Connect with us

Socialist

നേരിനൊപ്പം ദ്വീപുകാർക്കൊപ്പം

Published

|

Last Updated

ഇന്ത്യയിലെ ഗോത്രവർഗ്ഗങ്ങളുടെ പാരമ്പര്യങ്ങളും ജീവിത രീതികളും സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഭരണഘടനാപരമായി പ്രതിജ്ഞാബദ്ധരാണ്. ഒരു പക്ഷെ രാജ്യത്ത് ഗോത്രവർഗ്ഗമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഏക മുസ്ലിം സമൂഹം ലക്ഷദ്വീപുകാരാകും. മത സ്വത്വത്തിനപ്പുറം അവർക്ക് അവരുടേതായ ഒട്ടനവധി സാംസ്കാരിക സവിശേഷതകളുമുണ്ട്. ദ്വീപിൽ ജനിച്ചവർക്കു മാത്രമേ അവിടെ മൽസരിക്കാനും ജനപ്രതിനിധികളാകാനും സാധിക്കൂ. ഷെഡ്യൂൾഡ് ട്രൈബിൻ്റെ എല്ലാ അവകാശങ്ങൾക്കും അവർ അർഹരാണ്. ഏക സിവിൽകോഡ് നടപ്പിലാക്കാനുള്ള ആലോചനകൾക്ക് എപ്പോഴും തടസ്സമായി ഉന്നയിക്കപ്പെടാറ് വിവിധ മതസ്ഥരുടെ വ്യക്തിനിയമങ്ങൾക്കുമപ്പുറം വ്യത്യസ്ത ഗോത്ര വർഗ്ഗങ്ങളുടെ വൈവിധ്യമാർന്ന ആചാര സമ്പ്രദായങ്ങളാണ്.
ഭാരതത്തിലെ എല്ലാ ഗോത്ര സമൂഹങ്ങളുടെയും തനത് പരമ്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ ലക്ഷദ്വീപിൽ മാത്രം അതിനു വിരുദ്ധമായ സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. കാശ്മീരിൻ്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളയുന്നതിന് കാശ്മീരിയുടെ മതം പ്രശ്നമായത് പോലെ ദ്വീപുകാരുടെ മതം തന്നെയാണ് അവർക്കെതിരായ സാംസ്കാരികാധിനിവേശത്തിൻ്റെ അടിസ്ഥാന കാരണമെന്ന് ഗ്രഹിക്കാൻ വലിയ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ല.
മദ്യ ഷോപ്പുകൾ വേണ്ടെന്ന് ദ്വീപുകാർ തീരുമാനിച്ചത് വിശ്വാസത്തിൻ്റെ ഭാഗം എന്നതിനേക്കാൾ അവരുടെ ഗോത്രവർഗ്ഗ ജീവിത രീതിയുടെ അവിഭാജ്യ ഘടകമെന്ന നിലയിൽ കൂടിയാണ്. ടൂറിസം പ്രമോഷൻ്റെ പേരിൽ മദ്യശാലകൾ ആരാധനാലയങ്ങളുടെ നിശ്ചിത ദൂരം ലംഘിച്ച് സ്ഥാപിക്കണമെന്ന് പറഞ്ഞാൽ എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം. ഇക്കാലമത്രയും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ ലക്ഷദ്വീപിലെത്തിയത് മദ്യം അവിടെ ലഭ്യമല്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ്. മദ്യം കിട്ടില്ല എന്നതുകൊണ്ട് ആരും ഇതുവരെ ലക്ഷദ്വീപിലേക്ക് പോകുന്നതിന് വിമുഖത കാണിച്ചതായി കേട്ടിട്ടില്ല. ബീഫ് തീൻമേശയിൽ ഉണ്ടാവില്ല എന്നുള്ളതിനാൽ ഗുജറാത്തിലേക്ക് നിക്ഷേപകരും ടൂറിസ്റ്റുകളും വരാതിരുന്നിട്ടില്ലല്ലോ?
മാംസാഹാരം വിശിഷ്യാ ബീഫ് ആഹാരപ്പട്ടികയിൽ മുഖ്യമായി കാണുന്ന ഒരു ഗോത്ര വർഗ്ഗ സമൂഹത്തോട് ഇനിമേലിൽ അതുപയോഗിക്കരുത് എന്നു പറയാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി സമീപ കാലത്ത് നിയമിതനായ പ്രഫുൽ ഖോഡക്ക് എന്തവകാശമാണുള്ളത്? ഗോമാംസമാണ് ബീഫ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്നാണ് മഹാഭൂരിഭാഗം ജനങ്ങളും കരുതുന്നത്. ബീഫിൻ്റെ പരിതിയിൽ വ്യാപകമായി വരുന്നത് കാളയും പോത്തുമാണ്. ഗോമാംസം അതിലെ ഒരു ഇനം മാത്രമാണ്. പൊതുവിൽ കേരളീയരെപ്പോലെ ഗോമാംസത്തോട് താൽപര്യമില്ലാത്തവരാണ് ലക്ഷദ്വീപു നിവാസികൾ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. മലയാളികളെപ്പോലെ തന്നെ കാളയിറച്ചിയും പോത്തിറച്ചിയും ഭക്ഷിക്കുന്നതിൽ തൽപ്പരരായ ദ്വീപ് നിവാസികൾക്ക് അത് നിഷേധിക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നടപടി ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്.
മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ലക്ഷദ്വീപുകാർക്ക് ദ്വീപ് വിട്ടാൽ മറ്റൊരു വീടു തന്നെയാണ് കേരളം. പ്രത്യേകിച്ച് കൊച്ചിയും ബേപ്പൂരും. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദ്വീപിലെ കുട്ടികൾക്ക് സംവരണം പോലും ഏർപ്പെടുത്തിയത് അക്കാരണം കൊണ്ട് തന്നെയാണ്. വൈദ്യ ചികിൽസക്കായി ദ്വീപ് നിവാസികൾ വരുന്നത് കൊച്ചിയിലാണ്. ദ്വീപിലേക്കുള്ള ചരക്കു കയറ്റുമതി ബേപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നുമാണ്. യാത്രാകപ്പലുകളും ഇവിടങ്ങളിൽ നിന്നുണ്ട്. അവരുടെ ഹൈക്കോടതിയാകട്ടെ കേരള ഹൈക്കോടതിയാണ്. ഭാഷാപരവും സാംസ്കാരികവുമായ സാമ്യതകളാണ് സ്വാതന്ത്ര്യാനന്തര കാലം മുതൽക്കേ ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നതിൻ്റെ അടിസ്ഥാനം.
ഇവക്കെല്ലാം വിരാമമാകുന്നു എന്ന വാർത്ത സത്യമാണെങ്കിൽ അചിന്തനീയമാണ്. ബേപ്പൂരിൻ്റെയും കൊച്ചിയുടെയും സ്ഥാനം മംഗലാപുരത്തിന് പതിച്ച് നൽകാനുള്ള നീക്കം തീർത്തും ദുരുദ്ദേശപരമാണ്. ലക്ഷദ്വീപുകാർക്ക് അന്യമായ ഭാഷയോടും സംസ്കാരത്തോടും അവർക്കിണങ്ങിച്ചേരാൻ കഴിയില്ല. സമാധാന കാംക്ഷികളും നിഷ്കളങ്കരുമായ ദ്വീപു നിവാസികളുടെ ഗോത്രസംസ്കാര പാരമ്പര്യങ്ങളിൽ വെള്ളം ചേർത്ത് അവരെ അവരല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. നിരന്തരമായ സംഘർഷങ്ങളും ഏറ്റുമുട്ടലുകളുമാണ് കാശ്മീരിനു മേൽ കൈവെക്കാൻ പ്രേരിപ്പിച്ചതെന്ന മോദി സർക്കാറിൻ്റെ ന്യായവാദം അർത്ഥശൂന്യമാണെന്ന് വ്യക്തമാക്കുന്നതാണ് ദ്വീപുകാർക്കെതിരെയുള്ള ഗൂഢ നീക്കം. ലക്ഷദ്വീപ് നിവാസികൾ ശാന്തരും സൗമ്യശീലരുമാണ്. ജയിലുകളില്ലാത്ത ഒരു കേന്ദ്രഭരണ പ്രദേശം കൂടിയാണ് ലക്ഷദ്വീപ്. എത്ര ശാന്ത പ്രകൃതക്കാരനാണെങ്കിലും മുസ്ലിങ്ങളാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ കേന്ദ്ര സർക്കാരിൻ്റെ “ഇടിവണ്ടി” അവരുടെയും വീട്ടു പടിക്കലെത്തും എന്ന സന്ദേശം കൂടിയാണ് പ്രഫുൽ ഖോഡ പട്ടേലിൻ്റെ നീക്കം നൽകുന്ന സൂചന. ടൂറിസത്തിൻ്റെ പേരിൽ നടത്തുന്ന ഈ പരിഷ്കാരങ്ങൾ നിക്കോബാർ ദ്വീപുകളിൽ നടപ്പാക്കാൻ കേന്ദ്രം തയ്യാറാകാത്തതിൻ്റെ കാരണവും മറ്റൊന്നല്ല. കരിനിയമങ്ങൾക്കെതിരായി പ്രതികരിക്കുന്നവരെ ഭീകരവിരുദ്ധ നിയമം ചുമത്തി ജയിലിലടക്കുമെന്ന ഭീഷണി ലക്ഷദ്വീപെന്ന ശാന്തി തീരത്തെ അശാന്തിയുടെ തുരുത്താക്കി മാറ്റാൻ ലക്ഷ്യം വെച്ചു തന്നെയാണ്.
സാമുദായിക ചേരിതിരിവ് സൃഷ്ടിച്ചല്ല ദ്വീപിനെതിരായ ഫാസിസ്റ്റ് നീക്കത്തെ ചെറുക്കേണ്ടത്. മതേതര പ്ലാറ്റ്ഫോമിൽ നിന്നു കൊണ്ടുള്ള ബുദ്ധിപൂർവ്വമായ പ്രതികരണങ്ങളാണ് കരണീയം. ഒരു ഗോത്രവർഗ്ഗ സമൂഹത്തിൻ്റെ അസ്തിത്വം തകർത്ത് ഇല്ലാതാക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ചെറുക്കപ്പെടണം. മതനിരപേക്ഷ പാർട്ടികളുടെ അതീവ ശ്രദ്ധ ഇക്കാര്യങ്ങളിൽ ഉണ്ടാവണം. അവരത് ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെങ്കിൽ തീവ്രവാദ നിലപാടുള്ളവരും സാമുദായിക സംഘടനകളും വിഷയം ഏറ്റെടുക്കുന്ന സ്ഥിതി സംജാതമാകും. ബിജെപിയും കേന്ദ്ര സർക്കാരും ആഗ്രഹിക്കുന്നതും അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞ് വരണമെന്നുള്ളതാണ്. ആ കെണിയിൽ വീണുപോകാതെ നോക്കാൻ ന്യൂനപക്ഷ വിഭാഗങ്ങൾ വിശിഷ്യാ മുസ്ലിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. മുത്തലാഖ്, കാശ്മീർ, പൗരത്വ ഭേദഗതി എന്നീ വിഷയങ്ങളിൽ സ്വീകരിച്ച അഴകൊഴമ്പൻ നിലപാടു തന്നെയാണ് ഇക്കാര്യത്തിലും കോൺഗ്രസ് കൈക്കൊള്ളുന്നത്. കണ്ട് പഠിക്കാത്ത അവർ കൊണ്ടിട്ടും പഠിക്കുന്നില്ല എന്നു വേണം കരുതാൻ. പതിവുപോലെ സി.പി.എം ഉൾപ്പടെയുള്ള ഇടതുപക്ഷ കക്ഷികൾ ശക്തമായ നിലപാടാണ് ദ്വീപിന് മേലുള്ള കടന്നുകയറ്റത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. കൂരിരുട്ടിലും പ്രകാശ നാളമായാണ് ഇത് ബന്ധപ്പെട്ടവർക്ക് അനുഭവപ്പെടുക. ചോദിക്കാനും പറയാനും ആളുകളുണ്ടെന്ന ബോധം ലക്ഷദ്വീപുകാർക്കും ന്യൂനപക്ഷങ്ങൾക്കും നൽകുന്ന ആത്മ വിശ്വാസം അളവറ്റതാകും. തീർച്ച

Latest