Connect with us

Kozhikode

എസ് വൈ എസ് മൂന്ന് ലക്ഷം ഹരിതമുറ്റം ഒരുക്കുന്നു; ഉദ്ഘാടനം 31ന്

Published

|

Last Updated

എസ് വൈ എസ് വിത്തൊരുമ പരിപാടി ഉദ്ഘാടനം കാസർകോട്ട് മന്ത്രി അഹ്്മദ് ദേവർകോവിൽ കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫിക്ക് തൈ നൽകി നിർവഹിക്കുന്നു

കോഴിക്കോട് | മഴക്കാലത്തിന്റെ തുടക്കത്തിൽ പരിസ്ഥിതി സംരക്ഷണ പാഠവും പ്രയോഗവും ലക്ഷ്യം വെച്ച് എസ് വൈ എസ് സംസ്ഥാന വ്യാപകമായി മൂന്ന് ലക്ഷം ഹരിതമുറ്റം ഒരുക്കുന്നു. പ്രവർത്തകരുടെ വീടും പറമ്പും ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ച് ഹരിതാഭമാക്കുകയും അടുക്കളത്തോട്ടം നിർമിക്കുകയുമാണ് ലക്ഷ്യം.
അടുത്ത മാസം ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 4.30ന് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും.
ഇതോടനുബന്ധിച്ച് നടക്കുന്ന വെബിനാറിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി അധ്യക്ഷത വഹിക്കും. ഡോ. അബ്ദുൽ ഹകീം അസ്ഹരി, എൻ എം സ്വാദിഖ് സഖാഫി. ഡോ. മുസ്തഫ, ചന്ദ്രൻ മാസ്റ്റർ പ്രസംഗിക്കും.

ക്യാമ്പയിനിന്റെ മുന്നോടിയായി പ്രവർത്തകർ പരസ്പരം വിത്തും തൈകളും കൈമാറ്റം ചെയ്യുന്ന വിത്തൊരുമ ജനകീയമായി. വിത്തൊരുമ മന്ത്രി അഹ്്മദ് ദേവർകോവിൽ കാസർകോട്ട് ഉദ്ഘാനം ചെയ്തു. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി തൈ ഏറ്റുവാങ്ങി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽ എ, കാസിം ഇരിക്കൂർ തുടങ്ങിയവർ സംബന്ധിച്ചു.

അടുത്ത മാസം ഒന്നിന് മണ്ണിലിറങ്ങാം എന്ന പേരിൽ കൃഷിയാരംഭം കുറിക്കും. സംസ്ഥാന കമ്മിറ്റി നൽകുന്ന വീഡിയോ സന്ദേശം വഴി ഓരോ വീട്ടിലും ലളിതമായ രീതിയിൽ കൃഷി ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകും.

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ നമുക്കൊരു മരം നാളേക്കൊരു ഫലം എന്ന പേരിൽ ഫലവൃക്ഷം സ്വന്തം പറമ്പിൽ നട്ടുപിടിപ്പിക്കും. ജൂൺ ഏഴ് വരെ കുടുംബ സമേതം വിവിധതരം തൈകൾ നടുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവൃത്തികളിൽ പങ്കാളികളാകും. കൊവിഡ് പ്രതിസന്ധിയുടെ അതിജീവനമായി വ്യാപകമായി അടുക്കളത്തോട്ടമൊരുക്കും. ജൈവ വളം ഉണ്ടാക്കുന്നതിനുള്ള സംവിധാനം മഴ വെള്ളം ശേഖരിക്കൽ, കിണർ റീചാർജിംഗ് തുടങ്ങിയ പദ്ധതികളും നടക്കും.
ഹരിതമുറ്റം പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയ മൂന്ന് യൂനിറ്റുകൾക്ക് സംസ്ഥാന തലത്തിൽ അവാർഡ് നൽകും.