Connect with us

National

മെഹുല്‍ ചോക്‌സിയെ ഇന്ത്യക്ക് കൈമാറണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി

Published

|

Last Updated

ആന്റിഗ്വ | സഹസ്ര കോടികളുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്‌സിയെ ഇന്ത്യക്ക് കൈമാറണമെന്ന് ആന്റിഗ്വ ബര്‍ബുഡ പ്രധാനമന്ത്രി ഗസ്റ്റണ്‍ ബ്രോണ്‍ അയല്‍ രാജ്യമായ ഡൊമിനിക്കയോട് ആവശ്യപ്പെട്ടു. കേസിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് രാജ്യം വിട്ട മെഹുല്‍ ചോക്‌സി ആന്റിഗ്വയില്‍ പൗരത്വം സ്വീകരിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.

ചോക്‌സിയെ വിട്ടുകിട്ടാന്‍ സിബിഐ സംഘം ആന്റിഗ്വ സര്‍ക്കാറുമായി ബന്ധപ്പെടുന്നതിനിടെ ഇയാള്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതിനായി ബോട്ടില്‍ ഡൊമിനിക്കയില്‍ എത്തിയ ചോക്‌സിയെ അവിടത്തെ പോലീസ് പിടികൂടുകയായിരുന്നു. ഇന്റര്‍പോളിന്റെ യെല്ലോ നോട്ടീസ് പ്രകാരമായിരുന്നു അറസ്റ്റ്. ചോക്‌സിയെ ആന്റിഗ്വക്ക് കൈമാറാന്‍ ഡൊമിനിക്ക ഒരുങ്ങുന്നതിനിടെയാണ് നേരിട്ട് ഇന്ത്യക്ക് കൈമാറാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചത്.

2017ല്‍ ആന്റിഗ്വയില്‍ പൗരത്വമെടുത്ത ചോക്‌സി 2018 മുതല്‍ അവിടെ ഒളിവില്‍ കഴിയുകയായിരുന്നു. പൗരത്വമുള്ളതിനാല്‍ ആന്റിഗ്വയില്‍ അയാള്‍ക്ക് കിട്ടിയിരുന്ന പരിരക്ഷ ഡൊമിനിക്കയില്‍ ലഭിക്കില്ലെന്ന് ഗസ്റ്റണ്‍ ബ്രോണിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡൊമിനിക്കക്ക് ചോക്‌സിയെ നേരിട്ട് ഇന്ത്യക്ക് കൈമാറുന്നത് എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

13,500 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് കേസില്‍ പിടികിട്ടാപുള്ളിയാണ് ചോക്‌സി. ഇതിനിടെ ഞായറാച്ച ഇയാളെ കാണാതായതായി വാര്‍ത്ത പ്രചരിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം ഉര്‍ജിതമാക്കിയപ്പോപാണ് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമം പരാജയപ്പെട്ടത്.

Latest