Connect with us

Socialist

ഹൈക്കോടതി വിധിയും 80:20 അനുപാതവും; പിന്നെ കുറേ ഗീർവാണങ്ങളും

Published

|

Last Updated

പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള അനുപാതം പിന്നാക്കക്കാരായ മുസ്ലിങ്ങള്‍ക്ക് 80%വും ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരായ ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിതര്‍ക്കും 20% വും എന്ന തോതില്‍ നിശ്ചയിച്ച് വിഎസ് സര്‍ക്കാരിന്റെ അവസാന കാലത്ത് 22.2.2011 ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തതായി മനസ്സിലാകുന്നത്.
മേല്‍ ഉത്തരവ് പ്രകാരം തന്നെയാണ് തുടര്‍ന്ന് വന്ന UDF സര്‍ക്കാരും മുസ്ലിം ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അനുകൂല്യങ്ങള്‍ നല്‍കിയതും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചതും. 100% മുസ്ലിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതില്‍ നിന്ന് 20% ക്രൈസ്തവരിലെ പിന്നോക്കക്കാര്‍ക്ക് നല്‍കിയതാണ് ഇപ്പോഴത്തെ കോടതി വിധിക്ക് കാരണമെന്ന് പറയുന്ന മുസ്ലിംലീഗ് ശുദ്ധ വങ്കത്തമാണ് വിളമ്പുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അവരുടെ മറ്റൊരു വാദം ന്യൂനപക്ഷ വകുപ്പല്ല മുസ്ലിം പിന്നോക്ക വകുപ്പാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രൂപീകരിക്കേണ്ടത് എന്നാണ്. ഇത്തരമൊരു വാദം ലീഗിനുണ്ടെങ്കില്‍ 2011 – 2016 കാലത്ത് അഞ്ചാം മന്ത്രിപദമടക്കം കോണ്‍ഗ്രസ്സിന്റെ കഴുത്തില്‍ കത്തിവെച്ച് വാങ്ങിയിട്ടും ഒരു മുസ്ലിം പിന്നോക്ക വകുപ്പ് ഉണ്ടാക്കാന്‍ ലീഗ് എന്തേ മുതിര്‍ന്നില്ല? ലീഗെപ്പോഴും അങ്ങിനെയാണ്. വണ്ടി പോയേ ടിക്കറ്റ് എടുക്കൂ. പ്ലാറ്റ് ഫോമില്‍ നില്‍ക്കാന്‍ അത് കൊണ്ട് കഴിഞ്ഞേക്കും. ലക്ഷ്യസ്ഥാനത്ത് എത്താനാവില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? ലീഗിന്റെ ഈ കാപട്യം സമുദായം തിരിച്ചറിയാന്‍ ഒട്ടും അമാന്തിക്കരുത്.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് “കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത്” എന്ന PSC കോച്ചിംഗ് സെന്ററിന്റെ പേര് “കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്” എന്നാക്കി മാറ്റിയതാണ് പുതിയ കോടതി വിധിക്ക് കാരണമെന്ന് പറയുന്ന ലീഗ് – വെല്‍ഫെയര്‍ – സുഡാപ്പികളുടെ വാദം കുരുടന്‍മാര്‍ ആനയെ തൊട്ട് അഭിപ്രായം പറഞ്ഞത് പോലെയാണ്. ഞാന്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരിക്കെയാണ് അത്തരമൊരു പേരുമാറ്റം ഉണ്ടായത്. മുസ്ലിങ്ങളല്ലാത്ത ഇതര ന്യൂനപക്ഷ പിന്നോക്കവിഭാഗക്കാരും അവിടെ പഠിക്കുന്നു എന്നുള്ളത് കൊണ്ടാണ് അങ്ങിനെയൊരു പേരുമാറ്റത്തിന് വ്യക്തിപരമായി ഞാന്‍ തന്നെ മുന്‍കയ്യെടുത്ത് തീരുമാനിച്ചത്. പ്രസ്തുത കോച്ചിംഗ് സെന്ററുകള്‍ മുസ്ലിങ്ങള്‍ക്ക് മാത്രമാണെന്ന തെറ്റിദ്ധാരണയില്‍ അര്‍ഹരായ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നോക്കക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയാതെ പേകുന്നത് ഒഴിവാക്കാനും അവര്‍ക്ക് അവകാശപ്പെട്ട 20% ക്വാട്ടയില്‍ ചേരാന്‍ അത്തരം വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അവസരം ഇല്ലാതാകുന്നത് തടയാനുമായിരുന്നു അങ്ങിനെയൊരു തീരുമാനമെടുത്തത്. കോടതി വിധിക്ക് ആധാരം മുസ്ലിമിന് പകരം ന്യൂനപക്ഷ എന്നാക്കി പരിശീലന കേന്ദ്രത്തിന്റെ പേരുമാറ്റിയതാണെങ്കില്‍ CH മുഹമ്മദ് കോയ കോളര്‍ഷിപ്പിനും, മദര്‍തരേസ സ്‌കോളര്‍ഷിപ്പിനും പ്രൊഫ: മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിനും ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിക്കും സേട്ടു സാഹിബ് ഉര്‍ദു സ്‌കോളര്‍ഷിപ്പിനും എപിജെ അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്പിനും ഹൈക്കോടതി വിടുതല്‍ നല്‍കുമായിരുന്നില്ലേ? ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ് ഇത്തരം അടിസ്ഥാന രഹിതമായ വാദങ്ങള്‍. UDF കാലത്ത് 80:20 അനുപാതത്തില്‍ മിണ്ടാതിരിക്കുകയും LDF ഭരണത്തിന്റെ അവസാന സമയത്ത് സര്‍ക്കാരിനെതിരെ മുസ്ലീം ക്രൈസ്തവ വിഭാഗങ്ങളെ തിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും ചില ഇടതുപക്ഷ വിരുദ്ധ ക്രൈസ്തവ സംഘടകളുടെയും അധികാരക്കൊതി മൂത്ത കൗശലം ആരും കാണാതെ പോകരുത്.

ഹൈന്ദവ സമുദായത്തിലെ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ഈഴവര്‍ക്കും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും നല്‍കുന്ന ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും പങ്കുവെച്ച് കിട്ടണമെന്ന് പറഞ്ഞ് ഹൈന്ദവരിലെ മുന്നോക്ക ജാതിക്കാര്‍ കോടതിയെ സമീപിച്ചാല്‍ ജനസംഖ്യാനുപാതികമായി അവയെല്ലാം പകുത്തു നല്‍കണമെന്ന് ഏതെങ്കിലും കോടതി വിധിക്കുമോ? ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ നല്‍കപ്പെടുന്ന ആനുകൂല്യങ്ങള്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്നതില്‍ അപേക്ഷകരിലെ യോഗ്യത മാത്രമാണ് മാനദണ്ഡമാക്കിയിട്ടുള്ളത്. എന്നാല്‍ ന്യൂനപക്ഷങ്ങളും അതേസമയം പിന്നോക്കക്കാരുമായവര്‍ക്ക് അവകാശപ്പെട്ടത് അതിനര്‍ഹരല്ലാത്ത ന്യൂനപക്ഷങ്ങളിലെ മുന്നോക്കക്കാര്‍ക്ക് വീതിച്ചു നല്‍കണമെന്ന അഭിപ്രായം ഒരു നിലക്കും ന്യായീകരിക്കാവതല്ല. പറ്റിയ പിശകുകള്‍ ബന്ധപ്പെട്ടവര്‍ തിരുത്തുമെന്നാണ് എന്റെ വിശ്വാസം. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദം തകര്‍ക്കാന്‍ ഒരു തീപ്പൊരിക്ക് കഴിഞ്ഞേക്കും. എന്നാല്‍ അത് സൃഷ്ടിക്കുന്ന തീ കുണ്ഡത്തില്‍ എരിഞ്ഞമരുന്നവരെ രക്ഷിക്കാന്‍ സമുദ്രങ്ങളിലെ മുഴുവന്‍ വെള്ളം കോരിയൊഴിച്ചാലും ഒരുപക്ഷേ സാധിച്ചുകൊള്ളണമെന്നില്ല.