Connect with us

Editorial

മുസ്‌ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കരുത്

Published

|

Last Updated

ദൗർഭാഗ്യകരമാണ് സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി. 80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെയും ക്ഷേമപദ്ധതികൾ മുന്നോട്ടുപോയിരുന്നത്. ഇതു നിയമവിരുദ്ധമാണെന്നും ജനസംഖ്യാനുപാതികമായാണ് ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികൾ വിതരണം ചെയ്യേണ്ടതെന്നുമാണ് ഒരു പൊതുതാത്പര്യ ഹരജി പരിഗണിച്ചു ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ വിധി. ഇതു സംബന്ധിച്ചു പുതിയ ഉത്തരവ് ഇറക്കാൻ സംസ്ഥാന സർക്കാറിനോട് നിർദേശിക്കുകയും ചെയ്തു. കോടതി വിധി നടപ്പായാൽ നിലവിൽ മുസ്‌ലിം സമൂദായത്തിനു ലഭിക്കുന്ന 80 ശതമാനം വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ 58.67 ശതമാനമായി ചുരുങ്ങും.

മുസ്‌ലിം പിന്നാക്കാവസ്ഥ സംബന്ധിച്ച സച്ചാർ കമ്മിറ്റി കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി 2008 ഫെബ്രുവരി 21ന് നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയതാണ് കോടതിയുടെ പരിഗണനക്കു വന്ന ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികൾ. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിൽ 57 ശതമാനവും മുസ്്ലിംകളാണെങ്കിലും ന്യൂനപക്ഷ/പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളുടെ 22 ശതമാനം മാത്രമേ മുസ്്ലിം സമുദായത്തിന് ലഭിക്കുന്നുള്ളൂവെന്നും ജനസംഖ്യാനുപാതികമായി 24.6 ശതമാനം വരുന്ന കേരളീയ മുസ്്ലിംകളുടെ സർക്കാർ സർവീസിലെ പ്രാതിനിധ്യം 10.4 ശതമാനം മാത്രമാണെന്നും സച്ചാർ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പാലോളി കമ്മിറ്റിയും എടുത്തു പറയുന്നുണ്ട് സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ഉന്നത ഉദ്യോഗങ്ങളിൽ മുസ്്ലിംകളുടെ പ്രാതിനിധ്യക്കുറവ്. ഇത് പരിഹരിക്കാൻ കോച്ചിംഗ് സെന്ററുകൾ തുടങ്ങണമെന്നും പാലോളി കമ്മിറ്റി നിർദേശിച്ചു. ഇതടിസ്ഥാനത്തിൽ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അവർക്ക് മാത്രമായാണ് തുടക്കത്തിൽ പദ്ധതി ആവിഷ്‌കരിച്ചത്. പാലോളി റിപ്പോർട്ട് അവസാനിപ്പിക്കുന്നതു തന്നെ “ഞങ്ങളുടെ കണ്ടെത്തലുകളും ശിപാർശകളും കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ സമുദായമായ മുസ്്ലിംകൾക്ക് അനുകൂലമായ മാറ്റമുണ്ടാക്കുമെന്നു പ്രത്യാശിക്കുന്നു” എന്ന പരാമർശത്തോടെയാണ്. ചില മുസ്‌ലിമേതര ന്യൂനപക്ഷങ്ങൾ പറയുന്നതു പോലെ ഇതൊരു ന്യൂനപക്ഷ ക്ഷേമപദ്ധതിയല്ല, നൂറ് ശതമാനം മുസ്‌ലിംകളെ ലക്ഷ്യമാക്കി നടപ്പാക്കിയതാണെന്ന് ഇതിൽ നിന്നു വ്യക്തമാകും.
കേരളത്തിൽ ന്യൂനപക്ഷവകുപ്പ് രൂപവത്കരിച്ചത് തന്നെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപവത്കരിച്ചു കൊണ്ടുള്ള 2011 ജനുവരി ഒന്നിലെ ഉത്തരവിൽ (GO(p)NO 2/2011/ GAD) “സച്ചാർ കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ കണ്ടെത്തലുകൾ നടപ്പാക്കുന്നതിനായി കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപവത്കരിക്കുന്നു” വെന്നു വ്യക്തമായി പറയുന്നുണ്ട്. ഈ വകുപ്പിനു കീഴിൽ കോച്ചിംഗ് സെന്ററുകൾ സ്ഥാപിച്ചതും മുസ്‌ലിംകൾക്കു മാത്രമായാണ്.
“കോച്ചിംഗ് സെന്റർ ഫോർ മുസ്‌ലിം യൂത്ത്” എന്നായിരുന്നു തുടക്കത്തിൽ സെന്ററുകളുടെ പേര്. കഴിഞ്ഞ പിണറായി സർക്കാറാണ് ചിലരുടെ സമ്മർദ ഫലമായി “കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി” എന്നാക്കി മാറ്റിയത്. ഈ പേരുമാറ്റമാണ് 80: 20 റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധിക്കു നിദാനമായതെന്നാണ് ആരോപണം.

അതേസമയം പാലോളി കമ്മിറ്റി ശിപാർശ പ്രകാരം മുസ്‌ലിം സമുദായത്തിനു ലഭിച്ച അർഹമായ ആനുകൂല്യങ്ങൾ അട്ടിമറിക്കാനുളള നീക്കം അതിനു മുമ്പേ തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷ വകുപ്പ് രൂപവത്കരിച്ചു ഏറെ താമസിയാതെ വകുപ്പിന് കീഴിൽ നൽകുന്ന ആനുകൂല്യങ്ങളിൽ 20 ശതമാനം ലത്തീൻ ക്രിസ്ത്യാനികൾക്കും പരിവർത്തിത ക്രിസ്ത്യാനികൾക്കും കൂടി ബാധകമാക്കിയതാണ് അട്ടിമറിയുടെ തുടക്കം. അന്നത് ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലിം മന്ത്രിമാരുടെ വിശാലമനസ്‌കതയായി വാഴ്ത്തപ്പെട്ടു. ബ്യൂറോക്രസിയിലെ ക്രിസ്തീയ ലോബിയാണ് ഇതിനു ചരടുവലി നടത്തിയത്. അറബിക് സർവകലാശാലക്കു ഉടക്കു വെച്ചതും ഇതേ ലോബിയായിരുന്നുവല്ലോ. മുസ്‌ലിം കോച്ചിംഗ് സെന്ററുകളിലെ 20 ശതമാനം ഔദാര്യം ക്രിസ്ത്യൻ വിഭാഗത്തിൽ ചിലർ അവകാശമാക്കി മാറ്റുകയും പിന്നീട് അതിന്റെ പിന്നാലെ നിരന്തരം സമ്മർദ തന്ത്രവും നിയമയുദ്ധവുമായി നടക്കുകയുമായിരുന്നു.

ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതിന് ആരും എതിരല്ല. അർഹതപ്പെട്ടതെങ്കിൽ മുസ്‌ലിം സമുദായം അതിനെ സ്വാഗതം ചെയ്യും. അതു പക്ഷേ മുസ്‌ലിംകളുടെ അർഹതപ്പെട്ട അവകാശം കവർന്നു കൊണ്ടാകരുത്. സച്ചാർ കമ്മിറ്റിയുടെ നീണ്ട കാലത്തെ പഠനത്തിലൂടെയും പാലോളി കമ്മിറ്റിയുടെ തുടർ പഠനത്തിലൂടെയും കണ്ടെത്തിയ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയ പദ്ധതികൾ വീതിച്ചു നൽകി തന്നെ വേണോ ഇതര സമുദായങ്ങൾക്ക് നൽകാൻ? ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ സർക്കാർ കോശി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച് അവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാവുന്നതാണ്. തുല്യനീതിയാണ് ഹൈക്കോടതി വിധിപ്രസ്താവത്തിനു ഉപോത്ബലമായി ചൂണ്ടിക്കാട്ടുന്നത്.
തുല്യത അളക്കേണ്ടത് ജനസംഖ്യാനുപാതികമായി മാത്രമല്ല, ഓരോ സമുദായത്തിന്റെയും സാമൂഹികാവസ്ഥ കൂടി പരിഗണിച്ചായിരിക്കണം. ഇതടിസ്ഥാനത്തിലാണ് സർക്കാറുകൾ കമ്മീഷനുകളെ വെച്ചു പഠനം നടത്തുന്നത്. ആ റിപ്പോർട്ടുകളായിരിക്കണം വിദ്യാഭ്യസ, തൊഴിൽ രംഗത്തെ സംവരണത്തിനും മറ്റ് പ്രത്യേക ആനുകൂല്യങ്ങൾക്കും നിദാനം.

ഇതടിസ്ഥാനത്തിൽ പാലോളി റിപ്പോർട്ട് അനുസരിച്ചുള്ള മുഴുവൻ ആനുകൂല്യവും പൂർണമായി മുസ്‌ലിംകൾക്കു മാത്രം അവകാശപ്പെട്ടതാണ്. അതവർക്ക് തന്നെ ലഭ്യമാക്കാനാണ് സർക്കാറിന്റെയും കോടതിയുടെയും ഭാഗത്തു നിന്നു നടപടികളുണ്ടാകേണ്ടത്. ഏതെങ്കിലും വിഭാഗത്തിന്റെ സമ്മർദവും മുറവിളിയും തെറ്റായ അവകാശവാദങ്ങളും അടിസ്ഥാനമാക്കിയാകരുത്.