അവരുടെ യാത്ര തടസ്സപ്പെടുത്തുകയാണ് യാത്രാനിയന്ത്രണത്തിനു പിന്നിലെ താത്പര്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദ്വീപിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ പൂര്‍ണമായി അവര്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സൗഹൃദപരമായ ഭരണമായിരുന്നു ഇക്കാലമത്രയും അഡ്മിനിസ്‌ട്രേറ്റുമാര്‍ നിര്‍വഹിച്ചിരുന്നത്. എന്നാല്‍ പ്രഫുല്‍ പട്ടേല്‍ ഈ അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നു കൊണ്ടിരിക്കുകയാണ്. നിലവില്‍ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം എന്നിങ്ങനെ ദ്വീപിന്റെ ഭാവിയും വികസനവുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന മേഖലകളിലെ ഫണ്ട് വിനിയോഗം ദ്വീപിലെ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. 2012ല്‍ രണ്ടാം യു പി എ സര്‍ക്കാറാണ് ഈ അധികാരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. ഇതിനുമപ്പുറം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കൈമാറണമെന്ന് ലക്ഷദ്വീപിലെ പഞ്ചായത്തുകളെ ശാക്തീകരിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി നിയോഗിക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. 2016ലാണ് എസ് എസ് മീനാക്ഷിസുന്ദരം അധ്യക്ഷനായി പഞ്ചായത്തീരാജ് മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടിന്മേല്‍ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കൂടുതല്‍ അധികാരങ്ങള്‍ വിട്ടുകൊടുക്കേണ്ട സ്ഥാനത്താണ് കേന്ദ്രം ഉള്ള അധികാരങ്ങളും കവര്‍ന്നെടുക്കുന്നത്.
370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ കശ്മീരില്‍ സംഭവിച്ചതു പോലെ ദ്വീപില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കാനുള്ള നീക്കവുമുണ്ടെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസമായി ദ്വീപില്‍ ഇന്റര്‍നെറ്റിന് വേഗത വളരെ കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്റര്‍നെറ്റ് കഫേകള്‍ പ്രവര്‍ത്തിപ്പിക്കാനോ ഓണ്‍ലൈന്‍ സംവിധാനം വഴിയോ ആശ്രയ കേന്ദ്രങ്ങള്‍ വഴിയോ സന്ദേശങ്ങള്‍ അയക്കാനോ സാധിക്കുന്നില്ലെന്ന് ദ്വീപ് നിവാസികള്‍ പരാതിപ്പെടുന്നു. ഇന്ന്മുതല്‍ ദ്വീപില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞത് വിദ്യാഭ്യാസ രംഗത്തും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. അതിനിടെ ജൂണ്‍ ഏഴ് വരെ ഒരാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട് ദ്വീപില്‍. കൊവിഡ് വ്യാപനമാണ് പുറമെ പറയുന്ന കാരണമെങ്കിലും അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാര നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം വന്നത്. മോദിയുടെയും അമിത് ഷായുടെയും ആശീര്‍വാദത്തോടെയാണ് പ്രഫുല്‍ പട്ടേലിന്റെ ഓരോ നീക്കവുമെന്നതിനാല്‍ ദ്വീപ് നിവാസികള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് നീതി പ്രതീക്ഷിക്കാനില്ല. ജുഡീഷ്യറിയാണ് ഇനി ഏക പ്രതീക്ഷ.

Latest