Connect with us

Kerala

പത്തനംതിട്ടയിൽ മിനിട്ടുകളുടെ ഇടവേളയില്‍ ഒരാളിൽ രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവെച്ചു

Published

|

Last Updated

പത്തനംതിട്ട | ആദ്യഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ വ്യക്തിക്ക് മിനുട്ടുകളുടെ ഇടവേളയില്‍ രണ്ട് തവണ മരുന്ന് കുത്തിവെച്ചു. വെച്ചൂച്ചിറ അച്ചടിപ്പാറ കുന്നം നിരവത്ത് വീട്ടില്‍ എന്‍ കെ വിജയനാണ് മിനുട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തത്. വെച്ചൂച്ചിറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വെച്ചൂച്ചിറ പഞ്ചായത്ത് 15ാം വാര്‍ഡില്‍ അച്ചടിപ്പാറയില്‍ നടന്ന കൊവിഡ് 19 വാക്‌സിനേഷന്‍ ക്യാംപിലായിരുന്നു സംഭവം.

ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ശേഷം നിരീക്ഷണ കേന്ദ്രത്തില്‍ വിശ്രമിക്കുകയായിരുന്ന വിജയനെ രണ്ടാമതൊരു നേഴ്‌സ് എത്തി കുത്തിവെയ്ക്കുകയായിരുന്നു. താന്‍ കുത്തിവയ്പ് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുന്നതിന് മുമ്പ് നേഴ്‌സ് കുത്തി വച്ചു കഴിഞ്ഞുവെന്നാണ് വിജയന്‍ പറയുന്നത്. രണ്ടു കുത്തിവയ്പും കഴിഞ്ഞതോടെ പ്രമേഹ രോഗിയായ വിജയന്റെ മുഖത്ത് നീരു വന്നതായി ബന്ധുക്കള്‍ പറയുന്നു. അബദ്ധം മനസിലാക്കിയ നേഴ്‌സ് താന്‍ കുത്തിവച്ച ഭാഗത്തെ മരുന്ന് ഞെക്കിക്കളഞ്ഞുവെന്ന് വിജയനോട് പറഞ്ഞുവത്രേ.

വിവിധ രോഗങ്ങള്‍ ഉള്ളയാള്‍ക്ക് രണ്ടു ഡോസ് മരുന്ന് കുത്തിവച്ചത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു. തെറ്റ് ആരുടെ ഭാഗത്താണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. കണ്ണിന് തിമിരത്തിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്നയാളാണ് വിജയന്‍. ഇതു സംബന്ധിച്ച് ഡി എം ഒ വിശദമായ റിപോര്‍ട്ട് തേടി. ആര്‍ സി എച്ച് ഓഫീസര്‍ സന്തോഷിനാണ് അന്വേഷണ ചുമതല. കുത്തിവയ്പ് നടക്കുന്നതിനിടയില്‍ നേഴ്‌സുമാര്‍ മാറിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുത്തിവച്ച മരുന്ന എടുത്തു കളഞ്ഞുവെന്നും മറ്റ് പ്രശ്‌നമൊന്നുമില്ലെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം.

---- facebook comment plugin here -----

Latest