Connect with us

National

വിരമിക്കാന്‍ ആറ് മാസത്തില്‍ കുറഞ്ഞ കാലയളവുള്ളവരെ സി ബി ഐ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കരുത്: ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡല്‍ഹി | സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ആറ് മാസത്തില്‍ കുറഞ്ഞ കാലം മാത്രം അവശേഷിക്കുന്നവരെ സി ബി ഐ, പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സുപ്രീം കോടതി മുമ്പ് നടത്തിയ വിധിന്യായം പരാമര്‍ശിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. സി ബി ഐയുടെ പുതിയ തലവനെ തിരഞ്ഞെടുക്കാന്‍ ഇന്നലെ വൈകീട്ട് പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. സെലക്ഷന്‍ പാനല്‍ നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാനല്‍ അംഗവും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി നിര്‍ദേശത്തെ അനുകൂലിച്ചു. ഇതോടെ നിര്‍ദേശത്തിന് മൂന്നംഗ പാനലിന്റെ ഭൂരിപക്ഷ പിന്തുണ ലഭിച്ചു. ഇതുപ്രകാരം ജൂലൈ 31ന് വിരമിക്കുന്ന അതിര്‍ത്തി സുരക്ഷാ സേനാ മോധാവി രാകേഷ് അസ്താന, മെയ് 31ന് വിരമിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി തലവന്‍ വൈ സി മോദി എന്നിവര്‍ക്ക് സി ബി ഐ മേധാവി സ്ഥാനത്തേക്കുള്ള പട്ടികയില്‍ നിന്ന് അയോഗ്യരാക്കപ്പെടും. സര്‍ക്കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്ന പ്രധാന ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.

മൂന്ന് പേരുകളാണ് ഒന്നര മണിക്കൂറോളം നീണ്ട യോഗത്തില്‍ ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും മുന്നോട്ട് വച്ചത്. മഹാരാഷ്ട്ര മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ ജയ്‌സ്വാള്‍, സശസ്ത്ര സീമാ ബല്‍ ഡയറക്ടര്‍ ജനറല്‍ കെ ആര്‍ ചന്ദ്ര, ആഭ്യന്തര മന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറി വി എസ് കെ കൗമുദി എന്നിവരാണ് ഇവര്‍. ഇതില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുബോധ് കുമാറിന്റെ പേരാണ് മുന്‍നിരയിലുള്ളത്.

പതിവില്‍ നിന്ന് വ്യത്യസ്തമായി നാല് മാസം താമസിച്ചാണ് സി ബി ഐ തലവനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ചേര്‍ന്നത്. പ്രധാന മന്ത്രിയുടെ വസതിയിലായിരുന്നു യോഗം. ഏറ്റവും മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍മാരുടെ നാല് ബാച്ചുകളില്‍ നിന്ന് സീനിയോറിറ്റി, സ്വഭാവ ദാര്‍ഢ്യം, അഴിമതി കേസുകള്‍ കൈകാര്യം ചെയ്തതിലുള്ള അനുഭവ സമ്പത്ത് എന്നിവ പരിഗണിച്ചായിരിക്കണം സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കേണ്ടതെന്നാണ് നിയമം അനുശാസിക്കുന്നത്.

Latest