Connect with us

Malappuram

പുതുതാരമായി 'ക്ലബ് ഹൗസ്'; പാട്ടും പറച്ചിലുമായി മലയാളികളും

Published

|

Last Updated

മലപ്പുറം | അഭിപ്രായ സ്വാതന്ത്ര്യവും സാമൂഹിക മാധ്യമ നിയന്ത്രണവും ഏറെ ചർച്ച ചെയ്യപ്പെടുമ്പോൾ ലോക്ക്ഡൗണിൽ സാമൂഹിക മാധ്യമങ്ങളിലെ പുതുതാരമായി “ക്ലബ് ഹൗസ്”. മറ്റ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി ശബ്ദ സന്ദേശം മാത്രം അയക്കാൻ കഴിയുന്ന ആപ്പ് കുറഞ്ഞ ദിവസങ്ങൾക്കകമാണ് മലയാളികൾക്കിടയിലും വൻ ഹിറ്റായി മാറിയിരിക്കുന്നത്.

ആൾഫാ എക്‌സ്‌പ്ലെറേഷൻ കമ്പനിക്ക് വേണ്ടി പോൾ ഡേവിസനും റോഹൻ സേത്തും നിർമിച്ച ഈ ആപ്പ് 2020 മാർച്ചിലാണ് ആദ്യമായി പുറത്തിറക്കിയത്. ഐ ഫോണുകളിൽ മാത്രം ലഭ്യമായിരുന്ന ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ വെർഷൻ ഈ മാസം 21ന് പുറത്തിറക്കിയതോടെയാണ് കൂടുതൽ പേർ ഇതിലേക്ക് ആകർഷിക്കപ്പെട്ടത്. ഈ വർഷം അവസാനത്തോടെ ആപ്പിന്റെ ഫുൾ വെർഷൻ പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. 10 മില്ല്യനിലധികം ഡൗൺലോഡ് രേഖപ്പെടുത്തിയ ആപ്പിന്റെ റേറ്റിംഗ് നിലവിൽ 4.4 ആണ്.
അക്കൗണ്ടുള്ള ആരുടെയെങ്കിലും ക്ഷണം ലഭിക്കുകയോ അല്ലെങ്കിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നാൽ നിലവിൽ അക്കൗണ്ടുള്ള സുഹൃത്തുക്കൾ ആഡ് ചെയ്‌തോ മാത്രമാണ് പ്രവേശനം. ഒരാൾക്ക് അഞ്ച് ഇൻവിറ്റേഷനാണുള്ളത്.

സൗഹൃദ സദസ്സുകളിലെ സംസാരത്തിന്റെ ഡിജിറ്റൽ പതിപ്പെന്ന് വിശേഷിപ്പിക്കുന്ന ആപ്പിൽ വിവിധ വിഷയങ്ങളിലുള്ള “റൂമു”കളിലൂടെയാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്. 5,000 വരെയാണ് റൂമിന്റെ അംഗബലം. ഓപൺ റൂമിൽ ആർക്കും കയറാമെങ്കിലും ക്ലോസ്ഡ് റൂമുകളിൽ അനുവാദം ലഭിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഫലസ്തീനിലെ ഇസ്‌റാഈൽ ആക്രമണവും ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ കിരാത നടപടികളും ക്ലബ് ഹൗസിലെ വിവിധ റൂമുകളിൽ വലിയ ചർച്ചയായിരുന്നു. ഇതിനകം തന്നെ വിവിധ സംഘടനകൾ തങ്ങളുടെ അക്കൗണ്ടുകൾ ക്ലബ് ഹൗസുകളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

ആരുടെയെങ്കിലും ഇൻവിറ്റേഷനില്ലാതെ പ്രവേശനമില്ലാത്തതിനാൽ ഫേക്ക് ഐഡികൾ ഒരു പരിധി വരെ തടയാനാകുമെന്നാണ് കരുതപ്പെടുന്നത്.
മാത്രമല്ല ആരാണ് ഇൻവൈറ്റ് ചെയ്തതെന്ന് കാണിക്കുമെന്നതിനാൽ ആളുകളെ തിരിച്ചറിയാനും പെട്ടെന്ന് കഴിയും. പൊതുവേ മറ്റ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലവാരമുള്ള ചർച്ചകൾ വിഷയാധിഷ്ഠിതമായി നടക്കുന്നുവെന്നതാണ് ആപ്പ് പെട്ടെന്ന് ജനപ്രിയമാകാനുള്ള മറ്റൊരു കാരണം.

അതേസമയം, ഫുൾ വെർഷൻ ഇറക്കുന്നതോടെ
എന്തൊക്കെ പുതിയ ഫീച്ചറുകളാണ് കമ്പനി നൽകുകയെന്നതും സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ നിയമങ്ങൾ ക്ലബ് ഹൗസിനെ എങ്ങനെ ബാധിക്കുമെന്നതും വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണേണ്ടതാണ്.

Latest