Connect with us

Kerala

80:20 റദ്ദാക്കിയത് സാമൂഹിക നീതിയുടെ ലംഘനം: എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട് |  ന്യൂനപക്ഷ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടി അനുചിതവും, സാമൂഹിക നീതിയുടെ ലംഘനവുമാണെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സ്വാദിഖ്. ന്യൂനപക്ഷ ക്ഷേമ പദ്ധതിയുടെ യഥാര്‍ഥ പശ്ചാത്തലവും, ലക്ഷ്യവും മനസ്സിലാക്കാതെയാണ് കോടതി വിധി. ഈ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവുകയും, വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യണം.

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ നടത്തുകയും, ചില ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ പശ്ചാ ത്തലത്തില്‍ ഈ ശിപാര്‍ശകള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ പാലൊളി കമ്മിറ്റി രൂപീകരിക്കുന്നത്. ആസമിതിയുടെ നിര്‍ദേശപ്രകാരമാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ന്യൂനപക്ഷ ക്ഷേമം എന്നതിനേക്കാള്‍ മുസ്ലിം ക്ഷേമം എന്ന നാമകരണമാണ് ആപദ്ധതിക്ക് യഥാര്‍ഥത്തില്‍ അനുയോജ്യം. കാരണം തീര്‍ത്തും മുസ്ലിംകളെ സംബന്ധിച്ച വിഷയത്തിലെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ടാണ് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നത്. അതിന് ന്യൂനപക്ഷ ക്ഷേമം എന്ന പേര് വന്നതോടെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന ധ്വനി വന്നു. നൂറു ശതമാനവും മുസ്ലിംകള്‍ക്കവകാശപ്പെട്ട ഈ ആനുകൂല്യങ്ങള്‍ 2015ലെ യു ഡി എഫ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 20 ശതമാനം മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് കൂടി അനുവദിച്ച് കൊടുത്തു. ( അനീതിയായിട്ടും മുസ്ലിം സമൂഹം ഇതിനെതിരെ ഒട്ടും അസഹിഷ്ണുത കാണിച്ചില്ല)

എന്നിട്ടും, മൊത്തം ന്യൂനപക്ഷങ്ങള്‍ക്കു മുള്ള ക്ഷേമ പദ്ധതികളുടെ 80 ശതമാനവും മുസ് ലിംകള്‍ തട്ടിയെടുക്കുന്നു എന്ന വ്യാജ പ്രചാരണം കേരളത്തില്‍ നടക്കുകയാണുണ്ടായത്. ഇപ്പോള്‍ ഈ പ്രചാരണത്തിന് സാധൂകരണം നല്‍കും വിധത്തിലാണ് കോടതി വിധി വന്നിട്ടുള്ളത്. യഥാര്‍ഥ വസ്തുതകള്‍ സര്‍ക്കാര്‍ തന്നെ കോടതിയെ ബോധ്യപ്പെടുത്തിയാല്‍ തീര്‍ച്ചയായും ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

ജനസംഖ്യാനുപാതികമായി ക്ഷേമ പദ്ധതികള്‍ വീതം വെക്കണമെന്ന വിധിയും അംഗീകരിക്കാവുന്നതല്ല. എല്ലാ സര്‍ക്കാര്‍ സംവിധാനത്തിലേക്കും ഇത് ബാധകമാക്കുകയാണെങ്കില്‍ ഈ വിധിക്ക് നീ തീകരണമുണ്ടായിരുന്നു. ഓരോ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്നാക്കാവസ്ഥ പഠിച്ച് ആവശ്യമെങ്കില്‍ അതാത് വിഭാഗങ്ങള്‍ക്കായി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗം സമര്‍പ്പിച്ച് അതിനനുസരിച്ച് ക്രിസ്ത്യാനികളെ പരിഗണിക്കുക. മുസ് ലിംകള്‍ക്ക് കിട്ടേണ്ട ആനുകൂല്യം, അവകാശം മുഴുവനായി അവര്‍ക്ക് തന്നെ നല്‍കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.